എന്റെ സുഹൃത്തേ, ഇന്ന് നമുക്ക് ദൈവത്തിൻറെ വാഗ്‌ദത്തം എന്താണെന്ന് കണ്ടെത്താം. ഇന്ന് യേശു വിളിക്കുന്നു സ്ഥാപകനായ ഡോ. പോൾ ദിനകരന്റെ ജന്മദിനമാണ്. എന്റെ പിതാവിലൂടെ ദൈവം ചെയ്യുന്ന എല്ലാ മഹത്തായ കാര്യങ്ങൾക്കും ഈ ശുശ്രൂഷ കെട്ടിപ്പടുത്ത ദർശനത്തിനും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. ഇന്ന് നിങ്ങളുടെ പ്രാർത്ഥനകളിൽ ദയവായി അദ്ദേഹത്തെ ഓർക്കുക.
ഇപ്പോൾ, യെശയ്യാവ് 60:14-ൽ നിന്നുള്ള ഇന്നത്തെ വാഗ്‌ദത്തത്തിലേക്ക് നോക്കാം, “നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നു വിളിക്കും." ഇത് എത്ര മഹത്തായ ഒരു വാഗ്‌ദത്തമാണ്! ആളുകൾ നമ്മുടെ പാദങ്ങളെ നമസ്കരിക്കുകയും നമ്മെ യഹോവയുടെ നഗരം എന്ന് വിളിക്കുകയും ചെയ്യുന്നു. എന്നാൽ ആദ്യ ഭാഗം അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയില്ല; ആളുകൾ നമ്മെ നിന്ദിക്കുകയും വെറുക്കുകയും നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇന്ന് നിങ്ങൾ അത്തരം ആളുകളെ അഭിമുഖീകരിക്കുന്നുണ്ടാകാം. അതായത്, നിങ്ങളെ വെറുക്കുന്നവർ, നിങ്ങൾ വീഴുന്നത് കാണാൻ ആഗ്രഹിക്കുന്നവർ, നിങ്ങളുടെ വാതിലിൽ മുട്ടുകയും നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർ. നിങ്ങളുടെ ഹൃദയം തകർന്നതായി തോന്നിയേക്കാം, ഭയത്താൽ ഭാരമുള്ളതായി തോന്നിയേക്കാം. പക്ഷേ, എന്റെ സുഹൃത്തേ, ഇതുപോലുള്ള ഒരു സമയത്തിനായി ദൈവം നമുക്ക് ഒരു വാഗ്‌ദത്തം നൽകിയിട്ടുണ്ട്. കർത്താവ് നയിച്ച വഴികളിലൂടെ പ്രാർത്ഥനയോടെ നടന്നുകൊണ്ട് എന്റെ മുത്തച്ഛൻ, യേശു വിളിക്കുന്നു ശുശ്രൂഷ ആരംഭിച്ചപ്പോൾ, അദ്ദേഹത്തിനെതിരെ നിരന്തരം എഴുതിയിരുന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. തന്റെ മാസികയിൽ, എന്റെ മുത്തച്ഛൻ ചെയ്തിരുന്ന എല്ലാ കാര്യങ്ങളെയും, ദൈവം അദ്ദേഹത്തിന് നൽകിയ ദർശനത്തിനും, ദൈവം തന്റെ ഹൃദയത്തിൽ വെച്ച പദ്ധതികൾക്കും, താൻ നിർമ്മിച്ച എല്ലാ ശുശ്രൂഷയ്ക്കും വിരുദ്ധമായി അയാൾ എതിർത്തു. തീർച്ചയായും, ഇത് എന്റെ മുത്തച്ഛന്റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചിരിക്കണം. എന്നിട്ടും അദ്ദേഹം മറുപടി പറഞ്ഞില്ല. പകരം, അദ്ദേഹം പോയി കര്‍ത്താവിന്റെ സന്നിധിയിൽ മറഞ്ഞിരുന്ന് ഇപ്രകാരം നിലവിളിച്ചു, "കർത്താവേ, ഞാൻ അങ്ങയെ സേവിക്കുന്നില്ലേ? കർത്താവേ, ഞാൻ അങ്ങയെ അനുസരിക്കുന്നില്ലേ? എന്തുകൊണ്ടാണ് ആളുകൾ എനിക്കെതിരെ എഴുന്നേറ്റ് എനിക്കെതിരെ സംസാരിക്കുന്നത്?"
അത്തരം നിമിഷങ്ങളിൽ, നാം ചെയ്യേണ്ടത് കർത്താവിൽ മറഞ്ഞിരിക്കുക എന്നതാണ്, എന്റെ സുഹൃത്തേ. പിന്നെ എന്താണ് സംഭവിച്ചത്? കർത്താവ് എന്റെ മുത്തച്ഛനെ ഉയർത്തി, ലക്ഷക്കണക്കിന് ആളുകൾക്കു അനുഗ്രഹമാക്കി മാറ്റി. അവരുടെ സ്നേഹത്താൽ അദ്ദേഹത്തെ മൂടി. അദ്ദേഹത്തിന്റെ ജീവിതത്തിൽ അത്രമാത്രം സ്നേഹം ലഭിച്ചു. ഒരു ദിവസം, അദ്ദേഹത്തിനു വിരുദ്ധമായിഎഴുതിയ ആ മനുഷ്യൻ തന്നെ വന്ന് മാപ്പ് ചോദിക്കുകയും ചെയ്തു. നിങ്ങൾ നോക്കൂ, അത്തരം ആളുകളുടെ ഏറ്റവും വലിയ ഭയം അവർ ചെയ്യുന്ന ദുഷ്ട പ്രവൃത്തികൾക്കു സ്വയം നശിച്ചുപോകുന്നതല്ല, മറിച്ച് നിങ്ങൾ ഉയർന്നുവരുന്നത് കാണുക എന്നതാണ്. അതാണ് അവർ ഏറ്റവും ഭയപ്പെടുന്നത്. എന്നാൽ കർത്താവിന്റെ വാഗ്‌ദത്തം ഇതുതന്നെയാണ്: അവൻ നിങ്ങളെ ഉയർത്തും, നിങ്ങളെ തന്റെ നഗരമാക്കും, നിങ്ങളുടെ ശത്രുക്കൾ പോലും നിങ്ങളുടെ കാൽ പിടിച്ചു നമസ്കരിക്കും.
PRAYER:
പ്രിയ കർത്താവേ, എന്നെ നിന്ദിക്കുന്നവർ പോലും ഒരു ദിവസം എന്റെ മുന്നിൽ വണങ്ങുകയും ഞാൻ അങ്ങയുടേതാണെന്ന് അംഗീകരിക്കുകയും ചെയ്യുമെന്ന അങ്ങയുടെ അചഞ്ചലമായ വാഗ്‌ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. കർത്താവേ, ആളുകൾ എന്നെ വെറുക്കുകയോ ഭീഷണിപ്പെടുത്തുകയോ എന്നെ താഴെയിറക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ, അങ്ങിൽ എന്നെത്തന്നെ മറയ്ക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്നെ ഉയർത്തി അങ്ങയുടെ സ്നേഹത്തിൻ്റെയും മഹത്വത്തിൻ്റെയും സാക്ഷ്യമാക്കണമേ. ശത്രുവിന്റെ എല്ലാ പദ്ധതികളും പരാജയപ്പെടട്ടെ, എന്റെ ജീവിതം 'യഹോവയുടെ നഗരം' പോലെ പ്രകാശിച്ചു, അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.