എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, 1 പത്രൊസ് 2:2 ധ്യാനിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്ഛിപ്പിൻ." മായമില്ലാത്ത പാൽ എന്നത് നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുകയും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ദൈവവചനത്തെ സൂചിപ്പിക്കുന്നു. ആവർത്തനം 8:3, മത്തായി 4:4, ലൂക്കൊസ് 4:4 തുടങ്ങിയ തിരുവെഴുത്തുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നാണ്. എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തിന് നിങ്ങൾ എത്രത്തോളം പ്രാധാന്യം നൽകുന്നു? നിങ്ങൾക്ക് വായിക്കാനായി വേദപുസ്തകം ഉണ്ടോ? ജനിച്ച ഉടനെ ഓരോ കുഞ്ഞിനും ഒരു വേദപുസ്തകം വാങ്ങി കൊടുക്കുന്നത് എന്റെ അമ്മ പതിവാക്കി, അതുവഴി ദൈവം ഞങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിച്ചു.
ലൂക്കൊസ് 5:5-ൽ, ശിമോൻ പത്രൊസും കൂട്ടുകാരും ഒന്നും പിടിക്കാതെ രാത്രി മുഴുവൻ മീൻ പിടിക്കുന്നത് നാം കാണുന്നു. എന്നിട്ടും, യേശു പത്രൊസിനോട്, “ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിൻ” എന്ന് പറഞ്ഞപ്പോൾ, "എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം" എന്നു പത്രൊസ് ഉത്തരം പറഞ്ഞു. പിന്നീട് നടന്നത് ഒരു അത്ഭുതമായിരുന്നു: അവർക്ക് വളരെയധികം മത്സ്യങ്ങൾ ലഭിച്ചു, അവരുടെ വല കീറാൻ തുടങ്ങി. ഇത് നമ്മെ ഒരു പ്രധാന പാഠം പഠിപ്പിക്കുന്നു: നാം ദൈവവചനം അനുസരിക്കുകയും അവന്റെ മാർഗനിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവന്റെ അനുഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ നിറഞ്ഞുകവിയുന്നു. നാം അവന്റെ ഹിതവുമായി യോജിക്കുമ്പോൾ നമ്മുടെ പരിശ്രമങ്ങളുടെ ഫലം വർദ്ധിക്കുന്നു. പത്രൊസിനെപ്പോലെ, നാം സ്വന്തമായി അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്തേക്കാം, എന്നാൽ ദൈവവചനം അനുസരിക്കുമ്പോൾ, നമ്മുടെ പ്രവൃത്തിയെ സമൃദ്ധിയും അത്ഭുതങ്ങളുമാക്കി മാറ്റുന്നു.
നമുക്ക് നമ്മുടെ ജീവിതം പരിശോധിക്കുകയും ദിവസവും ദൈവവചനം വായിക്കുന്നതിനും ധ്യാനിക്കുന്നതിനും അതനുസരിച്ച് ജീവിക്കുന്നതിനും നാം എത്ര സമയം ചെലവഴിക്കുന്നുവെന്ന് സ്വയം ചോദിക്കുകയും ചെയ്യാം. നാം കുറവുള്ളവരായിരുന്നാൽ, നമുക്ക് നമ്മുടെ ഹൃദയങ്ങൾ കർത്താവിന് സമർപ്പിക്കുകയും അവന്റെ വചനത്തിൽ ആത്മാർത്ഥതയോടെ വളരാൻ അവന്റെ കൃപ തേടുകയും ചെയ്യാം.
PRAYER:
പിതാവേ, അങ്ങയുടെ വചനം ദിനംതോറും വായിക്കാനുള്ള ആഗ്രഹം എനിക്കു തരേണമേ. അങ്ങയുടെ വചനത്തെക്കുറിച്ച് ആത്മാർത്ഥമായി ധ്യാനിക്കാനുള്ള കൃപയാൽ എന്റെ ഹൃദയത്തെ നിറയ്ക്കണമേ. ഓരോ വാക്യവും എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും എന്റെ പ്രവർത്തനങ്ങളെ നയിക്കുകയും ചെയ്യട്ടെ. അങ്ങയുടെ വചനത്തിൽ നിന്നുള്ള ജ്ഞാനവും വിവേകവും കൊണ്ട് എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങളാൽ എന്റെ ജീവിതം നിറയ്ക്കണമേ. അങ്ങയുടെ വചനത്തെ സ്നേഹിക്കുന്നതിനും അനുസരിക്കുന്നതിനുമായി എന്റെ ഹൃദയത്തെ മാറ്റണമേ. അങ്ങയുടെ വചനം എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഫലം കായ്ക്കട്ടെ. എല്ലാ ദിവസവും അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ വിശ്വസിക്കാൻ എനിക്ക് ധൈര്യം നൽകേണമേ. അങ്ങയുടെ ദൃഷ്ടിയിൽ സന്തോഷകരമായ ജീവിതം നയിക്കാൻ എന്നെ നയിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.