“ഞാൻ അവരിൽ സന്തോഷിച്ചു അവർക്കു ഗുണം ചെയ്യും" എന്ന് യിരെമ്യാവ് 32:41-ൽ കർത്താവ് പറയുന്നു. ദൈവം നിങ്ങളെക്കുറിച്ച് സന്തോഷിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴും ഓർക്കണം. മനുഷ്യൻ നിങ്ങളെ കുറ്റം വിധിച്ചിരിക്കാം. മനുഷ്യൻ നിങ്ങളെ തള്ളികളഞ്ഞിരിക്കാം. മനുഷ്യൻ നിങ്ങളെ തെറ്റായി കുറ്റപ്പെടുത്തിയിരിക്കാം. മനുഷ്യൻ നിങ്ങളെ തെറ്റിദ്ധരിച്ചിരിക്കാം. നിങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ചിന്തകൾ, നിങ്ങൾ കുറവുള്ളവരാണെന്നും അപര്യാപ്തരാണെന്നും പറഞ്ഞേക്കാം. എന്നാൽ ദൈവം പറയുന്നു, "എന്റെ പൈതലേ, ഞാൻ നിന്നെക്കുറിച്ച് സന്തോഷിക്കുന്നു. നീ എന്നെ തേടി വന്നവനാണ്. നിന്നെ സഹായിക്കാൻ നീ എന്നോട് അപേക്ഷിച്ചിട്ടുണ്ട്. നിന്റെ ജീവിതം നീ എൻറെ കൈകളിൽ സമർപ്പിച്ചിരിക്കുന്നു. എന്നെ അനുഗമിക്കാൻ നീ തിരഞ്ഞെടുത്തിരിക്കുന്നു. നിന്റെ കാര്യത്തിൽ ഞാൻ സന്തോഷിക്കുന്നു. അതെ, എന്റെ പൈതലേ, നിനക്ക് എപ്പോഴും എന്റെ നന്മ ഉണ്ടായിരിക്കും."
എന്നാൽ എന്റെ സുഹൃത്തേ, നിങ്ങൾ ഇങ്ങനെ പറഞ്ഞേക്കാം, "ഞാൻ യേശുവിന്റെ മുമ്പിൽ കുറവുള്ളവനാണ്. എനിക്ക് തെറ്റായ ചിന്തകളുണ്ടായിരുന്നു. എനിക്ക് തെറ്റായ വികാരങ്ങൾ ഉണ്ടായിരുന്നു. ഞാൻ തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കർത്താവിനോട് ചോദിക്കാതെ ഞാൻ കാര്യങ്ങൾ ചെയ്തു. കരുതേണ്ട രീതിയിൽ ഞാൻ മറ്റുള്ളവരെ പരിചരിച്ചിട്ടില്ല." അതെ, ദൈവമുമ്പാകെ പൂർണതയുള്ളവരായിരിക്കാൻ അത്തരം ഭയം ഉണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. കാരണം കർത്താവ് പറയുന്നു, "വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ." നമ്മുടെ ഭാഗത്ത് നിന്ന്, നാം നമ്മുടെ ബലഹീനതകൾ വിശകലനം ചെയ്യുകയും എല്ലായ്പ്പോഴും പരിപൂർണ്ണതയോടെ നടക്കാൻ ശ്രമിക്കുകയും വേണം. പരിപൂർണ്ണമായ ഒരു ജീവിതത്തിലേക്ക് നടക്കാൻ ദൈവം നമുക്ക് കൃപ നൽകുന്നു. എന്നാൽ നമുക്ക് അപര്യാപ്തതകൾ ഉണ്ടാകുമ്പോഴോ അല്ലെങ്കിൽ നാം ചെയ്തത് ശരിയല്ലെന്ന് തോന്നുമ്പോഴോ ദൈവം നമ്മെക്കുറിച്ച് സന്തോഷിക്കുന്നത് അവസാനിപ്പിച്ചുവെന്ന് അർത്ഥമാക്കുന്നില്ല.
വേദപുസ്തകം പറയുന്നു, "ഘോഷത്തോടെ കർത്താവ് നിങ്കൽ ആനന്ദിക്കും." ദൈവം ഇന്നലെയും ഇന്നും എന്നെന്നേക്കും മാറാത്തവനാണ്. നിങ്ങളുടെ ആത്മാവിനെ നിങ്ങൾ യേശുവുമായി ബന്ധിപ്പിച്ച നിമിഷം മുതൽ അവൻ നിങ്ങളെക്കുറിച്ച് ആനന്ദിക്കാൻ തുടങ്ങുന്നു. നിങ്ങളെക്കുറിച്ചുള്ള കർത്താവിന്റെ ആ ആനന്ദമാണ് അവന്റെ ശക്തിയാൽ നിങ്ങളുടെ എല്ലാ ബലഹീനതകളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുന്നത്. നിങ്ങളുടെ ശക്തി കൊണ്ടല്ല, മറിച്ച് യേശു നിങ്ങളെക്കുറിച്ച് സന്തോഷിക്കുന്നതിലൂടെ എല്ലാ ബലഹീനതകളെയും മറികടക്കാൻ നിങ്ങൾക്ക് ശക്തിയുണ്ട്. നിങ്ങളുടെ ബലഹീനതയിൽ നിന്ന് പുറത്തുവരാനും പൂണ്ണജയം പ്രാപിച്ചവരാകാനും നിങ്ങൾക്ക് കഴിയും. ദൈവം ഇന്ന് നിങ്ങൾക്ക് ആ കൃപ നൽകട്ടെ. ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങളിൽ നിങ്ങൾ സന്തോഷിക്കുകയും ചെയ്യും. യേശു നിങ്ങളെക്കുറിച്ച് സന്തോഷിക്കുമ്പോൾ, അവൻ നിങ്ങളോട് നന്മ ചെയ്യുന്നത് ഒരിക്കലും അവസാനിപ്പിക്കില്ല. ഒന്നിനു പിറകെ ഒന്നായി അനുഗ്രഹങ്ങൾ വരുന്നു (യിരെമ്യാവു 32:40, യോഹന്നാൻ 1:16). ഇന്ന്, ഈ അനുഗ്രഹം നിങ്ങൾക്ക് വരുന്നു.
PRAYER:
സ്നേഹവാനായ പിതാവേ, ഞാൻ അയോഗ്യനും ബലഹീനനും ആണെന്ന് തോന്നുമ്പോഴും എന്നെക്കുറിച്ച് സന്തോഷിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്റെ പരാജയങ്ങൾക്കപ്പുറം എന്നെ സ്നേഹിച്ചതിനും എന്റെ തകർച്ചയിൽ സൌന്ദര്യം കണ്ടതിനും അങ്ങയുടെ നന്മ എന്റെ ജീവിതത്തിൽ വർഷിച്ചതിനും നന്ദി. പിതാവേ, എന്റെ അപര്യാപ്തതകളും ആകുലതകളും കുറവുകളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ സന്തോഷത്താൽ എന്നെ ശക്തിപ്പെടുത്തണമേ. എന്റെ ബലഹീനതകളെ മറികടന്ന് അങ്ങയുടെ കൃപയുടെ പൂർണ്ണതയിൽ നടക്കാൻ എനിക്ക് കഴിയേണ്ടതിന് എന്നെക്കുറിച്ച് ആനന്ദിക്കുകയും എന്നെക്കുറിച്ച് ഘോഷിക്കുകയും ചെയ്യണമേ. അങ്ങ് വാഗ്ദാനം ചെയ്തതുപോലെ അങ്ങയുടെ അനുഗ്രഹങ്ങൾ ഒന്നിനുപുറകെ ഒന്നായി ഒഴുകട്ടെ. ഇന്ന്, ഞാൻ അങ്ങയുടെ സ്നേഹം സ്വീകരിക്കുന്നു, അങ്ങയുടെ ശക്തി സ്വീകരിക്കുന്നു, അങ്ങ് എന്നിൽ സന്തോഷിക്കുന്നതിനാൽ ഞാൻ സന്തോഷിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.