പ്രിയ സുഹൃത്തുക്കളെ, ഇന്ന് നമുക്ക് സദൃശവാക്യങ്ങൾ 2:6 ധ്യാനിക്കാം, "യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു." നമ്മുടെ ദൈവം എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ്. സദൃശവാക്യങ്ങൾ 1:4 പറയുന്നതുപോലെ, ജ്ഞാനം നമുക്ക് അറിവും ബുദ്ധിപരമായ വിവേകവും നൽകുന്നു. മറഞ്ഞിരിക്കുന്ന നിധി പോലെ നാം അതിനെ അന്വേഷിക്കണം. ദൈവവചനത്തിൽ നാം എത്രത്തോളം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം അവൻ കൂടുതൽ ദിവ്യ ജ്ഞാനം നൽകുന്നു. യഥാർത്ഥ ജ്ഞാനം എന്താണ് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. 1 കൊരിന്ത്യർ 1:24 അനുസരിച്ച്, "ക്രിസ്തു ദൈവത്തിന്റെ ജ്ഞാനമാകുന്നു." ജ്ഞാനത്തിൻ്റെയും വിവേകത്തിൻ്റെയും എല്ലാ നിധികളും അവനിൽ മറഞ്ഞിരിക്കുന്നു. ഈ ജ്ഞാനം മനുഷ്യരുടെ പരിശ്രമത്തിലൂടെ നേടാൻ കഴിയില്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ലഭിക്കുന്നത്. മത്തായി 4:4-ൽ കർത്താവ് പറഞ്ഞു, "മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.” വീണ്ടും, മത്തായി 7:24-ൽ, എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നുവെന്ന് അവൻ പറഞ്ഞു. ദൈവവചനം കേൾക്കുന്നതും അനുസരിക്കുന്നതും നമ്മെ യഥാർത്ഥ ജ്ഞാനികളാക്കുന്നു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. ലൌകികജ്ഞാനം തെറ്റല്ല, മറിച്ച് അത് നമ്മുടെ ആന്തരികമനുഷ്യനെ പോഷിപ്പിക്കുന്ന ആത്മീയ ജ്ഞാനവുമായി സന്തുലിതമായിരിക്കണം.
ദൈവത്തിന്റെ ജ്ഞാനത്തിനായി നാം നിലവിളിക്കണം. നാം പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കുമ്പോൾ, കർത്താവ് നമുക്ക് ദിവ്യ ജ്ഞാനവും വിവേകവും നൽകുന്നു. മറ്റുള്ളവർക്ക് ജ്ഞാനം നൽകുന്ന ജീവന്റെ വാക്കുകൾ സംസാരിക്കാൻ അവൻ നമ്മെ പ്രാപ്തരാക്കുന്നു. നാം അവന്റെ വചനത്താൽ ജീവിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് ജീവൻ ലഭിക്കുന്ന പാത്രങ്ങളായി മാറുകയും ചെയ്യുന്നു. അപ്പൊസ്തലന്മാർ ആദ്യകാല സഭയിലെ നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ, അവർ ജ്ഞാനവും പരിശുദ്ധാത്മാവും നിറഞ്ഞ മനുഷ്യരെ അന്വേഷിച്ചു. വിശ്വാസവും ആത്മാവും ജ്ഞാനവും നിറഞ്ഞ അത്തരമൊരു വ്യക്തിയായിരുന്നു സ്തെഫാനൊസ്. കുറേന, അലെക്സന്ത്രിയ, ആസ്യ എന്നിവിടങ്ങളിലെ ജനങ്ങൾ അവന്റെ നേരെ ഉയർന്നുവന്നപ്പോൾ അവൻ സംസാരിച്ച ജ്ഞാനത്തെയും ആത്മാവിനെയും എതിർക്കാൻ അവർക്ക് കഴിഞ്ഞില്ല (അപ്പൊ. പ്രവൃത്തികൾ 6:9-10). ദൈവത്തിന്റെ ജ്ഞാനം തന്റെ വാക്കുകളെ നയിച്ചതിനാൽ സ്തെഫാനൊസ് ഉറച്ചുനിന്നു. അതുപോലെ, ദാനിയേലും ദൈവിക വിവേചനത്താൽ നിറഞ്ഞിരുന്നു. ദൈവാത്മാവും ജ്ഞാനവും ദാനിയേലിൽ ഉണ്ടെന്ന് നെബൂഖദ്നേസർ രാജാവ് തിരിച്ചറിഞ്ഞപ്പോൾ അവനെ ഉയർന്ന സ്ഥാനത്തേക്ക് ഉയർത്തി. അതുപോലെ, ദൈവത്തിന്റെ ജ്ഞാനം നിങ്ങളുടെ ജീവിതത്തിൽ നിറയുമ്പോൾ, അവൻ നിങ്ങളെ ഉയർത്തുകയും മറ്റുള്ളവർക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കുകയും ചെയ്യും.
പ്രിയ സുഹൃത്തേ, ഇന്ന് ആ സ്വർഗ്ഗീയ ജ്ഞാനത്തിനായി അപേക്ഷിക്കുക. ദൈവത്തിന്റെ വാഗ്‌ദത്തം ഇപ്പോഴും നിലനിൽക്കുന്നു. യാചിക്കുന്ന എല്ലാവർക്കും അവൻ ജ്ഞാനം നൽകുന്നു. അവന്റെ വായിൽ നിന്ന് വരുന്ന ഓരോ വാക്കും അനുസരിച്ച് നിങ്ങൾ ജീവിക്കട്ടെ. നിങ്ങളുടെ തീരുമാനങ്ങളും ചിന്തകളും പ്രവർത്തനങ്ങളും അവന്റെ ആത്മാവിനാൽ നയിക്കപ്പെടട്ടെ. കർത്താവ് നിങ്ങളുടെ ഹൃദയത്തെ ദിവ്യജ്ഞാനവും വിവേകവും കൊണ്ട് നിറയ്ക്കും. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ അവന്റെ ജ്ഞാനവും ശക്തിയും വഹിക്കട്ടെ. സ്തെഫാനൊസിനെയും ദാനിയേലിനെയും പോലെ, നിങ്ങൾ ദൈവത്തിന്റെ ആത്മാവും ജ്ഞാനവും കൊണ്ട് നിറയട്ടെ. ദൈവത്തിന്റെ ജ്ഞാനമായ ക്രിസ്തു നിങ്ങളിലൂടെ പ്രകാശിക്കുന്നത് മറ്റുള്ളവർ കാണട്ടെ.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, എനിക്ക് ജ്ഞാനം നൽകുന്ന അങ്ങയുടെ വചനത്തിന് നന്ദി. കർത്താവേ, അങ്ങ് വാഗ്‌ദത്തം ചെയ്തതുപോലെ, ഇന്ന് എന്നെ ദിവ്യജ്ഞാനം, അറിവ്, വിവേകം എന്നിവയാൽ നിറയ്ക്കണമേ. അങ്ങയുടെ വായിൽ നിന്നുള്ള ഓരോ വാക്കും എന്നിൽ സമൃദ്ധമായി വസിക്കട്ടെ. കർത്താവായ യേശുവേ, അങ്ങ് ദൈവത്തിന്റെ ജ്ഞാനമാണ് - വന്ന് എന്റെ ഹൃദയത്തെ നിറയ്‌ക്കേണമേ. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാൻ ഞാൻ പാടുപെടുമ്പോൾ, എനിക്ക് വിവേകം നൽകേണമേ. പ്രത്യേകിച്ച് പരീക്ഷകളുടെയോ വെല്ലുവിളികളുടെയോ സമയങ്ങളിൽ, ഓർമ്മശക്തിയും മനസ്സിന്റെ വ്യക്തതയും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ മാർഗനിർദേശത്തിലൂടെ വിജയം കണ്ടെത്താൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ ജ്ഞാനത്തിൻ്റെയും വെളിപാടിൻ്റെയും ആത്മാവ് എന്നിൽ വസിക്കട്ടെ. ആഴത്തിലുള്ള രഹസ്യങ്ങൾ എനിക്ക് വെളിപ്പെടുത്തേണമേ. ജ്ഞാനവും ശക്തിയും നിറഞ്ഞ ദാനിയേലിനെയും സ്തെഫാനൊസിനെയും പോലെ എന്നെ മാറ്റണമേ. എന്റെ വാക്കുകൾ മറ്റുള്ളവർക്ക് ജീവൻ നൽകട്ടെ. കർത്താവേ, എന്നെ വലിയ ഉയരങ്ങളിലേക്ക് ഉയർത്തേണമേ. അഗാധമായ ഉൾക്കാഴ്ചയോടും വിവേകത്തോടും ദൈവഭയത്തോടുംകൂടെ എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ സാന്നിധ്യത്തിൽ സന്തോഷവും അങ്ങയുടെ ജ്ഞാനത്തിൽ ശക്തിയും ഞാൻ കണ്ടെത്തട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.