എന്റെ വിലയേറിയ ദൈവമക്കളേ, ഈ പരിപാടിയിലേക്ക് നിങ്ങളെല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. കർത്താവ് നിങ്ങളോരോരുത്തരോടും സംസാരിക്കുകയും നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യട്ടെ. ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 122:7-ൽ നിന്നുള്ളതാണ്: "നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ." ഈ വചനപ്രകാരം, ദൈവവചനം കേൾക്കുന്ന എല്ലാവർക്കും സകലബുദ്ധിയേയും കവിയുന്ന സമാധാനം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഈ സമാധാനം നൽകുന്നതിനായി കർത്താവായ യേശു, ക്രൂശിൽ തന്റെ ജീവൻ നൽകി. നമ്മുടെ അതിക്രമങ്ങൾ നിമിത്തം കർത്താവായ യേശു മരണത്തിന്നു ഏല്പിച്ചുകൊടുക്കപ്പെടുകയും, നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുകയും ചെയ്തു എന്ന് റോമർ 4:25 പറയുന്നു.
യോഹന്നാൻ 4-ാം അധ്യായത്തിൽ, ഒരു ശമര്യസ്ത്രീയെക്കുറിച്ച് നാം വായിക്കുന്നു. അവൾ വെള്ളം കോരാൻ വന്നപ്പോൾ യേശുവും അവിടെ ഇരിപ്പുണ്ടായിരുന്നു. പാപപൂർണ്ണമായ ജീവിതമാണ് അവൾ നയിച്ചിരുന്നത്; എന്നാൽ കർത്താവായ യേശുക്രിസ്തുവിൽ നിന്ന് ദൈവവചനം കേട്ടപ്പോൾ, അത് അവളെ പൂർണ്ണമായും ശുദ്ധീകരിച്ചു. അവൾ ദൈവപൈതലും കരുണയുടെ പാത്രവുമായിത്തീർന്നു. റോമർ 9:23 ഇക്കാര്യം നമുക്ക് വിശദീകരിച്ചുതരുന്നു.
1 തെസ്സലൊനീക്യർ 5:23 വായിച്ചാൽ അത് ഇപ്രകാരം പറയുന്നു, "സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ." കർത്താവ് നമ്മുടെ ജീവിതത്തെ എങ്ങനെയാണ് മാറ്റുന്നതെന്ന് കാണുക. നമുക്ക് എബ്രായർ 13:20-21 വായിക്കാം: "നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‍വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ." അതെ, എന്റെ സുഹൃത്തുക്കളേ, കർത്താവിന്റെ അടുത്തേക്ക് വരിക. അവൻ സമാധാനത്തിന്റെ ദൈവമാണ്. ഈ ദിവ്യ സമാധാനം നൽകണമേ എന്ന് നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ മക്കൾക്ക് അങ്ങ് നൽകുന്ന അത്ഭുതകരമായ സമാധാനത്തിന് ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും" എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ആകയാൽ പിതാവേ, അങ്ങയുടെ ദിവ്യ സമാധാനം കൊണ്ട് ഞങ്ങളെ നിറയ്ക്കണമെന്ന് ഞങ്ങൾ ഇന്ന് അങ്ങയോട് അപേക്ഷിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളെയും ഭവനങ്ങളെയും അങ്ങയുടെ സമാധാനം കൊണ്ട് നിറയ്ക്കണമേ. ഞങ്ങളെ പൂർണ്ണമായി ശുദ്ധീകരിക്കുകയും ഞങ്ങളുടെ ആത്മാവിനെയും പ്രാണനെയും ശരീരത്തെയും അങ്ങയുടെ മുമ്പിൽ കുറ്റമറ്റവയായി കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. ഈ ലോകത്തിന്റെ എല്ലാ ഉത്കണ്ഠകളും ഭയവും ആകുലതകളും നീക്കണമേ. എല്ലാ പാപമാർഗങ്ങളിൽനിന്നും ഞങ്ങളെ ശുദ്ധീകരിക്കുകയും അങ്ങയുടെ കരുണാപാത്രങ്ങളാക്കുകയും ചെയ്യണമേ. അങ്ങേയ്ക്ക് പ്രസാദകരമായവ ഞങ്ങളിൽ പ്രവർത്തിക്കുകയും എല്ലാ സൽപ്രവൃത്തികളിലും ഞങ്ങളെ പരിപൂർണ്ണരാക്കുകയും ചെയ്യണമേ. അങ്ങയുടെ സമാധാനം ഞങ്ങളുടെ ജീവിതത്തിലും ഭവനങ്ങളിലും വാഴുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


