എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം യോവേൽ 2:25 ധ്യാനിക്കുകയാണ്, “വെട്ടുക്കിളി തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.” വെട്ടുക്കിളികളെക്കുറിച്ച് നാം ചിന്തിക്കുമ്പോൾ, അവ എന്താണ് ചെയ്യുന്നത്? വിളകൾ, തണ്ടുകൾ, മരത്തൊലി, പൂക്കൾ തുടങ്ങി യാതൊന്നും അവശേഷിപ്പിക്കാതെ എല്ലാം നശിപ്പിക്കുന്നു. അവ വിനാശകരവും ശമനമില്ലാത്തവയുമാണ്. അതുപോലെ, നിങ്ങളുടെ ജീവിതത്തിലെ എല്ലാം അവ തിന്നുതീർക്കുന്നതായി നിങ്ങൾക്ക് തോന്നിയേക്കാം. ഒരു പ്രശ്നം മാത്രമല്ല, പല പ്രശ്നങ്ങൾ. നിങ്ങളുടെ സാമ്പത്തികം, ആരോഗ്യം, ജോലി, കുടുംബ സമാധാനം, എല്ലാം ഒറ്റയടിക്ക് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടാകാം. ഓരോ വാതിലും അടഞ്ഞതായും ആസ്വദിക്കാൻ ഒന്നും അവശേഷിക്കുന്നില്ലെന്നും തോന്നുന്നുണ്ടാകാം.

എന്നാൽ, എന്റെ പ്രിയ സുഹൃത്തേ, ദൈവം നിങ്ങളുടെ കഥ അവസാനിപ്പിച്ചിട്ടില്ല. കൊണ്ടുപോയിട്ടുള്ളതെല്ലാം പകരം നൽകുമെന്ന് അവൻ പറയുന്നു. "എന്തുകൊണ്ട് പുനഃസ്ഥാപിക്കുകയും പകരം നൽകാതിരിക്കുകയും ചെയ്യുന്നു?" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. കാരണം, ദൈവം വീണ്ടെടുക്കുമ്പോൾ, നഷ്ടപ്പെട്ടതിൻറെ ഇരട്ടി നൽകുന്നു. തൻറെ കുടുംബം, ആരോഗ്യം, സമ്പത്ത്, അന്തസ്സ് എന്നിവയെല്ലാം നഷ്ടപ്പെട്ട ഇയ്യോബിന് ചാരമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല. എന്നിരുന്നാലും, അവൻ ദൈവത്തെ മുറുകെ പിടിക്കുകയും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്തതിനാൽ, അവന് മുമ്പുണ്ടായിരുന്നതിനേക്കാൾ ഇരട്ടി നൽകി ദൈവം അവനെ പുനഃസ്ഥാപിച്ചു. അവന്റെ അവസാന നാളുകൾ അവന്റെ തുടക്കത്തേക്കാൾ വളരെ വലുതായിരുന്നു. ദൈവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പുനഃസ്ഥാപനവും അതാകുന്നു.

അതുകൊണ്ട് ഇപ്പോൾ നിരാശപ്പെടരുത്. പാഴായിപ്പോയെന്ന് നിങ്ങൾക്ക് തോന്നിയ വർഷങ്ങളെല്ലാം, നഷ്ടപ്പെട്ട സമാധാനമെല്ലാം, നഷ്ടപ്പെട്ട ബഹുമാനമെല്ലാം, തകർന്ന പ്രത്യാശയുമെല്ലാം ദൈവം നിങ്ങൾക്ക് ഇരട്ടിയായി പകരം നല്കും. അവൻ തകർന്ന ഭാഗങ്ങളെ നന്നാക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തെ നന്മയാൽ നിറയ്ക്കുകയും ചെയ്യും. ഇപ്പോൾതന്നെ കർത്താവിനെ മുറുകെപ്പിടിക്കുക. അവൻ നിങ്ങൾക്ക് പിൻതുണയുണ്ടെന്ന് വിശ്വസിക്കുക. അവൻ നിങ്ങളെ ഉയർത്തുകയും നിങ്ങൾക്ക് വിജയം നൽകുകയും വെട്ടുക്കിളികൾ ഭക്ഷിച്ച വർഷങ്ങൾ നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങ് എനിക്ക് എല്ലാം ഇരട്ടിയായി തിരികെ നൽകുമെന്ന അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങയുടെ കാരുണ്യത്തിനായി ഞാൻ അങ്ങയെ സ്തുതിക്കുന്നു. നഷ്ടങ്ങളുടെ ഒരു കാലഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്നുണ്ടെങ്കിലും, എന്റെ സഹായം വരുന്ന അങ്ങിലേക്ക് കണ്ണുകൾ ഉയർത്താൻ ഞാൻ തീരുമാനിക്കുകയും യോവേൽ 2:25 ലെ അങ്ങയുടെ വാഗ്‌ദത്തത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. അങ്ങ് വീണ്ടെടുക്കുന്ന ദൈവമാണ്, പകരം നൽകുക മാത്രമല്ല, ഇരട്ടിയായി പകരം നൽകുകയും ചെയ്യുന്നു. കർത്താവേ, എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും അങ്ങയെ ഒരിക്കലും കൈവിടാതിരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. ഇന്ന് ഞാൻ അങ്ങയുടെ പുനഃസ്ഥാപനവും രോഗശാന്തിയും അത്ഭുതവും സ്വീകരിക്കുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.