പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നാം മനോഹരമായ ഒരു വാഗ്‌ദത്ത വചനത്തെ ധ്യാനിക്കാൻ പോകുന്നു, "യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും." (സങ്കീർത്തനം 138:8). മുമ്പത്തെ വാക്യത്തിൽ ദാവീദ് പറയുന്നു, "ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും." ദുഷ്കരമായ സാഹചര്യങ്ങളിൽ പോലും അവൻ ദൈവത്തിന്റെ സംരക്ഷണത്തിലും വിശ്വസ്തതയിലും വിശ്വസിച്ചു. നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് ഉത്കണ്ഠ തോന്നിയേക്കാം, പക്ഷേ ദൈവം നമുക്ക് ഉറപ്പ് നൽകുന്നു, "എൻ്റെ കുഞ്ഞേ, എൻ്റെ കൃപ നിനക്ക് മതി." എല്ലാ പരീക്ഷണഘട്ടങ്ങളിലും അവന്റെ കൃപ നമ്മെ താങ്ങിനിർത്തും.

തന്റെ കഷ്ടതകളുടെ നടുവിൽ ഇയ്യോബ് ഇപ്രകാരം പ്രഖ്യാപിച്ചു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു" (ഇയ്യോബ് 42:2). എത്രയേറെ കഷ്ടതകളും ദുരിതങ്ങളും നേരിടേണ്ടിവന്നിട്ടും ദൈവത്തിന്റെ പരമാധികാര ശക്തിയിൽ ഇയ്യോബിന് അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നു. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും എന്ന് വേദപുസ്തകം പറയുന്നു. നമുക്ക് സ്വന്തമായി പദ്ധതികൾ  ഉണ്ടായിരിക്കാമെങ്കിലും, നമുക്ക് ഏറ്റവും നല്ലത് എന്താണെന്ന് ദൈവത്തിനറിയാം. തന്റെ പരിപൂർണ്ണമായ ഉദ്ദേശ്യത്തിനനുസരിച്ച് അവൻ പ്രവർത്തിക്കുന്നു. നമ്മെ നശിപ്പിക്കാനോ ദൈവത്തിൽ നിന്ന് നമ്മെ വേർപെടുത്താനോ പിശാച് ദുഷിച്ച പദ്ധതികൾ ആവിഷ്കരിച്ചേക്കാം. ആളുകൾ നമുക്കെതിരെ ഗൂഢാലോചന നടത്തിയേക്കാം, പക്ഷേ അവരുടെ പദ്ധതികൾക്ക് കർത്താവിന്റെ ഉദ്ദേശ്യങ്ങളെ മറികടക്കാൻ കഴിയില്ല.

സങ്കീർത്തനം 21:11 ഇപ്രകാരം പറയുന്നു, "അവർ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു." എന്നാൽ അവർക്ക് വിജയിക്കാനാവില്ല. "നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേൽ തൊടുക്കും" എന്ന് ഇനിപ്പറയുന്ന വാക്യം പ്രഖ്യാപിക്കുന്നു. നമ്മുടെ ശത്രുക്കൾ നമുക്കെതിരെ ഉയർന്നുവന്നേക്കാമെങ്കിലും ദൈവത്തിന് അവരുടെ പദ്ധതികൾ ചിതറിക്കാൻ കഴിയും. എല്ലാ യുദ്ധങ്ങളും നാം നമ്മുടെ സ്വന്തം ശക്തിയിൽ പോരാടേണ്ടതില്ല, കാരണം അവന് നമുക്ക് വേണ്ടി ഇടപെടാൻ കഴിയും. പ്രശ്നങ്ങൾ നിങ്ങളെ ചുറ്റിവരുമ്പോൾ, പ്രത്യാശയോടെ തുടരുന്നത് ബുദ്ധിമുട്ടായിരിക്കാം. എങ്കിലും, വിശ്വാസത്തോടെ ഇപ്രകാരം പ്രഖ്യാപിക്കുക: "എന്റെ കർത്താവ് എനിക്കുവേണ്ടി സമാപ്തിവരുത്തും." നിങ്ങളുടെ ചുവടുകളെ നയിക്കാനും നിങ്ങളുടെ ജീവിതത്തിൽ അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാനും അവനിൽ വിശ്വസിക്കുക.

ഒരുപക്ഷേ നിങ്ങൾ കോടതി കേസുകൾ നേരിടുകയോ ആളുകൾ നിങ്ങളെ താഴെയിറക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുകയോ ചെയ്തേക്കാം. ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം. നിങ്ങളുടെ ദുരിതത്തിൽ, "ഇനി ഈ വേദന സഹിക്കാൻ എനിക്ക് കഴിയില്ല, ജീവിതം അവസാനിപ്പിച്ചാലോ " എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പ്രിയ സുഹൃത്തേ, ദയവായി ഒരിക്കലും പ്രത്യാശ കൈവിടരുത്. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്. സഹിക്കാനാവാത്തത്ര വേദന അനുഭവപ്പെടുമ്പോൾ, നിങ്ങൾക്ക് വിശ്വാസമുള്ള ആരോടെങ്കിലും സഹായത്തിനായി സംസാരിക്കുക. ഈ ദുഷ്കരമായ സമയങ്ങളിൽ ദൈവത്തിന് നിങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കാനും കഴിയും.

ഇന്ന് നിങ്ങളുടെ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കർത്താവിന്റെ ശക്തമായ കരം നിങ്ങൾ അനുഭവിക്കട്ടെ. നിങ്ങളുടെ നിയമപരമായ പോരാട്ടങ്ങളിൽ നിങ്ങൾക്ക് ജ്ഞാനവും അനുകൂലമായ സാഹചര്യങ്ങളും നൽകാനും, എതിർപ്പിനെതിരെ നിങ്ങളെ ശക്തിപ്പെടുത്താനും വിടുതലിലേക്ക് നയിക്കാനും അവന് കഴിയും. നിങ്ങൾ അവനിൽ വിശ്വസിക്കുമ്പോൾ എല്ലാ വെല്ലുവിളികളിലും അവൻ നിങ്ങളെ നയിക്കും. നിങ്ങളുടെ ഭാരങ്ങൾ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയും അവന്റെ വിശ്വസ്തതയിൽ പൂർണ്ണവിശ്വാസത്തോടെ നിലകൊള്ളുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷകനും അഭയസ്ഥാനവും. നിങ്ങൾ അവനെ കാത്തിരിക്കുമ്പോൾ,  നിങ്ങളുടെ പോരാട്ടങ്ങളിലൂടെ അവൻ നിങ്ങളെ നയിക്കുകയും നിങ്ങളുടെ ജീവിതത്തിലെ തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും സമാധാനവും ശക്തിയും കൊണ്ട് നിങ്ങളെ നിറയ്ക്കുകയും ചെയ്യട്ടെ.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ വാഗ്‌ദത്തമനുസരിച്ച് ഇന്ന് പ്രശ്നങ്ങൾ നേരിടുന്നവരുടെ ജീവിതത്തിൽ ഇടപെടണമെ. അവരുടെ കോടതി കേസുകളിൽ അവർക്കുവേണ്ടി വാദിക്കുകയും അങ്ങയുടെ തിരുഹിതപ്രകാരം വിജയം നൽകുകയും ചെയ്യണമേ. അവർക്കെതിരെയുള്ള എല്ലാ ദുഷിച്ച തന്ത്രങ്ങളെയും ശാസിക്കുകയും ഇരുൾ നീക്കി അവരുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അങ്ങയുടെ ഇടപെടലിനായി കാത്തിരിക്കുന്ന അവർക്ക് സന്തോഷവാർത്ത നൽകണമേ. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാക്കണമേ. പ്രശ്നങ്ങളിൽ നിന്നും ഹൃദയവേദനകളിൽ നിന്നും അവരെ സംരക്ഷിക്കണമേ. വിജയിക്കാൻ അവരെ സഹായിക്കണമേ. അവരുടെ സാഹചര്യങ്ങളെ അനുകൂലമായി മാറ്റണമേ. അവർക്കെതിരായ ദുഷ്ടമായ പദ്ധതികളെല്ലാം പരാജയപ്പെടുത്തേണമേ. അവരുടെ ലജ്ജയ്ക്ക് പകരം ഇരട്ടി ബഹുമാനം നൽകണമേ. അങ്ങയുടെ ശക്തമായ വിടുതലും അത്ഭുതങ്ങളും അവർ ഇന്ന് അനുഭവിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.