എന്റെ വിലയേറിയ ദൈവമക്കളേ, ഇന്നത്തെ വാഗ്ദത്തം 2 ശമൂവേൽ 22:2-ൽ നിന്നുള്ളതാണ്. ദാവീദ് യഹോവെക്കു ഈ സംഗീതംപാടി ഇപ്രകാരം പറയുന്നു, "യഹോവ എന്റെ ശൈലവും എൻ കോട്ടയും എന്റെ രക്ഷകനും ആകുന്നു." 2 ശമൂവേൽ 22:47-ൽ അവൻ ഇപ്രകാരവും പറയുന്നു, "എൻ രക്ഷയുടെ പാറയായ ദൈവം ഉന്നതൻ തന്നേ." ദാവീദിന് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അവൻ പ്രാർത്ഥിക്കുകയും കർത്താവിനെ തന്റെ രക്ഷകനായി കാണുകയും ചെയ്തപ്പോൾ, കർത്താവ് അവനോടുകൂടെ ഇരിക്കുകയും അത്തരം ശത്രുക്കളിൽ നിന്നെല്ലാം അവനെ വിടുവിക്കുകയും ചെയ്തു. ആ സമയത്ത്, 2 ശമൂവേൽ 22:47-ൽ നാം വായിക്കുന്നതുപോലെ, ദാവീദ് ഇപ്രകാരം പറഞ്ഞു, "യഹോവ എന്റെ രക്ഷയുടെ പാറയാകുന്നു."

അതുപോലെ തന്നെ, പുതിയ നിയമത്തിലെ ഗലാത്യർ 2:20 ൽ ശൌൽ പൌലൊസായി രൂപാന്തരപ്പെട്ടതിനെക്കുറിച്ച് നമ്മോട് പറയുന്നു. ക്രിസ്തുവിനെ അനുഗമിച്ചിരുന്ന എല്ലാവരെയും ശൌൽ കൊല്ലുകയായിരുന്നു. അവൻ ദൈവത്തിന്റെ മുമ്പിൽ തെറ്റായ ഒരു ജീവിതം നയിക്കുകയായിരുന്നു. എന്നാൽ യേശു അവന്റെ ജീവിതത്തിലേക്ക് കടന്നുവന്ന്, "ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു?" എന്ന് ചോദിച്ചു. കർത്താവ് അവന്റെ ഹൃദയത്തെ സ്പർശിച്ചു.

അവൻ പൂർണ്ണമായും രൂപാന്തരപ്പെട്ടു. ഗലാത്യർ 2:20 - ൽ അവൻ പറയുന്നതെന്താണെന്ന് നമുക്ക് വായിക്കാം: "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു."  അവൻ പൌലൊസ് ആയി മാറി. പൂർണ്ണമായും രൂപാന്തരപ്പെട്ടു. അവൻ യേശുവിനെ സ്വീകരിക്കുകയും ദൈവത്തിന്റെ ശക്തിയാൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസനായിത്തീരുകയും ചെയ്തു. എന്റെ സുഹൃത്തുക്കളേ, സർവ്വശക്തനായ കർത്താവായ യേശുക്രിസ്തു എന്ന ദൈവം നിങ്ങളുടെ പാറയായും കോട്ടയായും രക്ഷകനായും നിങ്ങൾക്കുണ്ടോ? എല്ലാറ്റിനും നിങ്ങൾ അവനെ മുറുകെപ്പിടിക്കുന്നുണ്ടോ? എങ്കിൽ കർത്താവ് നിങ്ങളിൽ പ്രസാദിച്ചിരിക്കും. തന്റെ മഹത്വത്തിനായി അവൻ നിങ്ങളെ ഉപയോഗിക്കും. എന്റെ വിലയേറിയ ദൈവമക്കളേ, ഇപ്പോൾ തന്നെ നിങ്ങളുടെ ജീവൻ സമർപ്പിക്കുക. യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക. ദൈവത്തിന് പ്രസാദകരമായ ഒരു ജീവിതം നയിക്കുക.

PRAYER:
പിതാവേ, ഞങ്ങൾക്കെല്ലാവർക്കും അങ്ങ് നൽകിയ രക്ഷയ്ക്കും ക്രൂശിൽ അർപ്പിച്ച ത്യാഗത്തിനും കർത്താവേ, അങ്ങേക്ക് നന്ദി. തെറ്റായ ജീവിതം നയിക്കുന്നവരും അങ്ങിൽനിന്ന് അകന്നുപോയവരുമായ അങ്ങയുടെ മക്കളുടെ ഹൃദയങ്ങളെ സ്പർശിക്കണമേ. പിതാവേ, അവരെ അങ്ങയോട് കൂടുതൽ അടുപ്പിക്കണമേ. അങ്ങ് ക്രൂശിൽ ചൊരിഞ്ഞ അങ്ങയുടെ വിലയേറിയ രക്തത്താൽ അവരെ ശുദ്ധീകരിക്കണമേ. അവരും പൗലൊസിനെപ്പോലെ പൂർണ്ണമായും രൂപാന്തരപ്പെട്ട് അങ്ങേയ്ക്ക് തങ്ങളെത്തന്നെ സമർപ്പിക്കുന്നവരായിത്തീരട്ടെ. യേശു അവരുടെ പാറയും കോട്ടയും രക്ഷകനുമായിത്തീരട്ടെ. അങ്ങയുടെ അടുക്കൽ വന്നിരിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമേ. അവരുടെ ജീവിതം അങ്ങേയ്ക്ക് പ്രസാദകരമായിരിക്കട്ടെ. അങ്ങയുടെ മഹത്വത്തിനായി അവരെ ശക്തമായി ഉപയോഗിക്കണമേ. യേശുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.