പ്രിയ സുഹൃത്തേ, നമ്മുടെ വേദനയിൽ നാം പലതവണ കരയുന്നു, "കർത്താവേ, അങ്ങ് എന്നെ മറന്നോ? എന്തുകൊണ്ടാണ് ഈ കഷ്ടപ്പാടും ഈ തിരസ്കരണവും ഈ അപവാദവും?" എന്നാൽ വേദപുസ്തകം നമുക്ക് ഇപ്രകാരം ഉറപ്പുനൽകുന്നു, "യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും" (സങ്കീർത്തനം 115:12). എത്ര മനോഹരമായ ഒരു വാഗ്‌ദത്തം! കർത്താവ് തന്റെ മക്കളെ ഒരിക്കലും മറക്കില്ല. അവൻ തന്റെ ഉള്ളങ്കയ്യിൽ  നമ്മുടെ പേരുകൾ വരെച്ചിരിക്കുന്നു. ഈ ഭൂമിയിൽ കോടിക്കണക്കിന് ജനങ്ങൾ ഉണ്ടെങ്കിലും ദൈവത്തിന് നമ്മെ ഓരോരുത്തരേയും പേരുകൊണ്ട് അറിയുന്നു. അവൻ എല്ലാ നക്ഷത്രങ്ങളെയും പേർ ചൊല്ലി വിളിക്കുന്നു, എന്നിട്ടും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട നാം എത്രയോ വിലപ്പെട്ടവരാണ്! നിങ്ങൾ അവന്റെ മുമ്പിൽ വിശ്വസ്തതയോടെ നടക്കുമ്പോൾ, നിങ്ങളുടെ ഭക്തിയും കണ്ണീരും പ്രാർത്ഥനകളും നിങ്ങളുടെ സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികൾ പോലും അവൻ ഓർക്കുന്നു. അവന്റെ നാമത്തിനുവേണ്ടി നിങ്ങൾ ചെയ്ത പ്രവൃത്തി മറക്കാൻ അവൻ അനീതിയുള്ളവനല്ല. ഇന്ന്, ദൈവം നിങ്ങളോട് പറയുന്നു, "എന്റെ പൈതലേ, ഞാൻ നിന്നെ ഓർക്കുന്നു. ഞാൻ നിന്നെ അനുഗ്രഹിക്കും."

ദൈവം തന്റെ ജനത്തെ ഓർക്കുന്നതിന്റെ മനോഹരമായ ഉദാഹരണങ്ങൾ വേദപുസ്തകം നമുക്ക് നൽകുന്നു. ഹിസ്കീയാവ് രാജാവിനോട് താൻ മരിക്കുമെന്ന് പറഞ്ഞപ്പോൾ, അവൻ യെശയ്യാവ് 38:3-ൽ ഇങ്ങനെ നിലവിളിച്ചു, “ അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ." യഹോവ അവന്റെ പ്രാർത്ഥന കേട്ട്, അവന്റെ വിശ്വസ്തതയെ ഓർക്കുകയും അവന്റെ ആയുസ്സിനോടു പതിനഞ്ച് സംവത്സരം കൂട്ടിച്ചേർക്കുകയും ചെയ്തു. അതുപോലെ, ബലവും കാഴ്ചയും നഷ്ടപ്പെട്ടപ്പോൾ ശിംശോൻ ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ" (ന്യായാധിപന്മാർ 16:28). ദൈവം അവന്റെ വാക്കു കേൾക്കുകയും ശത്രുക്കളെ കീഴടക്കാൻ അവനെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്തു. നെഹെമ്യാവ് യെരൂശലേമിന്റെ മതിലുകൾ പുനർനിർമ്മിക്കുമ്പോൾ എതിർപ്പുകൾ നേരിടേണ്ടി വന്നു. അപ്പോൾ  അവൻ ഇങ്ങനെ നിലവിളിച്ചു "എന്റെ ദൈവമേ, ഞാൻ ഈ ജനത്തിന്നു വേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മെക്കായിട്ടു ഓക്കേണമേ." (നെഹെമ്യാവ് 5:19). കർത്താവ് അവന് രാജാവിന്റെ മുമ്പാകെ  കൃപയും ശത്രുക്കളുടെ മേൽ വിജയവും നൽകി. ഈ ദാസന്മാർ ഓരോരുത്തരും ലളിതമായ ഒരു പ്രാർത്ഥന പ്രാർത്ഥിച്ചു - "കർത്താവേ, എന്നെ ഓർക്കേണമേ". അപ്പോൾ ദൈവം കരുണയോടും ശക്തിയോടും പുനഃസ്ഥാപനത്തോടും കൂടി പ്രതികരിച്ചു.

പ്രിയ സുഹൃത്തേ, ഹന്നയെ വന്ധ്യതയിൽ ഓർത്ത അതേ ദൈവം ഇന്ന് നിങ്ങളെയും ഓർക്കും. " യഹോവേ, അടിയനെ ഓർക്കയും അടിയന് ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്യേണമേ " (1 ശമൂവേൽ 1:11) എന്ന് അവൾ നിലവിളിച്ചു. ദൈവം അവളുടെ നിലവിളി കേട്ട് അവൾക്ക് ശമൂവേലിനെ നൽകി അനുഗ്രഹിക്കുകയും അവളുടെ ദുഃഖം സന്തോഷമാക്കി മാറ്റുകയും ചെയ്തു. രോഗമോ ഏകാന്തതയോ കുടുംബ പ്രശ്‌നങ്ങളോ ആകട്ടെ, ഹന്നയെ ഓർത്ത കർത്താവ് നിങ്ങളുടെ ആവശ്യത്തിൽ നിങ്ങളെയും ഓർക്കും. അവൻ ഹിസ്കീയാവിനെപ്പോലെ നിങ്ങളെയും സൗഖ്യമാക്കും, ശിംശോനെപ്പോലെ നിങ്ങളെയും ശക്തിപ്പെടുത്തും, നെഹെമ്യാവിനെപ്പോലെ നിങ്ങൾക്ക് കൃപ ലഭിക്കും, ഹന്നയെപ്പോലെ നിങ്ങളെ അനുഗ്രഹിക്കും. ഓരോ പ്രാർത്ഥനയും ഓരോ കണ്ണീരും വിശ്വാസത്തിന്റെ ഓരോ പ്രവൃത്തിയും അവൻ ഓർക്കുന്നു. കർത്താവ് നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും നിങ്ങളുടെ ഭൂതകാലം ക്ഷമിക്കുകയും നിങ്ങളെ വീണ്ടും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. ഈ സത്യം മുറുകെപ്പിടിക്കുക. ദൈവം നിങ്ങളെ മറന്നിട്ടില്ല. നിങ്ങളെ ഉയർത്താനും നഷ്ടപ്പെട്ടവ പുനഃസ്ഥാപിക്കാനും നിങ്ങളുടെ പേര് അവന്റെ മഹത്വത്തിന് സാക്ഷ്യമാക്കാനും അവൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നു.

PRAYER:
സ്‌നേഹവാനായ സ്വർഗ്ഗീയ പിതാവേ, എന്റെ ഏറ്റവും താഴ്ന്ന നിമിഷങ്ങളിൽ പോലും എന്നെ ഓർക്കുന്നതിന് അങ്ങേക്ക് നന്ദി. കർത്താവേ, ഞാൻ വേദനയോടെ നിലവിളിക്കുമ്പോൾ എന്നെ ഓർക്കേണമേ. എന്റെ കണ്ണുനീർ കാണുകയും എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യേണമേ. ഞാൻ രോഗിയായിരിക്കുമ്പോൾ എന്നെ സുഖപ്പെടുത്തുകയും കഷ്ടപ്പാടുകളുടെ കിടക്കയിൽ നിന്ന് എന്നെ ഉയർത്തുകയും ചെയ്യേണമേ. ഞാൻ ദുർബലനായിരിക്കുമ്പോൾ എന്നെ ശക്തിപ്പെടുത്തുകയും ഞാൻ വീണുപോകുമ്പോൾ എന്നെ വീണ്ടെടുക്കുകയും ചെയ്യേണമേ. ഞാൻ എതിർപ്പുകൾ അഭിമുഖീകരിക്കുമ്പോൾ എനിക്ക് അങ്ങയുടെ കൃപ കാണിക്കുകയും എനിക്ക് വിജയം നൽകുകയും ചെയ്യേണമേ. കർത്താവേ, എന്നെ ഓർക്കുകയും എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളാൽ എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ. സന്തോഷവും സമാധാനവും കൊണ്ട് എന്നെ നിറയ്‌ക്കേണമേ, അങ്ങ് അടുത്താണെന്നും എന്നെ സ്നേഹിക്കുന്നുവെന്നും എപ്പോഴും എന്നെ അറിയിക്കേണമേ. കർത്താവേ, എന്നെ ഓർക്കുകയും  സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.