എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ ധ്യാനം യെശയ്യാവ് 43:4 ൽ നിന്നാണ്: “നീ എനിക്കു വില ഏറിയവനും മാന്യനും ആകുന്നു." നമ്മുടെ സ്നേഹവാനായ പിതാവിൽ നിന്നുള്ള എത്ര മനോഹരമായ വാഗ്‌ദത്തം! നിങ്ങൾ വിലയേറിയവരാണെന്ന് മാത്രമല്ല, അവന്റെ മുമ്പാകെ മാന്യരുമാകുന്നു എന്ന് അവൻ പറയുന്നു. ഈ ലോകത്തിലെ പലരും മനുഷ്യരിൽ നിന്ന് ബഹുമാനം തേടുന്നു, പക്ഷേ യഥാർത്ഥ ബഹുമാനം ദൈവത്തിൽ നിന്നാണ് വരുന്നത്. ഈ ദൈവിക ബഹുമതി നമുക്ക് എങ്ങനെ ലഭിക്കും എന്നതാണ് ചോദ്യം. ദൈവവചനം നമ്മെ അതിനുള്ള വഴികൾ വ്യക്തമായി പഠിപ്പിക്കുന്നു. "യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക" എന്ന് സദൃശവാക്യങ്ങൾ 3:9 പറയുന്നു. നമ്മുടെ സമയമോ സമ്പത്തോ അല്ലെങ്കിൽ നമ്മുടെ അധ്വാനത്തിന്റെ ഫലമോ ആകട്ടെ, ദൈവത്തിന് ഏറ്റവും മികച്ചത് നൽകുമ്പോൾ, അവൻ നമ്മുടെ ജീവിതത്തിൽ ആദ്യം വരുന്നതായി നാം കാണിക്കുന്നു. ഇത് നാം അവന് ബഹുമാനം നൽകുന്ന ഒരു മാർഗമാണ്, അതിന്റെ പ്രതിഫലമായി അവൻ നമ്മെ ബഹുമാനിക്കുന്നു.
സദൃശവാക്യങ്ങൾ 14:31-ൽ വേദപുസ്തകം ഇങ്ങനെയും പറയുന്നു, "ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു." ദൈവത്തെ ബഹുമാനിക്കുക എന്നത് അവന് നേരിട്ട് നൽകുക മാത്രമല്ല, നമുക്ക് ചുറ്റുമുള്ള ദരിദ്രരെയും ആവശ്യക്കാരെയും സഹായിക്കുക എന്നതുമാണ്. കഷ്ടപ്പെടുന്നവരോട് കരുണയും സഹായവും പ്രകടിപ്പിക്കുമ്പോഴെല്ലാം നാം യഥാർത്ഥത്തിൽ ദൈവത്തെ തന്നെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. സദൃശവാക്യങ്ങൾ 29:23 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, “ മനോവിനയമുള്ളവനോ മാനം പ്രാപിക്കും." എന്റെ പൈതലേ, ദൈവത്തിനും ജനങ്ങൾക്കും മുമ്പിലുള്ള താഴ്മയാണ് കർത്താവിനാൽ ഉയർത്തപ്പെടാനുള്ള താക്കോൽ. സങ്കീർത്തനം 8:4-5 പറയുന്നു: " മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു." നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പാകെ നാം താഴ്മയോടെ നടക്കുമ്പോൾ നമ്മെ ബഹുമാനത്താൽ കിരീടമണിയിക്കാൻ അവൻ തിരഞ്ഞെടുക്കുന്നു എന്നത് എത്ര മഹത്തായ കാര്യമാണ്! കൂടാതെ, 2 തിമൊഥെയൊസ് 2:21 ൽ പറയുന്നു, "ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ മാന പാത്രം ആയിരിക്കും." വിശുദ്ധീകരിക്കപ്പെട്ടതും പരിശുദ്ധാത്മാവിന് സമർപ്പിക്കപ്പെട്ടതുമായ വിശുദ്ധജീവിതം, ദൈവത്തിന്റെ മഹത്തായ പ്രവൃത്തികൾക്ക് ഉപയോഗപ്രദമാകാൻ നമ്മെ സജ്ജരാക്കുന്നു.
അവസാനമായി, നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെ യോഹന്നാൻ 12:26 - ൽ പറഞ്ഞു: "എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ ഇരിക്കുന്നേടത്തു എന്റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും." പ്രിയ ദൈവപൈതലേ, ബഹുമാനത്തിലേക്കുള്ള പാത ലളിതമാണ്, നിങ്ങളുടെ ഏറ്റവും മികച്ചത് കൊണ്ട് കർത്താവിനെ ബഹുമാനിക്കുക, ദരിദ്രരെ സഹായിക്കുക, വിശുദ്ധമായ ജീവിതം നയിക്കുക, താഴ്മയുള്ളവരായിരിക്കുക, ക്രിസ്തുവിനെ വിശ്വസ്തതയോടെ സേവിക്കുക. നിങ്ങൾ ഇത് ചെയ്യുമ്പോൾ തീർച്ചയായും ദൈവത്തിന്റെ ബഹുമാനം നിങ്ങളുടെമേൽ വസിക്കും. ഈ ബഹുമതി മനുഷ്യരുടെ അംഗീകാരം പോലെ താൽക്കാലികമല്ല, മറിച്ച് എല്ലാം കാണുന്ന പിതാവിൽ നിന്നുള്ള ശാശ്വതമായതാണ്. അതിനാൽ, അവനെ ബഹുമാനിക്കുന്ന ജീവിതം നയിക്കാൻ നമുക്ക് ഇന്ന് സ്വയം പ്രതിജ്ഞാബദ്ധരാകാം, അപ്പോൾ അവൻ നമ്മെ തന്റെ മഹത്വവും ബഹുമാനവും കൊണ്ട് കിരീടമണിയിക്കും.
PRAYER:
എന്റെ വിലയേറിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ ദൃഷ്ടിയിൽ എന്നെ വിലയേറിയവനും മാന്യനുമായി വിളിച്ചതിന് അങ്ങേയ്ക്ക് നന്ദി. അങ്ങ് എന്റെ തലയിൽ വെച്ച മഹത്വത്തിന്റെ കിരീടത്തിന് നന്ദി. എന്റെ ഏറ്റവും മികച്ച കണിക്കകൾ നൽകി അങ്ങയെ ബഹുമാനിക്കാൻ എന്നെ പഠിപ്പിക്കേണമേ. ദരിദ്രരെയും ആവശ്യക്കാരെയും അനുകമ്പയോടെ ഓർക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ മുമ്പിലും മറ്റുള്ളവരുടെ മുമ്പിലും എന്റെ ഹൃദയത്തെ യഥാർത്ഥ വിനയം കൊണ്ട് നിറയ്‌ക്കേണമേ. എന്നെ ശുദ്ധീകരിച്ചു അങ്ങയുടെ രാജ്യത്തിന്നു എന്നെ ബഹുമാനപാത്രമാക്കണമേ. എല്ലാ ദിവസവും വിശുദ്ധിയോടും അനുസരണത്തോടും കൂടി നടക്കാൻ എന്നെ നയിക്കേണമേ. അങ്ങ് എന്നെ എവിടെ ആക്കിയാലും വിശ്വസ്തതയോടെ ക്രിസ്തുവിനെ സേവിക്കാൻ എന്നെ ശക്തിപ്പെടുത്തണമേ. ഒരിക്കലും മങ്ങാത്ത ദൈവിക ബഹുമാനം നൽകി എന്നെ അനുഗ്രഹിക്കണമേ. യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.