പ്രിയ സുഹൃത്തേ, പലപ്പോഴും, നാം വലിയ പ്രതീക്ഷകളോടെയാണ് പദ്ധതികൾ തയ്യാറാക്കുന്നത് - നമ്മുടെ ജോലി, നമ്മുടെ കുടുംബം, നമ്മുടെ പഠനം അല്ലെങ്കിൽ നമ്മുടെ ഭാവി എന്നിവയെക്കുറിച്ചുള്ള പദ്ധതികൾ. എന്നിരുന്നാലും, സദൃശവാക്യങ്ങൾ 16:9-ൽ വേദപുസ്തകം നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: "മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു." നാം എത്ര ശ്രദ്ധാപൂർവം പദ്ധതികൾ തയ്യാറാക്കിയാലും, ദൈവത്തിന്റെ ഉദ്ദേശ്യം മാത്രമേ ഉറച്ചുനിൽക്കൂ. അതുകൊണ്ടാണ് സദൃശവാക്യങ്ങൾ 16:3 പറയുന്നത്, "നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും." ഇതിനർത്ഥം നിങ്ങൾ എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ് - നിങ്ങളുടെ കുടുംബത്തിന് പാചകം ചെയ്യുക അല്ലെങ്കിൽ ജോലിക്ക് പോകുക പോലുള്ള ഏറ്റവും ലളിതമായ ജോലി പോലും - അത് പ്രാർത്ഥനയിൽ കർത്താവിന് സമർപ്പിക്കുക എന്നാണ്. കർത്താവേ, ഇത് അങ്ങയുടേതാണ് എന്ന് പറയുക. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ വിജയത്തിന്റെ ഉത്തരവാദിത്തം ദൈവം ഏറ്റെടുക്കുന്നു. അവൻ നിങ്ങളുടെ ചിന്തകളെയും സമയത്തെയും പ്രവർത്തനങ്ങളെയും തന്റെ ദിവ്യപദ്ധതിയുമായി സമന്വയിപ്പിക്കുന്നു. അവൻ എന്തെങ്കിലും
നമ്മുടെ പദ്ധതികൾ യഥാർത്ഥത്തിൽ ദൈവത്തിന് സമർപ്പിക്കുമ്പോൾ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നു. ഫലത്തെക്കുറിച്ച് വിഷമിക്കുന്നത് നാം അവസാനിപ്പിക്കുന്നു, കാരണം അത് അവന്റെ കൈകളിലാണെന്ന് നമുക്കറിയാം. യിരെമ്യാവ് 29:11 പറയുന്നു, "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു." ചിലപ്പോൾ, നാം ഉത്കണ്ഠാകുലരാകുന്നു - "എന്റെ പ്രോജക്ട് വിജയിക്കുമോ? എൻ്റെ പഠനം നന്നായി നടക്കുമോ? എന്റെ പരിശ്രമങ്ങൾ വിലമതിക്കപ്പെടുമോ?"
എന്നാൽ കർത്താവ് പറയുന്നു, "വിഷമിക്കേണ്ട. ആരംഭത്തിൽ നിന്നുതന്നെ അവസാനം എനിക്കറിയാം." നിങ്ങൾ എല്ലാം ദൈവത്തിന് നൽകുമ്പോൾ, ചെറിയ വിശദാംശങ്ങൾ പോലും - നിങ്ങൾ പാചകം ചെയ്യുന്ന ഭക്ഷണം, സംസാരിക്കുന്ന വാക്കുകൾ, നിങ്ങൾ ചെലവഴിക്കുന്ന പണം - ഇതെല്ലാം അവൻ അനുഗ്രഹിക്കുന്നു. സഭാപ്രസംഗി 3:11 പറയുന്നു, “ അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്യുന്നു." അതെ, നിങ്ങളുടെ ഫലങ്ങൾ മനോഹരമായിരിക്കും. നിങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടും. നിങ്ങളുടെ പദ്ധതികൾ നയിക്കാൻ നിങ്ങൾ ദൈവത്തെ അനുവദിച്ചതിനാൽ നിങ്ങളുടെ വിവാഹം, നിങ്ങളുടെ ശുശ്രൂഷ, നിങ്ങളുടെ മക്കൾ എല്ലാം അഭിവൃദ്ധിപ്പെടും.
അതിനാൽ, പ്രിയ ദൈവപൈതലേ, നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവന് സമർപ്പിക്കുന്നത് ഒരു ശീലമാക്കുക. നിങ്ങൾ ജോലി ആരംഭിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുക. പഠിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുക. നിങ്ങൾ യാത്ര ചെയ്യുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ മുമ്പ്, "കർത്താവേ, ഇത് ഞാൻ അങ്ങേക്ക് നൽകുന്നു" എന്ന് പറയുക. സങ്കീർത്തനം 20:4-ൽ വേദപുസ്തകം പറയുന്നു: "നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ." ഈ വിശ്വാസത്തോടെ നിങ്ങൾ നടന്നാൽ ദൈവത്തിന്നും മനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സൽബുദ്ധിയും നിങ്ങൾ പ്രാപിക്കും (സദൃശവാക്യങ്ങൾ 3:4–5). ദൈവം തന്നെ നിങ്ങളുടെ ജീവിതത്തിലൂടെ തന്റെ നാമത്തെ മഹത്വപ്പെടുത്തും (കൊലൊസ്സ്യർ 3:23). ഓരോ പദ്ധതിയുടെ ഫലവും, സന്തോഷവും സമാധാനവും നന്ദിയും കൊണ്ടുവരും. ഓർക്കുക, ദൈവം നിങ്ങളോട് വലിയ കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടുന്നില്ല - എല്ലാം തന്റെ കൈകളിൽ ഏൽപ്പിക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത്. ബാക്കിയുള്ളവ അവൻ നോക്കിക്കൊള്ളും. നിങ്ങൾ ഇങ്ങനെ ജീവിക്കുമ്പോൾ ദൈവം, ലളിതമായ അനുസരണത്തെ ശാശ്വതമായ വിജയമാക്കി മാറ്റുന്നതിന്റെ സാക്ഷ്യമായി നിങ്ങളുടെ ജീവിതം മാറുന്നു.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, എന്റെ എല്ലാ പദ്ധതികളുടെയും കർത്താവായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. എല്ലാ ജോലികളും എല്ലാ ചിന്തകളും എല്ലാ സ്വപ്നങ്ങളും അങ്ങയിൽ സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ചുവടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അങ്ങയുടെ പൂർണ്ണ ഹിതത്തിൽ എന്നെ നയിക്കുകയും ചെയ്യേണമേ. എന്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും ഉത്കണ്ഠയും സംശയവും നീക്കേണമേ. ഞാൻ ചെയ്യുന്നതെല്ലാം അങ്ങയുടെ നാമത്തിന് മഹത്വം വരുത്തുന്നതായിരിക്കട്ടെ. എന്റെ പ്രവർത്തി ഫലവത്താക്കുകയും എന്റെ കൈകളുടെ അധ്വാനത്തെ അനുഗ്രഹിക്കുകയും ചെയ്യേണമേ. അങ്ങയുടെ നീതിയിലും ജ്ഞാനത്തിലും എന്റെ പദ്ധതികൾ സ്ഥാപിക്കേണമേ. അങ്ങയുടെ സൌന്ദര്യവും അനുഗ്രഹവും എന്നിലും എന്റെ കുടുംബത്തിലും വസിക്കട്ടെ. കർത്താവേ, എന്റെ എല്ലാ ആഗ്രഹങ്ങളും അങ്ങയുടെ ഇഷ്ടവുമായി യോജിക്കട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


