പ്രിയ സുഹൃത്തേ, യെശയ്യാവ് 62:5-ൽ എഴുതിയിരിക്കുന്നതുപോലെ, “മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും." തന്റെ ജനമായ യിസ്രായേലിന്റെ മധ്യേ വസിക്കാൻ കർത്താവിന് ഇഷ്ടമായിരുന്നു, യെശയ്യാവ് 65:19-ൽ അവൻ ഇപ്രകാരം പ്രഖ്യാപിക്കുന്നു, "ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും." വീണ്ടും, യെശയ്യാവ് 62:4-ൽ, കർത്താവ് പറയുന്നു, "നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്റെ ദേശത്തിന്നു ബെയൂലാ (വിവാഹസ്ഥ) എന്നും പേർ ആകും. യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന്നു വിവാഹം കഴിയും." ദൈവം തൻറെ വധുവായ യെരുശലേമിനെ "ഹെഫ്സീബാ" എന്ന് വിളിക്കുന്നു, അതിനർത്ഥം "എന്റെ സന്തോഷം അവളിൽ ആകുന്നു" എന്നാണ്.
യെശയ്യാവ് 62:12-ൽ കർത്താവ് ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു, "അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേർ ആകും." ദൈവം അവൾക്ക് ഒരു പുതിയ തുടക്കം നൽകുന്നുവെന്ന് കാണിക്കുന്നവിധത്തിൽ യിസ്രായേലിൻറെ പേര് മരുഭൂമിയിൽ നിന്ന് പല പുതിയ പേരുകളായി മാറ്റാൻ അവൻ പദ്ധതിയിട്ടു. ഇന്നും, യിസ്രായേലിന് ചുറ്റും അവളുടെ നാശം തേടുന്ന ശത്രുക്കൾ ഉണ്ടെങ്കിലും, "ദൈവം അവളിൽ പ്രസാദിച്ചിരിക്കുന്നു" എന്നതിനാൽ അവൾ അതിജീവിക്കുന്നു. തീർച്ചയായും, അവൾക്കുവിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല. ദൈവം തന്റെ ജനത്തെ സ്നേഹിക്കുമ്പോൾ, അവൻ അവരെ സംരക്ഷിക്കുകയും എല്ലാ ശാപത്തെയും അനുഗ്രഹമാക്കി മാറ്റുകയും ചെയ്യുന്നു.
നിങ്ങളുടെ ആദ്യ ശത്രുവായ പിശാച് നിങ്ങളുടെ മേൽ ശാപങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചേക്കാം. എന്നാൽ കുരിശിലെ യേശുക്രിസ്തുവിന്റെ യാഗത്തിലൂടെ എല്ലാ ശാപങ്ങളും തകർക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. യേശു നിങ്ങളെക്കുറിച്ച് സന്തോഷിക്കുന്നു, തൻറെ മണവാട്ടിയായ നമ്മെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ അവൻ വളരെ വേഗം മടങ്ങിവരും. അവിടെവെച്ച് അവനോടൊപ്പം നാം എന്നേക്കും സന്തോഷിക്കും. മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിങ്ങളുടെ ദൈവം നിങ്ങളിൽ സന്തോഷിക്കുന്നു. ദൈവാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ അവൻ നിങ്ങളെ വിവരിക്കാനാവാത്ത സന്തോഷത്താൽ നിറയ്ക്കുന്നു; അത്രമാത്രം ആഴത്തിലാണ് കർത്താവ് നിങ്ങളിൽ ആനന്ദിക്കുന്നത്.
PRAYER:
സ്നേഹവാനായ കർത്താവേ, ഒരു മണവാളൻ തന്റെ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ എന്നിൽ സന്തോഷിക്കുന്നതിനു അങ്ങേക്ക് നന്ദി. എന്നെ വിമുക്തയെന്നും വിശുദ്ധയെന്നും ഉപേക്ഷിക്കപ്പെടാത്തവളെന്നും വിളിച്ചതിനു നന്ദി. അങ്ങ് എന്നിൽ പ്രസാദിക്കുന്നതിനാലും, ശത്രുവിന്റെ എല്ലാ അമ്പുകളിൽ നിന്നും എല്ലാ ശാപങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കുന്നതിനാലും ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവ്, വിവരിക്കാനാവാത്ത സന്തോഷവും സമാധാനവും കൊണ്ട് എന്നെ നിറയ്ക്കട്ടെ. സ്വർഗത്തിൽ എന്നന്നേക്കുമായി അങ്ങയോടൊപ്പം സന്തോഷിക്കാൻ എനിക്ക് കഴിയേണ്ടതിന് ദയവായി അങ്ങയുടെ വരവിനായി എന്റെ ഹൃദയം ഒരുക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.