സുഹൃത്തേ, ഇന്ന് നിങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടോ? നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിങ്ങളെ നിരാശരാക്കുന്നുണ്ടോ? എല്ലാവരും നിങ്ങളെ ചവിട്ടിക്കളയുന്നതുപോലെ നിങ്ങൾക്ക് തോന്നുന്നുണ്ടോ? മീഖാ 5:2-ൽ വേദപുസ്തകം ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും." അതെ, ഇന്ന് നിങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ വരാൻ പോകുന്നു. ആളുകൾ നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ പോലും, നിങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ വരുമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു.

അതെ, എന്റെ പിതാവ് വളരെ ഉദാരമനസ്കനായ വ്യക്തിയാണ്. ആരൊക്കെ അദ്ദേഹത്തോട് പണം ചോദിച്ചാലും അദ്ദേഹം കൊടുത്തുകൊണ്ടിരിക്കും. അവർ അത് തിരികെ നൽകിയില്ലെങ്കിൽ പോലും അദ്ദേഹം ഒരിക്കലും വിഷമിക്കാറില്ല. ആളുകൾ പറയും,“സാർ, എനിക്ക് ഇതു തരൂ. ഒരു മാസത്തിനുള്ളിൽ ഞാൻ തിരികെ നൽകി തീർക്കാം.” എന്റെ ബാല്യകാലത്തിൽ, എനിക്ക് ഏകദേശം പത്ത് വയസ്സുള്ളപ്പോൾ, ഞങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന ഒരാൾ അദ്ദേഹത്തോട് ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടതായി ഞാൻ ഓർക്കുന്നു. അത് ഏകദേശം 15 വർഷം മുമ്പായിരുന്നു, അന്ന് അത് ഒരു വലിയ തുകയായിരുന്നു. എന്റെ പിതാവ് ഒരിക്കലും രണ്ടുതവണ ആലോചിക്കില്ല; അദ്ദേഹം അത് എടുത്ത് കൊടുത്തു. ആ ചേട്ടൻ പറഞ്ഞു, "പത്ത് ദിവസത്തിനുള്ളിൽ ഞാൻ അത് നിങ്ങൾക്ക് തിരികെ നൽകാം, സർ". എന്നാൽ പത്ത് ദിവസത്തിനുള്ളിൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങി, ഒരിക്കലും തിരിച്ചെത്തിയില്ല. നടന്ന ചുരുക്കം ചില സംഭവങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. എന്റെ പിതാവ് ഒരിക്കലും അതിനെക്കുറിച്ച് വിഷമിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു, "ദൈവം എനിക്ക് തന്നിരിക്കുന്നു, അതിനാൽ ഞാൻ അവർക്ക് നൽകുന്നു".

നിങ്ങളും ഇതുപോലെയുള്ള ഒരു സാഹചര്യത്തിലായിരിക്കാം—ചുറ്റുമുള്ള ആളുകൾ നിങ്ങളെ വഞ്ചിച്ചതായി തോന്നുകയോ, വളരെയധികം വിശ്വസിച്ചവരാൽ നിരാശപ്പെട്ടതായി അനുഭവപ്പെടുകയോ ചെയ്തേക്കാം. എന്നാൽ എന്റെ പിതാവ് ഒരിക്കലും മാറിയിട്ടില്ല; അദ്ദേഹം ഇപ്പോഴും അതേപോലെതന്നെയാണ്. അദ്ദേഹം എപ്പോഴും പറയുന്നു, "ദൈവം എന്നെ അനുഗ്രഹിച്ചു, അതിനാൽ നൽകുക എന്നത് എന്റെ ജോലിയാണ്". അതുപോലെ, നിങ്ങൾ കടന്നുപോയതെല്ലാം കർത്താവ് കാണുന്നു, എന്റെ പിതാവിനെ അനുഗ്രഹിച്ചതുപോലെ അവൻ നിങ്ങളെയും അനുഗ്രഹിക്കും. എന്റെ പിതാവ് വളരെ നല്ല ദന്തഡോക്ടറും തിരുനെൽവേലിയിലെ അറിയപ്പെടുന്ന വ്യക്തിയുമാണ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്, അദ്ദേഹത്തിലൂടെ ഞാനും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. ഞാൻ ഒരു ഡോക്ടറാണ്, ശുശ്രൂഷയിലേക്ക് വിളിക്കപ്പെടുകയും ഒരു അത്ഭുതകരമായ കുടുംബത്താൽ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. "കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും" (യെശയ്യാവ് 60:22). അതുപോലെ, നിങ്ങളിൽ ഏറ്റവും ചെറിയവൻ ശക്തമായ ജനതയായിത്തീരും. കർത്താവ് നിങ്ങളെ അനുഗ്രഹിക്കും, നിങ്ങളിലൂടെ അവൻ നിങ്ങളുടെ മക്കളെയും അനുഗ്രഹിക്കും. അതിനാൽ നിങ്ങൾ നിരാശപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്താൽ ഹൃദയം തകർന്നുപോകരുത്, കാരണം കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കും.

PRAYER:
സ്വർഗ്ഗീയ പിതാവേ, ഞാൻ വഞ്ചിക്കപ്പെട്ടതുപോലെയും മറക്കപ്പെട്ടതുപോലെയും തോന്നുമ്പോൾ എന്റെ ഹൃദയം അങ്ങ് കാണുന്നു. ഞാൻ ഒഴുക്കിയ കണ്ണുനീരും എനിക്ക് നഷ്ടപ്പെട്ട പ്രത്യാശയും അങ്ങ് അറിയുന്നു. എന്നാൽ കർത്താവേ, എന്നിൽ നിന്ന് അനുഗ്രഹങ്ങൾ വരുമെന്ന് എനിക്ക് വാഗ്‌ദത്തം നൽകിയതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ വേദനയിൽപ്പോലും, അങ്ങയുടെ ഉദ്ദേശ്യം എന്റെ ഉള്ളിൽ ഉയർന്നുവരട്ടെ. എന്റെ മുറിവുകളെ കൃപയുടെ കിണറുകളായും എന്റെ ദുഃഖത്തെ സ്തുതിഗീതങ്ങളായും മാറ്റേണമേ. എല്ലാ ദിവസവും അങ്ങ് എന്നോട് ക്ഷമിക്കുന്നതുപോലെ, എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാൻ എന്നെ പഠിപ്പിക്കേണമേ. എനിക്ക് പ്രതിഫലമായി ഒന്നും ലഭിക്കാത്തപ്പോൾ പോലും നൽകുന്നതിന്റെ സന്തോഷം കൊണ്ട് എന്നെ നിറയ്ക്കണമേ. മറ്റുള്ളവർക്ക് അങ്ങയുടെ നന്മ കാണാൻ കഴിയേണ്ടതിന് അങ്ങയുടെ വെളിച്ചം എന്നിലൂടെ പ്രകാശിക്കട്ടെ. എന്റെ ജീവിതത്തിലെ അങ്ങയുടെ കൈകളുടെ പ്രവർത്തനത്തിലൂടെ എന്റെ കുടുംബത്തെയും വരും തലമുറകളെയും അനുഗ്രഹിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമേൻ.