പ്രിയ സുഹൃത്തേ, ഇന്ന് നാം എഫെസ്യർ 1:3-ൽ നിന്ന് ധ്യാനിക്കാൻ പോകുന്നു, "സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്നു." ദൈവം നമുക്ക് ഭൌതിക അനുഗ്രഹങ്ങൾ നൽകുക മാത്രമല്ല, ആത്മീയ അനുഗ്രഹങ്ങളും അതായത് സകല സ്വർഗ്ഗീയ അനുഗ്രഹങ്ങളും നൽകി നമ്മെ അനുഗ്രഹിക്കുന്നതിൽ അവൻ സന്തുഷ്ടനാണ്. എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വരുന്നുവെന്ന് വേദപുസ്തകം പറയുന്നു. ദൈവം നമുക്ക് നൽകുമ്പോൾ, അത് പരിപൂർണ്ണമാണ്, കാരണം അവൻ ഒരു പരിപൂർണ്ണ ദൈവമാണ്. അവൻ നമ്മെ ലൌകിക അനുഗ്രഹങ്ങളാൽ അനുഗ്രഹിക്കുക മാത്രമല്ല, നാം പൂർണ്ണരായിരിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു; അതുകൊണ്ടാണ് അവൻ നമുക്ക് ആത്മീയ അനുഗ്രഹങ്ങൾ നൽകുന്നത്. ദൈവം സമൃദ്ധിയുടെ ദൈവമാണ്. അവന്റെ സമൃദ്ധിയിൽ നിന്ന് നമുക്കെല്ലാവർക്കും ഒന്നിനുപുറകെ ഒന്നായി കൃപ ലഭിച്ചിട്ടുണ്ട്. 2 കൊരിന്ത്യർ 9:8-ൽ പറഞ്ഞിരിക്കുന്നതുപോലെ, "നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു." എല്ലാ സൽപ്രവൃത്തികളിലും, നമുക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളിലും കർത്താവ് തന്റെ നന്മയാൽ നമ്മെ നിറയ്ക്കുന്നു.

അവൻ നമ്മെ മഹത്വത്തിൽ നിന്നു മഹത്വത്തിലേക്കു തന്റെ സാദൃശ്യമാകുവാൻ ആഗ്രഹിക്കുന്നു. നിരന്തരം വർദ്ധിച്ചുവരുന്ന മഹത്വത്തോടെ അവൻ നമ്മെ തന്റെ പ്രതിച്ഛായയാക്കി മാറ്റുന്നു. ഇതും കർത്താവിൽ നിന്നാണ് വരുന്നത്. ക്രിസ്തുവിൽ വ്യക്തിത്വം ലഭിക്കുമ്പോൾ, നിങ്ങൾ ഒരു 'സുവിശേഷകൻ' മാത്രമല്ല, 'ക്രിസ്തുവിൽ സുവിശേഷകൻ' ആയിരിക്കും. നിങ്ങൾ ഒറ്റയ്ക്കല്ല, പ്രിയ സുഹൃത്തേ. നിങ്ങൾ ക്രിസ്തുവിനോടുകൂടെ ക്രിസ്തുവിന്റെ പൂർണതയോടുകൂടെ ഇരിക്കുന്നു. അതുകൊണ്ടാണ് യോഹന്നാൻ 15:5-ൽ കർത്താവായ യേശു പറയുന്നത്, "എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല." അതെ, അവൻ തന്റെ നാമം നമ്മിൽ സ്ഥാപിക്കുന്നു. അവൻ അക്ഷരാർത്ഥത്തിൽ നമ്മുടെ മേൽ ഒരു മുദ്ര പതിപ്പിക്കുന്നു. അതാണ് നാം II കൊരിന്ത്യർ 1:22 - ൽ കാണുന്നത്. അവൻ തന്റെ ഉടമസ്ഥാവകാശത്തിന്റെ മുദ്ര നമ്മുടെ മേൽ വെക്കുന്നു. ദൈവത്തിന്റെ നാമം നിങ്ങളുടെ മേൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം ചെയ്യാൻ കഴിയും. നിങ്ങൾ വളരെയധികം വിജയിക്കും.

നമ്മുടെ കാരുണ്യാ പൂർവ്വ വിദ്യാർത്ഥികൾ ഇതുപോലെ സാക്ഷ്യപ്പെടുത്താറുണ്ടായിരുന്നു: അവർ എവിടെ പോയാലും ആളുകൾ അവരെ നോക്കി ഇങ്ങനെ പറയും, "നിങ്ങളിൽ എന്തോ ഉണ്ട്. നിങ്ങളുടെ മേൽ ഒരു പ്രത്യേക കൃപ ഞാൻ കാണുന്നു." പ്രത്യേകിച്ച് അവരുടെ ജോലിസ്ഥലങ്ങളിൽ, അവരുടെ ഉടമസ്ഥരും അവരെക്കുറിച്ച് ഇങ്ങനെ സാക്ഷ്യപ്പെടുത്താറുണ്ടായിരുന്നു: " നിങ്ങൾ എന്ത് ചെയ്താലും, കർത്താവ് അതിനെ അനുഗ്രഹിക്കുന്നു. നിങ്ങളിൽ എന്തോ ഒരു പ്രത്യേകതയുണ്ട്." എന്താണ് ആ പ്രത്യേകത? അതാണ് ക്രിസ്തുവിലുള്ള വ്യക്തിത്വം. ഞങ്ങളുടെ പിതാവായ സഹോദരൻ ദിനകരൻ കരുണ്യയിലെ വിദ്യാർത്ഥികൾക്കായി ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു. അടുത്ത വർഷം പുറത്തുപോകുന്ന നാലാം വർഷ വിദ്യാർത്ഥികളെ അദ്ദേഹം അനുഗ്രഹിക്കുമ്പോഴെല്ലാം, അദ്ദേഹം ഇങ്ങനെ പ്രാർത്ഥിക്കും: "കർത്താവായ  ദൈവമേ, ഈ കുട്ടികൾക്ക് ഞാൻ പ്രത്യേക കൃപ നൽകി അനുഗ്രഹിക്കുന്നു.  ലൌകികമായ അളവിൽ മാത്രമല്ല അവർ അനുഗ്രഹിക്കപ്പെടേണ്ടത്. അവർ ആത്മീയമായും അനുഗ്രഹിക്കപ്പെടണം. ദൈവമേ, സകല കൃപകളാലും അവരെ നിറയ്ക്കണമേ." ഞങ്ങളുടെ പിതാവിന്റെ പ്രാർത്ഥനകൊണ്ടാണ് ഈ മക്കൾ ഇന്ന് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതെന്ന് ഞാൻ അറിയുന്നു. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹൃദയവും ഇതാണ്: എന്റെ മക്കളെ സകല സ്വർഗ്ഗീയ അനുഗ്രഹങ്ങളാലും ഭൗതിക അനുഗ്രഹങ്ങളാലും ഞാൻ അനുഗ്രഹിക്കട്ടെ. യാക്കോബ്, തന്റെ മകൻ യോസേഫിനെ അനുഗ്രഹിച്ചപ്പോൾ, അവൻ ഇങ്ങനെയൊരു പ്രാർത്ഥനയാണ് നടത്തിയത്. അതെ, ഇന്ന് ഭൂമിയിലെ അനുഗ്രഹങ്ങളും സ്വർഗ്ഗീയ അനുഗ്രഹങ്ങളും നിങ്ങളുടെ മേൽ വരട്ടെ.

PRAYER:
സ്വർഗ്ഗീയ പിതാവേ, ക്രിസ്തുവിൽ എല്ലാ ആത്മീയ അനുഗ്രഹങ്ങളും നൽകി എന്നെ അനുഗ്രഹിച്ചതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ സമൃദ്ധിയാൽ എന്നെ നിറയ്ക്കുകയും ഒന്നിനുപുറകെ ഒന്നായി എനിക്ക് അനുഗ്രഹം നൽകുകയും ചെയ്യേണമേ. എന്നെ മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്ക് അങ്ങയുടെ പ്രതിച്ഛായയിലേക്ക് രൂപാന്തരപ്പെടുത്തണമേ. അങ്ങയുടെ നാമം എന്റെ മേൽ സ്ഥാപിക്കുകയും അങ്ങയുടെ ഉടമസ്ഥാവകാശ മുദ്ര എന്റെ മേൽ വയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ പ്രത്യേക കൃപ എന്റെ ജീവിതത്തിൽ കാണപ്പെടട്ടെ. സ്വർഗ്ഗീയവും ഭൌമികവുമായ അനുഗ്രഹങ്ങൾ  നൽകി എന്നെ അനുഗ്രഹിക്കണമേ. എല്ലാ സൽ പ്രവൃത്തികളിലും എന്നെ സമൃദ്ധമായി സഹായിക്കണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു.  ആമേൻ.