ഹാലോ സുഹൃത്തുക്കളെ, ഇന്ന് നാം യെശയ്യാവ് 46:4 വായിക്കാൻ പോകുന്നു. വേദപുസ്തകം ഇപ്രകാരം പറയുന്നു, "നിങ്ങളുടെ വാർദ്ധക്യംവരെ ഞാൻ അനന്യൻ തന്നേ ... ഞാൻ ചുമന്നു വിടുവിക്കയും ചെയ്യും." അതെ, നിങ്ങളുടെ വാർദ്ധക്യം വരെ നിങ്ങളെ വഹിക്കാമെന്ന് കർത്താവ് വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും നാം നമ്മുടെ ഭാവിയെക്കുറിച്ച് ആകുലപ്പെടാറുണ്ട്. ഇന്നത്തെ ലോകത്ത് ആളുകൾക്കിടയിൽ വലിയൊരു ഏകാന്തത നിലനിൽക്കുന്നുണ്ട്. നാം ഇങ്ങനെ ചിന്തിച്ചേക്കാം, "കർത്താവേ, 40 അല്ലെങ്കിൽ 50 വർഷങ്ങൾക്ക് ശേഷം ഞാൻ എന്താണ് ചെയ്യാൻ പോകുന്നത്? ഞാൻ ഒറ്റയ്ക്കായിരിക്കും. എന്റെ ജീവിതപങ്കാളിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ എന്തു ചെയ്യും? എന്നെ ആര് പരിപാലിക്കും? എന്റെ ആവശ്യങ്ങൾ ആര് കൈകാര്യം ചെയ്യും? നമുക്ക് ഇങ്ങനെ തോന്നുന്നത് സ്വാഭാവികമാണ്.
എന്നാൽ ഇന്ന്, നിങ്ങളുടെ വാർദ്ധക്യം വരെ അവൻ നിങ്ങളെ വഹിക്കുമെന്ന് കർത്താവ് പറയുന്നു. ഈ വാക്യം വായിച്ചപ്പോൾ ഞങ്ങളുടെ മുത്തശ്ശിയായ സ്റ്റെല്ലാ ദിനകരനെ ഓർമ്മ വന്നു. ഒരു ദിവസം, ഞാൻ വളരെ ഉത്കണ്ഠാകുലയായി അവരോട് ചോദിച്ചു, "മുത്തശ്ശി, ഞാൻ വന്ന് നിങ്ങളെ സഹായിക്കട്ടെ? നിങ്ങൾക്ക് സഹായം ആവശ്യമായി വരും. ഞാൻ വന്ന് സഹായിക്കട്ടെ?" ഞങ്ങളെല്ലാവരും ഒരു മീറ്റിംഗിന് പുറത്തുപോയിരിക്കുകയായിരുന്നു, അവർ അവിടെ ഒറ്റയ്ക്കായിരുന്നു. ഞാൻ അവരോട് ചോദിച്ചു, "നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും? നിങ്ങൾ ഒറ്റയ്ക്കായിരിക്കുമല്ലോ." അവർ എന്നോട് പറഞ്ഞു, "ഞാൻ എന്തിന് വിഷമിക്കണം? യേശു എന്നോടുകൂടെ ഉണ്ട്. യേശു എല്ലാം നോക്കിക്കൊള്ളും. എനിക്ക് ഒരിക്കലും മടുപ്പ് തോന്നാറില്ല. ഞാൻ അവനോട് സംസാരിച്ചുകൊണ്ടേയിരിക്കും, അവൻ എന്നോടും സംസാരിച്ചുകൊണ്ടേയിരിക്കും."
അതെ, നിങ്ങളിൽ പലരും ഇതേ രീതിയിൽ ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. "ഞാൻ ഇനി എന്തുചെയ്യും?" എന്നാൽ ഇന്ന്, അവൻ നിങ്ങളെ വഹിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കർത്താവ് പറയുന്നു. മുത്തശ്ശി, ഇന്നുവരെ, രാവിലെ വാതിൽ തുറക്കുമ്പോൾ പോലും അവരെ സഹായിക്കാൻ ആരെയും അനുവദിക്കുന്നില്ല. അവർ എപ്പോഴും പറയുന്നു, "ദൈവം എനിക്ക് ശക്തി നൽകിയിട്ടുണ്ട്, ഞാൻ എന്നെത്തന്നെ നോക്കിക്കൊള്ളും." അതെ, എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് കർത്താവ് നിങ്ങളിൽ ഓരോരുത്തരേയും അതേ ശക്തി കൊണ്ട് നിറയ്ക്കാൻ പോകുന്നു. യെശയ്യാവ് 40:29-30-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു." അതെ, കർത്താവ് നിങ്ങൾക്ക് ഈ ശക്തി നൽകുകയും നിങ്ങളെ വഹിക്കുകയും ചെയ്യും. നമുക്ക് അത് കർത്താവിൽ നിന്ന് സ്വീകരിക്കാം.
PRAYER:
പ്രിയ കർത്താവേ, എന്റെ ജീവിതകാലം മുഴുവനും, എന്റെ വാർദ്ധക്യത്തിലും എന്നെ വഹിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയുള്ളവരെയും, ഒറ്റയ്ക്ക് താമസിക്കുന്ന അല്ലെങ്കിൽ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന എല്ലാവരേയും ശക്തിപ്പെടുത്തണമേ. മക്കൾ തങ്ങളെ പരിപാലിക്കാത്തതിനാൽ വേദനിക്കുന്നവരുടെ കൂടെയിരിക്കണമേ, അവരെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. അവർക്ക് ഒരിക്കലും ഏകാന്തതയോ ദുഃഖമോ അനുഭവപ്പെടാതിരിക്കട്ടെ. അവർക്ക് ശക്തിയും സമാധാനവും അവർക്ക് ആവശ്യമുള്ളതുമെല്ലാം നൽകണമേ. എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും നീക്കി, ഓരോ ദിവസവും അവരെ പരിപാലിക്കണമേ. യേശു എല്ലായ്പ്പോഴും അവരോടൊപ്പമുണ്ടെന്നും അവരെ പരിപാലിക്കുമെന്നും ഓർമ്മിക്കാൻ അവരെ സഹായിക്കണമേ. അങ്ങയുടെ സാന്നിധ്യം, ആശ്വാസം, ശക്തി, സന്തോഷം എന്നിവയാൽ അവരുടെ ജീവിതം നിറയ്ക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


