എന്റെ പ്രിയ സുഹൃത്തുക്കളെ, ഇന്ന് രാവിലെ നിങ്ങളെ കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ന് റോമർ 5:5-ൽ നിന്നുള്ള ദൈവത്തിന്റെ വാഗ്‌ദത്തം നമ്മെ ഓർമ്മിപ്പിക്കുന്നത് ഇതാണ്, "പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ." അടുത്തതായി എന്തുചെയ്യണമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥയിൽ, ആളുകൾ വന്ന് ഇങ്ങനെ ചോദിച്ചേക്കാം, "നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത്? ഇനി എന്താണ് നിങ്ങളുടെ പദ്ധതി? എന്തുകൊണ്ടാണ് ഇതുവരെ അത് സംഭവിക്കാതിരുന്നത്? ഒരു അത്ഭുതത്തിനായി നിങ്ങൾ ദൈവത്തെ വിശ്വസിക്കുകയാണെന്ന് നിങ്ങൾ പറഞ്ഞിരുന്നല്ലോ, എന്നിട്ട് അത് എവിടെ?" അത്തരം ചോദ്യങ്ങൾ നമ്മെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തേക്കാം. ആളുകൾ നമ്മെ താഴെയിറക്കാൻ ശ്രമിച്ചേക്കാം, അത്തരം സാഹചര്യങ്ങളിൽ, പ്രത്യാശ കൈവിടാതെ മുന്നോട്ട് പോകുന്നതും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കുന്നതും പ്രയാസകരമായിത്തീർന്നേക്കാം.

ആളുകൾ അവരുടെ സമയക്രമം പിന്തുടരാൻ ആഗ്രഹിച്ചേക്കാം, പക്ഷേ എപ്പോൾ, എങ്ങനെ നമ്മെ ഉയർത്തണമെന്ന് ദൈവത്തിന് കൃത്യമായി അറിയാം. അതുകൊണ്ടാണ് അവനിൽ പ്രത്യാശ വയ്ക്കുന്നത് വളരെ പ്രധാനമായിരിക്കുന്നത്. വേദപുസ്തകത്തിലെ യോസേഫിനെക്കുറിച്ച് ചിന്തിക്കുക. താൻ ഒരുനാൾ ഉന്നതസ്ഥാനത്തേക്ക് ഉയർത്തപ്പെടുമെന്ന വലിയ സ്വപ്നങ്ങൾ ദൈവം അവന് നൽകിയിരുന്നു. എന്നാൽ അവന്റെ ജീവിതത്തിൽ സംഭവിച്ചത് അവൻ സ്വപ്നം കണ്ടതിൽ നിന്ന് തികച്ചും വിപരീതമായിരുന്നു. അവനെ ഒരു കുഴിയിൽ ഇട്ടുകളഞ്ഞു. അവന്റെ സഹോദരന്മാർ അവനെ വെറുക്കുകയും അടിമയായി വിൽക്കുകയും ചെയ്തു. പിന്നീട് അവനെ തടവിലാക്കി. ദൈവം കാണിച്ച സ്വപ്നത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അവന്റെ ജീവിതം. എങ്കിലും യോസേഫ് കർത്താവിൽ പ്രത്യാശവെച്ചത് അവസാനിപ്പിച്ചില്ല. അവന്റെ ഹൃദയം കഠിനമായിത്തീർന്നില്ല. ദൈവം തന്റെ സ്നേഹം അവന്റെമേൽ തുടർന്നും ചൊരിഞ്ഞുകൊണ്ടിരുന്നു. തക്ക സമയത്ത്, ദൈവം യോസേഫിനെ ഉയർത്തുകയും തന്നെ ഉപദ്രവിച്ച ആളുകളെ സേവിക്കാൻ കഴിയുന്ന ഒരു അധികാരസ്ഥാനത്ത് അവനെ നിർത്തുകയും ചെയ്തു. യോസേഫ് ദൈവത്തിൽ പ്രത്യാശവെക്കുന്നതിൽ തുടർന്നുനിന്നതിനാൽ ദൈവം തന്റെ സമയത്ത് അത് നിറവേറ്റി.

തന്നെ നിരാശപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്ത ആളുകളുമായി യോസേഫ് മുഖാമുഖം വന്നപ്പോഴും കയ്പും വേദനയും നിരാശയും തന്റെ ഹൃദയത്തെ കീഴടക്കാൻ അവൻ അനുവദിച്ചില്ല. പകരം, ദൈവസ്നേഹത്തോടെ അവൻ അവരെ സേവിച്ചു. "നിങ്ങൾ എന്റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, അതിനെ ഗുണമാക്കിത്തീർത്തു" എന്ന് പറയാൻ യോസേഫിന് കഴിഞ്ഞു. ആളുകൾ തന്നെ ഉപദ്രവിച്ചുവെന്ന വസ്തുത യോസേഫ് നിഷേധിച്ചില്ല. എന്നാൽ തന്റെ ഹൃദയത്തിൽ പ്രവർത്തിക്കാൻ അവൻ ദൈവത്തെ അനുവദിച്ചു. ദൈവസ്നേഹത്തിന് ഒരു വ്യക്തിയുടെ ഹൃദയത്തിൽ ചെയ്യാൻ കഴിയുന്നത് അതാണ്. അത് നമ്മെ കർത്താവിൽ പ്രത്യാശയോടെ നിലനിർത്തുകയും അവന്റെ സ്നേഹത്താൽ നിരന്തരം നമ്മെ നിറയ്ക്കുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുമ്പോൾ, അവന്റെ പദ്ധതികളെയും സമയക്രമത്തെയും വിശ്വസിക്കാൻ ദൈവത്തിന്റെ സ്നേഹം നമ്മെ സഹായിക്കുന്നു. അതിനാൽ, നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും ഇന്നും കർത്താവിൽ പ്രത്യാശ വെച്ചുകൊണ്ടിരിക്കുക. കർത്താവിൽ പ്രത്യാശ വയ്ക്കുന്നവർ ലജ്ജിച്ചുപോകയില്ല. അതുകൊണ്ട്, ധൈര്യമായിരിക്കുക. ദൈവത്തിന്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കും. അവൻ എല്ലാ കയ്പും, എല്ലാ വേദനയും, എല്ലാ നിരാശയും, എല്ലാ തകർച്ചയും നീക്കം ചെയ്യുകയും തന്റെ സ്നേഹത്താൽ നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യും. ഇന്ന് ധൈര്യം പ്രാപിക്കുക. കൃത്യ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ വെളിപ്പെടാനിരിക്കുന്ന മഹത്തായ പദ്ധതികൾ ദൈവത്തിനുണ്ട്.

PRAYER:
പ്രിയ കർത്താവേ, അങ്ങിൽ പ്രത്യാശ വയ്ക്കുന്നവർ ഒരിക്കലും ലജ്ജിക്കപ്പെടുകയില്ല എന്ന അങ്ങയുടെ അത്ഭുതകരമായ വാഗ്‌ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. എന്റെ സാഹചര്യങ്ങൾ ഞാൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുമ്പോഴും അങ്ങയുടെ പദ്ധതികളും അങ്ങയുടെ തികഞ്ഞ സമയവും വിശ്വസിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ കയ്പും വേദനയും നിരാശയും ഏകാന്തതയും തകർച്ചയും നീക്കം ചെയ്ത് അങ്ങയുടെ നിരുപാധിക സ്നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ. എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് കൃപയും ജ്ഞാനവും നൽകണമേ. എന്റെ ജീവിതത്തിൽ അങ്ങയുടെ പദ്ധതികൾ നിറവേറുമ്പോൾ താഴ്മയോടെ നിൽക്കാനും മറ്റുള്ളവർക്ക് എന്നെ ഒരു അനുഗ്രഹമാക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, പൂർണ്ണമായി അങ്ങിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ചെയ്യുന്ന എല്ലാ പരിശ്രമങ്ങളെയും അനുഗ്രഹിക്കണമേ. എന്റെ ജീവിതം അങ്ങയുടെ നാമത്തിന് മഹത്വം നൽകുന്നതാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.