എന്റെ പ്രിയരേ! ഇന്നത്തെ പ്രത്യേക വാഗ്ദത്തം 1 രാജാക്കന്മാർ 3:12-ൽ കാണാം: "ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു." അളവറ്റ ജ്ഞാനവും അറിവും നൽകി നിങ്ങളെ അനുഗ്രഹിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. കൊലൊസ്സ്യർ 2:3-ൽ പറയുന്നതുപോലെ, "അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു." ഈ കൃപ ഇന്ന് നിങ്ങളിൽ ചൊരിയാനാണ് അവൻ ആഗ്രഹിക്കുന്നത്. ജ്ഞാനത്തിന്റെയും അറിവിന്റെയും ആത്മാവ് നിങ്ങളുടെ മേൽ ഇറങ്ങിവരട്ടെ എന്ന് യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. കർത്താവ് ശലോമോനോട് ഇപ്രകാരം പറഞ്ഞു, "ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു." ശരിയും സത്യവും എന്തെന്ന് മനസ്സിലാക്കാൻ ദൈവം അവനെ വിവേകപൂർണ്ണമായ ഹൃദയം നൽകി അനുഗ്രഹിച്ചു. മറ്റാരെക്കാളും വ്യത്യസ്തമായി ശലോമോനെ വലിയ ബഹുമതിയുള്ള സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് അവൻ തന്റെ വാഗ്ദത്തം നിറവേറ്റി. അതുപോലെ, കർത്താവ് നിങ്ങളെ ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർത്തുകയും നിങ്ങൾക്ക് അവസരങ്ങളുടെ പുതിയ വാതിലുകൾ തുറന്നുതരികയും ചെയ്യും.
എന്തിനാണ് കർത്താവ് നമുക്ക് ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകുന്നത്? മറ്റുള്ളവരെ കരുതാനും അവരെ ശരിയായ വഴിയിലൂടെ നയിക്കാനും വേണ്ടിയാണ്. ശലോമോനെ നോക്കുക. ആളുകളെ നീതിപൂർവം വിധിക്കാനുള്ള ജ്ഞാനം ദൈവം അവന് നൽകി. ജനങ്ങളുടെ ഹൃദയങ്ങൾ മനസിലാക്കാനും ന്യായമായ വിധികൾ നൽകാനുമുള്ള അവന്റെ അസാധാരണമായ വിവേകത്തിനും കഴിവിനും ജനങ്ങൾ സാക്ഷ്യം വഹിച്ചപ്പോൾ, അവർ അവനോടുള്ള ആദരവും ഭയഭക്തിയും കൊണ്ട് നിറഞ്ഞു. രണ്ട് സ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും സംബന്ധിച്ച സംഭവം ചിന്തിച്ചുനോക്കുക. ഒരു രാത്രി, ഉറങ്ങിക്കിടക്കുമ്പോൾ ഒരു സ്ത്രീ അബദ്ധത്തിൽ തന്റെ കുഞ്ഞിന്റെ മേൽ കിടക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. തുടർന്ന് അവൾ മറ്റേ സ്ത്രീയുടെ ജീവിച്ചിരിക്കുന്ന കുഞ്ഞിനെ എടുത്ത് മരിച്ചുപോയ സ്വന്തം കുഞ്ഞിനെ ആ അമ്മയുടെ അരികിൽ കിടത്തി. രാജാവിന്റെ മുമ്പിൽ അവൾ ഇങ്ങനെ അവകാശപ്പെട്ടു, " ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു അവളുടെ കുഞ്ഞു." എന്നാൽ മറ്റേ സ്ത്രീ നീതിക്കായി അപേക്ഷിച്ചു. ദൈവം തനിക്ക് നൽകിയ ജ്ഞാനത്തിലൂടെ ശലോമോൻ അവരുടെ ഹൃദയങ്ങളെ വിവേചിച്ചു, സത്യം മനസ്സിലാക്കി. അവൻ വിഷയം പരിശോധിച്ച് ശരിയായ വിധി പ്രസ്താവിച്ചു. തത്ഫലമായി, ആ രാജ്യത്തെ ജനങ്ങളെല്ലാവരും അവനെക്കണ്ട് വിസ്മയിച്ചു. മറ്റെല്ലാ രാജാക്കന്മാരേക്കാളും കൂടുതൽ ബഹുമാനം ശലോമോനു ലഭിച്ചു. തന്റെ രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നതിനായി അവൻ ജ്ഞാനത്തോടും വിവേകത്തോടും കൂടി ഭരിച്ചു. അവനെപ്പോലുള്ള രാജാക്കന്മാരെ നമുക്ക് ആവശ്യമുണ്ട്! ജാതി, വംശം, മതം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും നീതിയും ന്യായവും ഉറപ്പാക്കുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടത്. നേതാക്കൾ പക്ഷപാതമില്ലാതെ ഭരിക്കുകയും നീതി ഉയർത്തിപ്പിടിക്കുകയും ചെയ്യുമ്പോൾ, ശലോമോന്റെ ഭരണകാലത്തുണ്ടായിരുന്നതുപോലെ രാജ്യത്ത് സമൃദ്ധിയും സമാധാനവും നിലനിൽക്കും. ജനങ്ങൾ സമ്പത്തും സമാധാനവും സാഹോദര്യവും ആസ്വദിക്കുകയും രാജ്യം വലിയ ഉയരങ്ങളിലെത്തുകയും ചെയ്യും.
രണ്ടാമതായി, ദാനിയേലിനെ നോക്കുക. ദാനിയേൽ 5:12 അനുസരിച്ച്, സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള അസാധാരണമായ അറിവും വിവേകവും അവന് ഉണ്ടായിരുന്നു. ഈ വരത്തിലൂടെ, രാജാക്കന്മാർക്ക് എന്ത് സംഭവിക്കുമെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവൻ അവരെ നയിച്ചു, താൻ പ്രവചിച്ചതുപോലെ തന്നെ എല്ലാം സംഭവിച്ചു. അവനെ അടിമയായി പിടിച്ചുകൊണ്ടുപോയ രാജാക്കന്മാരുടെ ഇടയിലാണ് അവൻ ജീവിച്ചിരുന്നത്. എന്നിട്ടും, ഒരു രാജകുമാരനെപ്പോലെ അവൻ അവരുടെ ഇടയിൽ ജീവിച്ചു. കർത്താവ് നിങ്ങൾക്ക് അതേ കൃപ നൽകും. അങ്ങനെയാണ് നിങ്ങളുടെ കമ്പനിയിലും സംഘടനയിലും ശുശ്രൂഷയിലും നിങ്ങൾ ഉയർന്നുവരുന്നത്. അവിടെയുള്ള നേതാക്കളെ നയിക്കാനുള്ള ജ്ഞാനം അവൻ നിങ്ങൾക്ക് നൽകും. അത്തരം വിവേകത്തിലൂടെ ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. രാജ്യം ഭരിക്കുന്ന ശക്തരായ രാജാക്കന്മാർക്കും നേതാക്കൾക്കും പോലും നിങ്ങളെ വ്യക്തതയുടെയും ജ്ഞാനത്തിന്റെയും ഉറവിടമാക്കാൻ അവൻ ആഗ്രഹിക്കുന്നതിനാലാണ്. കർത്താവിന്റെ ആത്മാവ് സകലവും അറിയുന്നു. രാജാക്കന്മാർക്ക് അവരുടെ രാഷ്ട്രങ്ങളെ വിവേകപൂർവ്വം ഭരിക്കാൻ കഴിയേണ്ടതിനായി, ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ അവർക്ക് വെളിപ്പെടുത്തിക്കൊടുക്കാൻ അവൻ ആഗ്രഹിക്കുന്നു. കമ്പനികളെയും ശുശ്രൂഷകളെയും നയിക്കുന്നതിന് നിങ്ങളെ ഉപയോഗിക്കാനും അവൻ ആഗ്രഹിക്കുന്നു. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവായ പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കുകയും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ നിർദ്ദേശം നൽകുകയും ചെയ്യും. ഈ ദൈവിക ദാനം നിങ്ങളെ മുന്നോട്ട് നയിക്കും. ഈ അനുഗ്രഹത്തിനായി കർത്താവിനോട് അപേക്ഷിക്കുക, കാരണം അത് ഇന്ന് നിങ്ങൾക്ക് നൽകാൻ അവൻ തയ്യാറാണ്.
മൂന്നാമതായി, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കാൻ ആവശ്യമായ ജ്ഞാനവും വിവേകവും നിങ്ങൾക്ക് നൽകാൻ ദൈവം ആഗ്രഹിക്കുന്നു. 1 തിമൊഥെയൊസ് 5:8-ൽ വേദപുസ്തകം ഇപ്രകാരം പറയുന്നു, "തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു." നിങ്ങളുടെ പ്രിയപ്പെട്ടവരെ - നിങ്ങളുടെ ഭാര്യയെയും ഭർത്താവിനെയും മക്കളെയും പരിപാലിക്കാൻ കഴിയുന്ന സ്നേഹവും കരുതലും കൊണ്ട് നിങ്ങളെ നിറയ്ക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. നിങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും നിങ്ങളുടെ മക്കളുടെ വിവാഹം ശരിയായ രീതിയിൽ ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. അവർക്ക് ആവശ്യമുള്ളത് കൃത്യസമയത്ത് നൽകുക എന്നതാണ് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം. അവരുടെ പരിശ്രമങ്ങളിൽ വിജയിക്കാൻ ആവശ്യമായ പണം ഉൾപ്പെടെ വേണ്ട വിഭവങ്ങളും സാമ്പത്തിക പിന്തുണയും അവർക്ക് ഉണ്ടെന്ന് നാം ഉറപ്പാക്കണം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങളുടെ കുടുംബത്തെ പരിപോഷിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജ്ഞാനം ദൈവം നിങ്ങൾക്ക് നൽകും. നിങ്ങളുടെ കുഞ്ഞിനും ഭർത്താവിനും വേണ്ടി എന്തുചെയ്യണമെന്ന് അറിയാൻ അവൻ നിങ്ങളെ നയിക്കും. പരിശുദ്ധാത്മാവിലൂടെ, "ഇത് നിങ്ങളുടെ ഭാര്യയ്ക്ക് വേണ്ടി ചെയ്യുക" എന്ന് അവൻ നിങ്ങൾക്ക് നിർദ്ദേശം നൽകും. അവന്റെ മാർഗനിർദേശം പിന്തുടരുന്നതിലൂടെ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമാധാനം നൽകാനും, നിങ്ങളുടെ കുടുംബത്തെ മുഴുവൻ ഐക്യത്തോടെ നയിക്കാനും നിങ്ങൾക്ക് കഴിയും.
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ മക്കൾക്ക് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവിനെ സമൃദ്ധമായി നൽകണമേ. നീതിപൂർവം വിധിക്കാനുള്ള ജ്ഞാനം, നേതാക്കളെ നയിക്കാനുള്ള ജ്ഞാനം, ഞങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കാനുള്ള ജ്ഞാനം എന്നിങ്ങനെ മൂന്നുതരത്തിലുള്ള ജ്ഞാനവും ഞങ്ങൾക്ക് നൽകണമേ. ഞങ്ങളെ അനുഗ്രഹിക്കുകയും ഉയർത്തുകയും, അങ്ങയുടെ സമാധാനം കൊണ്ട് ഞങ്ങളുടെ ജീവിതം നിറയ്ക്കുകയും ചെയ്യണമേ. ഓരോ തീരുമാനത്തിലും അങ്ങയുടെ പരിശുദ്ധാത്മാവ് ഞങ്ങളെ നയിക്കട്ടെ. ഞങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കാനും അവരുടെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റാനും ഞങ്ങളെ സഹായിക്കണമേ. യാചിക്കുന്നവർക്ക് അങ്ങ് ഔദാര്യമായി ജ്ഞാനം നൽകുന്നുവെന്ന് അങ്ങയുടെ വചനം പറയുന്നു. പിതാവേ, ഇന്ന് ഞങ്ങൾക്ക് ഈ അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. വിശ്വാസത്തോടെ ഞങ്ങൾ അത് സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


