എന്റെ പ്രിയരേ, ഇന്നത്തെ വാഗ്ദത്ത വചനം കൊലൊസ്സ്യർ 3:23-ൽ നിന്നുള്ളതാണ്: "നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ." നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കാനും തന്റെ ഉദ്ദേശ്യം നിറവേറ്റാൻ നിങ്ങളെ സഹായിക്കാനും കർത്താവ് ആഗ്രഹിക്കുന്നു. ഒരുപക്ഷേ നിങ്ങൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുകയും നിങ്ങളുടെ സമയവും ശക്തിയും ഊർജ്ജവുമെല്ലാം അതിനായി സമർപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ പ്രതീക്ഷിച്ച ഫലങ്ങൾ നിങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ടാകില്ല. നിരാശപ്പെടരുത്. കർത്താവ് നിങ്ങളുടെ പരിശ്രമങ്ങൾ കാണുകയും നിങ്ങളുടെ ഹൃദയങ്ങളെ അറിയുകയും ചെയ്യുന്നു. തന്റെ തക്ക സമയത്ത് നിങ്ങളുടെ വിശ്വസ്ത സേവനത്തിന് അവൻ പ്രതിഫലം നൽകുകയും അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള കൃപ നിങ്ങൾക്ക് നൽകുകയും ചെയ്യും.

നിങ്ങൾ എന്തു ചെയ്താലും, ജനങ്ങളുടെ അംഗീകാരത്തിനുപകരം കർത്താവിനുവേണ്ടി ചെയ്യുക. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയോ ബിസിനസ്സ് നടത്തുകയോ നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയോ ശുശ്രൂഷയിൽ സേവനമനുഷ്ഠിക്കുകയോ ചെയ്യുകയാണെങ്കിലും എല്ലാ ജോലികളും പൂർണ്ണഹൃദയത്തോടെ ചെയ്യുക. നിങ്ങളുടെ സമയവും ശക്തിയും കഴിവുകളും ദൈവമഹത്വത്തിനായിട്ടാണ്  ഉപയോഗിക്കുന്നതെന്ന് ഓർക്കുക. നിങ്ങൾ അവന് വേണ്ടി ചെയ്യുമ്പോൾ ഏറ്റവും ചെറിയ ജോലി പോലും അർത്ഥവത്തായിത്തീരുന്നു. നിങ്ങളുടെ കുടുംബത്തിലും ജോലിയിലും തീരുമാനങ്ങളിലും കർത്താവിന് പ്രഥമസ്ഥാനം നൽകുക. യേശു പറഞ്ഞു, "മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." നിങ്ങൾ ദൈവത്തിന് പ്രഥമസ്ഥാനം നൽകുമ്പോൾ, അവൻ നിങ്ങളെ നയിക്കുമെന്നും നിങ്ങൾക്ക് ആവശ്യമുള്ളവ നൽകുമെന്നും വിശ്വസിക്കുക.

ഞാൻ ഒരു സംഭവം പങ്കുവയ്ക്കട്ടെ. ഒരിക്കൽ, പ്രായമായ, പരിചയസമ്പന്നനായ ശുശ്രൂഷകനും ശുശ്രൂഷാ രംഗത്തേക്ക് പുതുതായി കടന്നുവന്ന ഒരു യുവാവും ഒരു ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു. പ്രായമായ പാസ്റ്റർ തൻ്റെ ചുറ്റുമുള്ളവരുമായി തമാശ പറഞ്ഞും സന്തോഷത്തോടെ സംസാരിച്ചും സമയം ചെലവഴിച്ചു. അതേസമയം, യുവാവായ ശുശ്രൂഷകൻ അടുത്തുതന്നെ ഇരുന്ന് ഒരു നോട്ട്ബുക്കിൽ എന്തോ എഴുതുകയും, ഇടയ്ക്കിടെ വേദപുസ്തകം പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അൽപനേരം അവനെ നോക്കികൊണ്ടിരുന്ന പ്രായമായ പാസ്റ്റർ ചോദിച്ചു, "ചെറുപ്പക്കാരാ, നീ എന്താണ് ചെയ്യുന്നത്?" യുവശുശ്രൂഷകൻ  മറുപടി പറഞ്ഞു, "നാളെ ഞായറാഴ്ചയാണ്, എനിക്ക് പ്രസംഗിക്കേണ്ടതുണ്ട്. പ്രാർത്ഥനയിൽ കർത്താവിനെ അന്വേഷിച്ചുകൊണ്ട് ഞാൻ ദൈവവചനം തയ്യാറാക്കുകയാണ്. ഞാൻ അവന്റെ വചനം സംസാരിക്കുകയും അവന്റെ ജീവൻ ജനങ്ങളിലേക്ക് എത്തിക്കുകയും വേണം, അല്ലേ?" പ്രായമായ പാസ്റ്റർ ചിരിച്ചുകൊണ്ട് പറഞ്ഞു, "നീ വളരെയധികം തയ്യാറെടുക്കുകയാണ്! നീ എഴുതുന്നതെല്ലാം പിശാച് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നീ പ്രസംഗിക്കുമ്പോൾ നീ എന്താണ് പറയാൻ പോകുന്നതെന്ന് അവൻ അറിയും. എന്നെ നോക്കൂ! ഞാൻ സന്തോഷവാനാണ്. ഞാൻ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ, ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് കർത്താവിനു പോലും അറിയില്ല!

എന്റെ പ്രിയരേ, ദൈവത്തിന്റെ പ്രവൃത്തിയെ ഒരിക്കലും അശ്രദ്ധമായി സമീപിക്കുകയോ നമ്മുടെ കഴിവുകളെ മാത്രം ആശ്രയിക്കുകയോ ചെയ്യരുതെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. ആത്മാർഥമായി കർത്താവിനെ സേവിക്കുന്നവർ അവന്റെ മാർഗനിർദേശം തേടുകയും അവന്റെ ജ്ഞാനത്തിൽ ആശ്രയിക്കുകയും ചെയ്യുന്നു. സ്വന്തം ഇഷ്ടങ്ങൾ നിറവേറ്റുന്നതിനേക്കാൾ, ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനാൽ, നമുക്ക് എല്ലാ ഉത്തരവാദിത്തങ്ങളും പ്രാർത്ഥനയോടും വിശ്വസ്തതയോടും കൂടി നിർവഹിക്കാം. എല്ലായ്പ്പോഴും അവനെ മഹത്വപ്പെടുത്താൻ നമുക്ക് ശ്രമിക്കാം. വേദപുസ്തകത്തിലെ നോഹയെക്കുറിച്ച് ചിന്തിച്ചുനോക്കൂ. ഭൂമിയിൽ തിന്മ വർദ്ധിച്ചപ്പോൾ, വരാനിരിക്കുന്ന ജലപ്രളയത്തിൽനിന്ന് തന്റെ കുടുംബത്തെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഒരു പെട്ടകം നിർമ്മിക്കാൻ ദൈവം അവനോട് നിർദ്ദേശിച്ചു. അതിന്റെ നിർമ്മാണത്തെക്കുറിച്ച് കർത്താവ് അവന് പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും മൃഗങ്ങളെയും പക്ഷികളെയും അതിലേക്ക് കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു. നോഹ ദൈവത്തിന്റെ കൽപ്പനകൾ അവഗണിക്കുകയോ സ്വന്തം ആശയങ്ങൾ പിന്തുടരുകയോ ചെയ്തില്ല. കർത്താവ് തന്നോട് കൽപിച്ചതുപോലെ അവൻ എല്ലാം ചെയ്തു. പെട്ടകം തയ്യാറായപ്പോൾ, നോഹ തന്റെ കുടുംബത്തോടൊപ്പം അതിൽ പ്രവേശിക്കാൻ ഒരുങ്ങി. അപ്പോൾ കർത്താവ് മൃഗങ്ങളെയും പക്ഷികളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. എല്ലാ ജീവജാലങ്ങളെയും തേടിപ്പിടിച്ച് സ്വന്തം ശക്തികൊണ്ട് പെട്ടകത്തിനുള്ളിൽ എത്തിക്കേണ്ടിവന്നില്ല. അവന്റെ കഴിവിന് അതീതമായ കാര്യങ്ങൾ ദൈവം തന്നെ സാധിപ്പിച്ചുകൊടുത്തു.

എത്ര മഹത്തായ പാഠമാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്! കർത്താവ് നമ്മെ ഒരു ഉത്തരവാദിത്തം ഏൽപ്പിക്കുമ്പോൾ, നാം നമ്മുടെ ഭാഗം വിശ്വസ്തതയോടെ ചെയ്യുകയും ഫലം അവന്റെ കരങ്ങളിലേക്ക് വിട്ടുകൊടുക്കുകയും വേണം. പ്രതീക്ഷിച്ച ഫലങ്ങൾ കാണാതെ നിങ്ങളുടെ കുടുംബത്തിലോ ബിസിനസ്സിലോ ജോലിസ്ഥലത്തോ ശുശ്രൂഷയിലോ നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടോ? നിരാശപ്പെടരുത്. എല്ലാ ദിവസവും രാവിലെ കർത്താവിനെ അന്വേഷിക്കുക, അവന്റെ വചനത്തെ ധ്യാനിക്കുക, അവന്റെ മാർഗനിർദേശം പിന്തുടരുക. നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി ഉത്സാഹത്തോടും സത്യസന്ധതയോടും കൂടി പൂർത്തിയാക്കുക. തന്റെ തക്ക സമയത്ത്, തന്റെ ഉദ്ദേശ്യം നിറവേറ്റാൻ നിങ്ങൾക്ക് ആവശ്യമായ ശരിയായ ആളുകളും അവസരങ്ങളും വിഭവങ്ങളും പിന്തുണയും നൽകാൻ അവന് കഴിയും. സൃഷ്ടികളെ നോഹയുടെ അടുത്തേക്ക് കൊണ്ടുവന്നതുപോലെ, നിങ്ങൾക്ക് ആവശ്യമുള്ളത് നൽകാൻ കർത്താവിന് കഴിയും. എന്നിരുന്നാലും, നിങ്ങൾ സങ്കൽപ്പിക്കുന്നതുപോലെ എല്ലാം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനുപകരം അവന്റെ സമയക്രമത്തിലും ജ്ഞാനത്തിലും ആശ്രയിക്കുക. അവന്റെ വചനം അനുസരിക്കുകയും ഫലങ്ങൾ അവന്റെ കൈകളിലേക്ക്  ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. ജലപ്രളയം വന്നപ്പോൾ കർത്താവ് നോഹയെ ഓർക്കുകയും അവനെയും കുടുംബത്തെയും പെട്ടകത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്തുവെന്ന് വേദപുസ്തകം പറയുന്നു. അതുപോലെ, സങ്കീർത്തനം 115:12–14-ൽ, കർത്താവ് നമ്മെ ഓർക്കുകയും നമ്മെയും നമ്മുടെ മക്കളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് അരുളിച്ചെയ്യുന്നു. ജലപ്രളയത്തിനുശേഷം ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിക്കുകയും സന്താനപുഷ്ടിയുള്ളവരായി പെരുകണമെന്ന് കൽപിക്കുകയും ചെയ്തു. അവരുടെ സന്തതികൾ വർധിക്കുകയും ഭൂമിയിലുടനീളം വ്യാപിക്കുകയും ചെയ്തു.

അതിനാൽ, ധൈര്യമായിരിക്കുക! നിങ്ങളുടെ ശ്രമങ്ങൾ ഇതുവരെ നിങ്ങൾ പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ പിന്മാറരുത്. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കർത്താവിന് ഒന്നാം സ്ഥാനം നൽകിക്കൊണ്ട്, പൂർണ്ണഹൃദയത്തോടെ അവനെ സേവിക്കുന്നത് തുടരുക. നോഹയെപ്പോലെ, നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും നിങ്ങൾക്ക് ആവശ്യമുള്ളത് നൽകാൻ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യുക. അവൻ നിങ്ങളുടെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും നിങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ തീരുമാനങ്ങളെ നയിക്കുകയും അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കുകയും ചെയ്യട്ടെ. നിങ്ങളുടെ വിശ്വസ്ത സേവനത്തെ അവൻ മാനിക്കുകയും അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള കൃപ നിങ്ങൾക്ക് നൽകുകയും ചെയ്യട്ടെ. ആമേൻ.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ മഹത്വത്തിനായി സകലവും പൂർണ്ണഹൃദയത്തോടെ ചെയ്യാൻ എന്നെ സഹായിക്കണമേ. ഭക്തിയോടും സമർപ്പണത്തോടും വിശ്വസ്തതയോടും കൂടി അങ്ങയുടെ ഹിതം നിറവേറ്റാനുള്ള കൃപ എനിക്ക് നൽകണമേ. എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും എന്റെ കുടുംബത്തിലും ശുശ്രൂഷയിലും ബിസിനസ്സിലും വിശ്വസ്തതയോടെ അങ്ങയെ സേവിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. നോഹയെ അങ്ങ് ഓർത്തതുപോലെ, എന്നെയും എന്റെ മക്കളെയും അങ്ങ് ഓർക്കണമേ. ഞങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങളും വിഭവങ്ങളും അവസരങ്ങളും കൃപകളും അങ്ങയുടെ ഉചിതമായ സമയത്ത് ഞങ്ങളിലേക്ക് വരട്ടെ. ഞങ്ങളുടെ ശാരീരികവും ആത്മീയവും സാമ്പത്തികവുമായ ആവശ്യങ്ങൾ നിറവേറ്റുകയും ഞങ്ങളുടെ ശക്തിയെ പുനഃസ്ഥാപിക്കുകയും ഞങ്ങൾക്ക് ബഹുമാനവും സമാധാനവും നൽകുകയും ചെയ്യണമേ. മുമ്പെ അങ്ങയുടെ രാജ്യം അന്വേഷിക്കാനും അങ്ങയുടെ വചനമനുസരിച്ച് ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.