പുതിയ മാസം ആരംഭിക്കുമ്പോഴും ജീവിതം ഉത്തരവാദിത്വങ്ങളാലും സമ്മർദ്ദങ്ങളാലും ആശങ്കകളാലും നിറയുമ്പോഴും, യഥാർത്ഥ സമാധാനവും ശാശ്വതമായ സുരക്ഷിതത്വവും കണ്ടെത്തുന്ന സ്വർഗത്തിലേക്ക് നിങ്ങളുടെ കണ്ണുകൾ ഉയർത്താൻ കർത്താവ് നിങ്ങളെ സൌമ്യമായി ഓർമ്മിപ്പിക്കുന്നു. 2 കൊരിന്ത്യർ 5:1 ൽ ദൈവം തന്റെ മക്കൾക്ക് കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം സ്വർഗ്ഗത്തിൽ ഉണ്ട് എന്ന് വാഗ്ദാനം ചെയ്യുന്നു. ഇന്ന് നിങ്ങളുടെ ഹൃദയത്തിന് എത്ര ആശ്വാസകരമായ ഒരു ഉറപ്പാണ് ഇത്. യേശുവിനെ വിശ്വസ്തതയോടെ അനുഗമിക്കുന്നവർക്കും നീതിപൂർവം ജീവിക്കുന്നവർക്കും അവന്റെ രാജ്യത്തെ ആത്മാർഥമായി സേവിക്കുന്നവർക്കും സ്വർഗ്ഗം നിത്യഫലം നൽകുന്നുവെന്ന് മത്തായി 10:41-42 ൽ യേശു പഠിപ്പിക്കുന്നു.

ജീവിതത്തിലെ എല്ലാ കാലഘട്ടങ്ങളിലും യേശുവിനോട് അടുത്ത് നിൽക്കുന്ന വിശ്വസ്ത ശിഷ്യന്മാർക്കുള്ളതാണ് ആദ്യത്തെ സ്വർഗ്ഗീയ പ്രതിഫലം. യോഹന്നാൻ 8:31-ൽ യേശു പറയുന്നു: "തന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാർ." മഗ്ദലന മറിയം ഈ ഭക്തിയെ മനോഹരമായി പ്രതിഫലിപ്പിച്ചു. യേശു അവളെ വിടുവിച്ചതിനുശേഷം അവൾ ഒരിക്കലും അവന്റെ കരുണയും സ്നേഹവും മറന്നില്ല. ക്രൂശീകരണത്തിന്റെ വേദനാജനകമായ നിമിഷങ്ങളിൽ പോലും, പലരും ഭയന്ന് പിൻവാങ്ങിയപ്പോൾ, അചഞ്ചലമായ വിശ്വസ്തതയോടെ അവൾ അവന്റെ അരികിൽ  തുടർന്നു. യേശുവിനോടുള്ള അഗാധമായ സ്നേഹം കാരണം, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം ദർശിച്ചവരിൽ ഒരാളായി അവൾ മാറി. അതുപോലെ, ശ്രദ്ധതിരിച്ചുകളയുന്ന കാര്യങ്ങളെക്കാൾ പ്രാർത്ഥനയും വിട്ടുവീഴ്ചയെക്കാൾ വിശുദ്ധിയും സൌകര്യത്തെക്കാൾ അനുസരണയും തിരഞ്ഞെടുക്കുമ്പോൾ കർത്താവ് സന്തോഷിക്കുന്നു.

രണ്ടാമത്തെ സ്വർഗീയ പ്രതിഫലം നീതിപൂർവകമായ ജീവിതത്തിനുള്ളതാണ്. ദാനിയേൽ 12:3 ഇങ്ങനെ പറയുന്നു, "പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നും എന്നേക്കും പ്രകാശിക്കും." നീതി എന്നാൽ ദൈനംദിന ജീവിതത്തിൽ ക്ഷമ, വിനയം, വിശുദ്ധി, ദയ, സ്നേഹം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുക എന്നതാണ്. നിങ്ങൾ നിങ്ങളെത്തന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുമ്പോൾ, മറ്റുള്ളവരെ ശക്തിപ്പെടുത്താനും നയിക്കാനും അവൻ നിങ്ങളുടെ ജീവിതം ഉപയോഗിക്കുന്നു. മൂന്നാമതായി, ആളുകളെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്ന വാക്കുകൾ പറഞ്ഞുകൊണ്ട് പ്രവചനപരമായി തന്നെ സേവിക്കുന്നവർക്ക് കർത്താവ് പ്രതിഫലം നൽകുന്നു. ക്ഷീണിച്ച ആത്മാക്കൾക്ക് പ്രത്യാശ നൽകുകയും അവർ മറക്കപ്പെടാത്തവരാണെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ട് ദൈവം തന്റെ ഹൃദയത്തെ തന്റെ ദാസന്മാരുമായി പങ്കിടുന്നുവെന്ന് ആമോസ് 3:7 വെളിപ്പെടുത്തുന്നു.

ഇതിന് ഒരു മനോഹരമായ ഉദാഹരണമാണ് നാമക്കൽ ജില്ലയിൽ നിന്നുള്ള എസ്ഥേർ രാസാത്തി. കടുത്ത സാമ്പത്തിക ഭാരങ്ങളും നിരാശയും മൂലം തകർന്ന അവൾ യേശു വിളിക്കുന്നു പ്രാർത്ഥനാ യോഗത്തിലേക്ക് വന്നു. കടം പിരിക്കുന്നവർ അവളെ നിരന്തരം പരിഹസിക്കുകയും അവളുടെ പോരാട്ടങ്ങളെ മറികടക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തു. അങ്ങനെ കടുത്ത നിരാശയോടെ, യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് അവൾ ഒരു ആത്മഹത്യാക്കുറിപ്പ് പോലും എഴുതിയിരുന്നു, എന്നിരുന്നാലും  ദൈവത്തിൽ നിന്നുള്ള ഒരു അന്തിമ അത്ഭുതം പ്രതീക്ഷിച്ചിരുന്നു. പ്രാർത്ഥനായോഗത്തിനിടയിൽ, പരിശുദ്ധാത്മാവ് ഈ പ്രാവചനിക വാക്കുകൾ പറയാൻ എന്റെ ഹൃദയത്തെ പ്രേരിപ്പിച്ചു: "രാസാത്തി, നിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം നീ അഗാധമായ ദുഃഖത്തോടെയാണ് ഇവിടെ വന്നത്. എന്നാൽ ഇന്നു മുതൽ കർത്താവ് നിന്നെ അനുഗ്രഹിക്കും, നിന്റെ ദുഃഖങ്ങൾ സന്തോഷമായി മാറും." ആ വാക്കുകൾ കേട്ട നിമിഷം, ദൈവത്തിന്റെ സാന്നിധ്യം അവളുടെ ഹൃദയത്തെ സമാധാനവും പുതുക്കിയ പ്രത്യാശയും കൊണ്ട് നിറച്ചു. ആ ദിവസം മുതൽ, കർത്താവ് അവളുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി, അത്ഭുതകരമായി വാതിലുകൾ തുറന്നു കൊടുത്തു. അതിലൂടെ അവൾക്ക് എല്ലാ കടങ്ങളും പൂർണ്ണമായി തീർക്കാൻ സാധിച്ചു. എന്റെ സുഹൃത്തേ, ഇതാണ് ദൈവത്തിന്റെ പ്രാവചനിക ശുശ്രൂഷയുടെ സൌന്ദര്യം. അവൻ നിങ്ങളുടെ വേദന കാണുന്നു, നിങ്ങളുടെ ഇരുണ്ട നിമിഷങ്ങളിൽ പ്രത്യാശയുടെ വചനങ്ങൾ സംസാരിക്കുന്നു, നിങ്ങളുടെ കഥ അവസാനിച്ചിട്ടില്ലെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു, കാരണം അവന്റെ കരം ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ ഉണ്ട്.

PRAYER:
സ്വർഗ്ഗീയ പിതാവേ, വിശ്വസ്തതയോടെ അങ്ങയെ അനുഗമിക്കുന്നവർക്കായി നിത്യ പ്രതിഫലങ്ങൾ ഒരുക്കിയതിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതത്തിലെ എല്ലാ കാലഘട്ടങ്ങളിലും അങ്ങയോടു ചേർന്നുനിൽക്കാൻ എന്നെ സഹായിക്കണമേ. എല്ലാ ദിവസവും നീതിയിലും താഴ്മയിലും അനുസരണയിലും നടക്കാൻ എന്നെ പഠിപ്പിക്കണമേ. തകർന്നവരെ ആശ്വസിപ്പിക്കാനും തളർന്നവരെ ശക്തിപ്പെടുത്താനും എന്റെ ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കണമേ. അങ്ങയുടെ നന്മയെ പ്രതിഫലിപ്പിക്കാനും മറ്റുള്ളവരെ അങ്ങയോട് കൂടുതൽ അടുപ്പിക്കാനും എന്നെ ഒരു പാത്രമായി ഉപയോഗിക്കണമേ. പരീക്ഷണങ്ങൾ എന്നെ വലയം ചെയ്യുമ്പോഴും എന്റെ കണ്ണുകൾ എപ്പോഴും സ്വർഗ്ഗത്തിൽ ഉറപ്പിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ സ്നേഹത്തിന്റെ പ്രയത്നം ഒരിക്കലും മറക്കാത്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.