എന്റെ സുഹൃത്തുക്കളേ, ദൈവത്തിൽ നിന്നുള്ള ഇന്നത്തെ വാഗ്ദത്തം നിങ്ങളോടൊപ്പം സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമുക്ക് അവന്റെ വചനം സ്വീകരിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം. ഇന്നത്തെ വാഗ്ദത്തം സദൃശവാക്യങ്ങൾ 16:13-ൽ നിന്നുള്ളതാണ്: "നീതിയുള്ള അധരങ്ങൾ രാജാക്കന്മാർക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു."
ഒരു രാജ്യത്ത്, അഴിമതി നിറഞ്ഞ സമ്പ്രദായങ്ങൾ പിന്തുടർന്ന് സമ്പന്നനായ ഒരു മന്ത്രി ഉണ്ടായിരുന്നു. അവൻ ജനങ്ങളോട് ക്രൂരമായി പെരുമാറുകയും, അവരിൽ നിന്ന് ബലമായി പണം പിരിച്ചു, നിയമവിരുദ്ധമായ ബിസിനസുകളിൽ ഏർപ്പെട്ടു. നിസ്സഹായരായ ജനങ്ങളെ സ്വന്തം നേട്ടത്തിനായി ചൂഷണം ചെയ്തു. തന്റെ സ്വാധീനം ഉപയോഗിച്ച് അവൻ നിരവധി ആളുകളെ തൻ്റെ പക്ഷത്തേക്ക് കൂട്ടിച്ചേർത്തു. ഭയം നിമിത്തം ആളുകൾ അവനെ പിന്തുടർന്നു. തത്ഫലമായി, അവൻ അങ്ങേയറ്റം പ്രശസ്തനും സമ്പന്നനുമായി. ക്രമേണ, അവന്റെ അഭിമാനം വളരെയധികം വർദ്ധിച്ചതിനാൽ അവൻ രാജാവിന്റെ സ്ഥാനത്തിനുവേണ്ടി അദ്ദേഹത്ത വെല്ലുവിളിക്കുകയും ചെയ്തു. രാജാവിനെ താഴെയിറക്കാനായി ജനങ്ങൾക്കിടയിൽ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് അവൻ രാജാവിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിനെതിരെ സംസാരിച്ചു. ഇക്കാര്യം രാജാവ് അറിഞ്ഞപ്പോൾ, മന്ത്രിയുടെ കണക്കുകൾ പരിശോധിക്കാനും അവന്റെ എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരെ അയച്ചു. ഉദ്യോഗസ്ഥർ അവന്റെ അഴിമതികളുടെയും തെറ്റായ പ്രവൃത്തികളുടെയും നീണ്ട പട്ടികയുമായി മടങ്ങിവന്നു. തത്ഫലമായി രാജാവ് അവനെ ജീവപര്യന്തം തടവുശിക്ഷക്ക് ശിക്ഷിച്ചു.
എന്റെ സുഹൃത്തുക്കളേ, സത്യസന്ധയില്ലാത്ത മാർഗങ്ങളിലൂടെ സമ്പത്ത് നേടുമ്പോൾ സംഭവിക്കുന്നത് ഇതാണ്. നിയമവിരുദ്ധവും അനധികൃതവുമായ സമ്പത്തിന് ആരെയും എന്നെന്നേക്കുമായി ഉന്നത സ്ഥാനത്ത് നിലനിർത്താൻ കഴിയില്ല. അത്തരം വിജയം താൽക്കാലികം മാത്രമാണ്, അവസാനം അത് വലിയ തകർച്ചയിലേക്ക് നയിക്കുന്നു. സത്യസന്ധതയിലൂടെ നാം നേടുന്നത് മാത്രമേ നിലനിൽക്കുകയുള്ളൂ. നേർ പറയുന്നവരിൽ രാജാക്കന്മാർ സന്തുഷ്ടരാണെന്ന് ഈ വാക്യം പറയുന്നു. നിങ്ങളുടെ ജോലിസ്ഥലത്ത് പോലും, നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ സത്യസന്ധതയെ വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. സമൂഹത്തിലും ആളുകൾ നിങ്ങളെ വിശ്വസിക്കുകയും "ഇയാൾ വിശ്വസ്തതയുള്ള ഒരാളാണ്" എന്ന് പറയുകയും ചെയ്യും.
അതിലുപരിയായി, സ്വർഗ്ഗത്തിലെ രാജാധിരാജാവ് നിങ്ങളുടെ നീതിയുള്ള അധരങ്ങളിൽ പ്രസാദിക്കുന്നു. കർത്താവായ യേശു നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും നിങ്ങളെ നിലനിൽക്കുന്ന മാന്യമായ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യും. ദൈവം നൽകുന്ന മഹത്വവും പ്രതിഫലവും അനുഗ്രഹങ്ങളും നിത്യമായവയാണ്. അവ അവന്റെ സാന്നിധ്യത്തിൽ എന്നേക്കും നിലനിൽക്കുന്ന സന്തോഷത്താൽ നമ്മുടെ ജീവിതത്തെ നിറയ്ക്കുന്നു. അതിനാൽ ഇന്ന്, രാജാവ് നമ്മിൽ പ്രസാദിക്കേണ്ടതിനായി, സത്യസന്ധമായ ഹൃദയവും നീതിയുള്ള അധരങ്ങളും ഉണ്ടായിരിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ ദൃഷ്ടിയിൽ സത്യസന്ധത വിലപ്പെട്ടതാണെന്ന് എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി. എന്റെ ഹൃദയത്തെ സത്യസന്ധത കൊണ്ട് നിറയ്ക്കുകയും, പരസ്യമായാലും സ്വകാര്യമായാലും എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സത്യസന്ധതയോടെ നടക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. സത്യസന്ധയില്ലാത്ത എല്ലാ ചിന്തകളിൽ നിന്നും വാക്കുകളിൽ നിന്നും പ്രവൃത്തികളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ. ആരും ശ്രദ്ധിക്കാത്തപ്പോൾ പോലും, ഞാൻ അങ്ങയുടെ മുന്നിൽ ഭയഭക്തിയോടെ ജീവിക്കാൻ എന്നെ സഹായിക്കണമേ. നിരസിക്കൽ, അനീതി, അല്ലെങ്കിൽ വൈകിയ സ്ഥാനക്കയറ്റം എന്നിവ നേരിട്ടിട്ടും നീതിയെ തിരഞ്ഞെടുത്ത എല്ലാവരെയും ശക്തിപ്പെടുത്തണമേ. അവരെ മാനിക്കേണമേ, അവരെ ഉയർത്തേണമേ, അവരുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകേണമേ. എന്റെ ജീവിതം അങ്ങേക്ക് മഹത്വം നൽകുന്നതിനുവേണ്ടി അങ്ങയുടെ പരിശുദ്ധാത്മാവ് എല്ലാ ദിവസവും എന്റെ വാക്കുകളെയും പ്രവർത്തനങ്ങളെയും നയിക്കട്ടെ. അങ്ങയുടെ ശാശ്വതമായ അനുഗ്രഹങ്ങളും കൃപയും ദൈവിക ഉയർച്ചയും എന്റെമേൽ വസിക്കുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


