എന്റെ വിലയേറിയ സുഹൃത്തേ, ഇന്ന്, ഈ മാസത്തേക്കുള്ള കർത്താവിന്റെ വാഗ്ദത്തം സങ്കീർത്തനം 51:18-ൽ നിന്നുള്ളതാണ്: "നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ." നമ്മുടെ ദൈവം തന്റെ മക്കളെ അഭിവൃദ്ധിപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിലെ തകർന്ന എല്ലാ മേഖലകളെയും പുനർനിർമ്മിക്കുകയും ചെയ്യുന്നു. സീയോൻ എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? അത് ദൈവത്തിന്റെ വാസസ്ഥലമാണ്. യേശുക്രിസ്തുവിലൂടെ നിങ്ങളുടെ ഹൃദയം അവന്റെ സീയോനായി മാറിയിരിക്കുന്നു. നിങ്ങളുടെ ഉള്ളിൽ തന്റെ സിംഹാസനം സ്ഥാപിക്കാൻ കർത്താവ് തിരഞ്ഞെടുത്തിരിക്കുന്നു. 1 യോഹന്നാൻ 4:4 പറയുന്നതുപോലെ, "നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ." അവൻ നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതിനാൽ നിങ്ങൾ ഭയപ്പെടേണ്ടതില്ല. നിങ്ങളെ അവന് സമർപ്പിക്കുമ്പോൾ, അവൻ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിർമ്മിക്കാൻ തുടങ്ങുന്നു.

വർഷങ്ങൾക്കു മുമ്പ് ദൈവദാസനായ വില്യം ബ്രാൻഹാമിന്റെ മകൻ ബില്ലി പോൾ ശ്രദ്ധേയമായ ഒരു അനുഭവം പങ്കുവെച്ചു. ഒരു രാത്രി, അവന്റെ പിതാവ് ചോദിച്ചു, "എന്നോട് സംസാരിക്കുന്ന ദൂതനെ കാണാൻ നീ ആഗ്രഹിക്കുന്നുണ്ടോ?" തന്റെ ആത്മീയ കണ്ണുകൾ തുറന്നപ്പോൾ, തന്റെ പിതാവിൻ്റെ പിന്നിൽ നിൽക്കുന്ന ഒരു ഗാംഭീര്യമുള്ള ദൂതനെ ബില്ലി കണ്ടു. ദൂതന്റെ നോട്ടമായിരുന്നു അവനെ ഏറ്റവും ആകർഷിച്ചത്.

ബ്രാൻഹാം എവിടെ പോയാലും ദൂതന്റെ കണ്ണുകൾ സ്നേഹപൂർവ്വം അദ്ദേഹത്തിന്റെ മേൽ പതിഞ്ഞിരുന്നു. പ്രിയരേ, ഇന്നും കർത്താവ് നിങ്ങളെ അങ്ങനെത്തന്നെയാണ് കരുതലോടെ നോക്കിക്കൊണ്ടിരിക്കുന്നത്. III യോഹന്നാൻ 2 പറയുന്നു, “പ്രിയനേ, നിന്റെ ആത്മാവു ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർത്ഥിക്കുന്നു." കർത്താവ് ആദ്യം നിങ്ങളുടെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തുകയും  നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുകയും നിങ്ങളെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.

ഒന്നാമതായി, അവൻ നിങ്ങളെ നീതിയിൽ അഭിവൃദ്ധിപ്പെടുത്തുന്നു. സങ്കീർത്തനം 23:3 പറയുന്നു, "എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു." അവൻ നിങ്ങളെ ഉള്ളിൽ നിന്ന് പുനഃസ്ഥാപിക്കുകയും അന്ധകാരത്തിന്റെ യാതൊരു ശക്തിക്കും നിങ്ങളെ ജയിക്കാനാകാത്തവിധം നിങ്ങളെ ഉറപ്പിച്ചുനിർത്തുകയും ചെയ്യുന്നു. രണ്ടാമതായി, അവൻ നിങ്ങളെ സ്തുതിയിൽ അഭിവൃദ്ധിപ്പെടുത്തുന്നു. സങ്കീർത്തനം 63:3 പറയുന്നു, "നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും." സ്തുതി നിങ്ങളുടെ ഹൃദയത്തിൽ നിറയുമ്പോൾ, നിരുത്സാഹത്തിന് നിങ്ങളിലുള്ള പിടി നഷ്ടപ്പെടുകയും നിങ്ങളുടെ കണ്ണുകൾ ദൈവത്തിങ്കലേക്ക് ഉയർത്തപ്പെടുകയും ചെയ്യുന്നു. മൂന്നാമതായി, തന്റെ അത്ഭുതകരമായ സൃഷ്ടിയായി അവൻ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നു. സങ്കീർത്തനം 139:14 പറയുന്നു, "ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു." നിങ്ങൾ അവന്റെ വാസസ്ഥലമാണ്, അവന്റെ ഉദ്ദേശ്യത്തിനായി സൃഷ്ടിക്കപ്പെട്ടവരാണ്, അവന്റെ കരം നിങ്ങളുടെ ജീവിതത്തിന്മേൽ ഉണ്ട്.

നാലാമതായി, അവൻ നിങ്ങളെ ജ്ഞാനത്തിലും അറിവിലും അഭിവൃദ്ധിപ്പെടുത്തുന്നു. നിങ്ങൾ അവനെ അന്വേഷിക്കുമ്പോൾ അവൻ നിങ്ങൾക്ക് എല്ലാ നല്ല പാതകളും കാണിച്ചുതരുമെന്നും അവന്റെ ജ്ഞാനം നിങ്ങളുടെ കുടുംബത്തിലും തൊഴിലിലും ശുശ്രൂഷയിലും ഭാവിയിലും നിങ്ങളുടെ ചുവടുകളെ നയിക്കുമെന്നും സദൃശവാക്യങ്ങൾ 2-ആം അധ്യായം വാഗ്ദാനം ചെയ്യുന്നു. അവൻ നിങ്ങളെ നന്മയും സമൃദ്ധിയും കൊണ്ട് അഭിവൃദ്ധിപ്പെടുത്തുന്നു. യിരെമ്യാവ് 31:14 പറയുന്നു, "എന്റെ ജനം എന്റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും." അവൻ ക്ഷീണിച്ചവർക്ക് ഉന്മേഷം നൽകുകയും ബലഹീനരെ ശക്തിപ്പെടുത്തുകയും ചെയ്യും. ഒടുവിൽ, തന്റെ സ്നേഹം പങ്കിടുന്നതിൽ അവൻ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകാനുള്ള പദവിയാണ് ദൈവം നൽകുന്ന ഏറ്റവും വലിയ സമൃദ്ധി. യേശു തന്റെ സൌമ്യതയും അനുകമ്പയും കൊണ്ട് നിങ്ങളുടെ ഹൃദയത്തെ രൂപപ്പെടുത്തുമ്പോൾ, നിങ്ങൾ അവന്റെ സ്നേഹത്താൽ മറ്റുള്ളവരെ സ്നേഹിക്കാൻ തുടങ്ങുന്നു. അതിനാൽ, ധൈര്യമായിരിക്കുക. സങ്കീർത്തനം 51:18-ലെ അവന്റെ വാഗ്‌ദത്തമനുസരിച്ച് അവൻ നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും അവന്റെ പരിപൂർണ ഹിതമനുസരിച്ച് നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളെയും പണിയുകയും ചെയ്യും.

PRAYER:
സ്വർഗ്ഗീയ പിതാവേ, എന്നെ അഭിവൃദ്ധിപ്പെടുത്തുകയും എന്റെ ജീവിതത്തിലെ എല്ലാ തകർന്ന മേഖലകളെയും പണിയുകയും ചെയ്യുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. അങ്ങയുടെ സന്നിധിയിൽ എന്റെ ആത്മാവിനെ അഭിവൃദ്ധിപ്പെടുത്തുകയും അങ്ങയുടെ നീതിയിലും ജ്ഞാനത്തിലും സമൃദ്ധിയിലും അങ്ങയെ സ്തുതിക്കുന്നതിലും എന്നെ ഉറപ്പിച്ചുനിർത്തുകയും ചെയ്യണമേ. അങ്ങയുടെ നന്മയാൽ എന്നെ നിറയ്ക്കുകയും നിരവധി പേർക്ക് എന്നെ ഒരു അനുഗ്രഹമാക്കുകയും ചെയ്യണമേ. അങ്ങയുടെ സ്നേഹനിർഭരമായ കണ്ണുകൾ എന്നെ നിരീക്ഷിക്കുകയും ഞാൻ എടുക്കുന്ന ഓരോ ചുവടിനെയും നയിക്കുകയും ചെയ്യട്ടെ. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.