എന്റെ വിലയേറിയ സുഹൃത്തുക്കളേ, കഷ്ടകാലങ്ങളിൽ കർത്താവാണ് നമ്മുടെ സംരക്ഷകൻ. ഈ ലോകത്തിൽ അപകടങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നഷ്ടങ്ങളും ഉണ്ടാകാം. ചില സമയങ്ങളിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ ചിതറിപ്പോകുകയോ നമ്മെ വിട്ടുപോകുകയോ ചെയ്തേക്കാം. എന്നിരുന്നാലും, ഇവയ്ക്കിടയിൽ കർത്താവ് നമ്മുടെ അഭയസ്ഥാനമായി തുടരുന്നു. സങ്കീർത്തനം 27:5-ൽ പറയുന്നതുപോലെ, "അനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും." എന്റെ പ്രിയ സുഹൃത്തുക്കളേ, പ്രശ്നങ്ങളുടെ ദിവസങ്ങൾ വരികതന്നെ ചെയ്യും. "നീതിമാൻ അനർ‍ത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു" എന്ന് യെശയ്യാവ് 57:1 പറയുന്നു. ചിലപ്പോൾ ചെറുപ്പക്കാർ പോലും കർത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടാറുണ്ട്.

ഇന്നലെ, ആരോ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, "എന്റെ സഹോദരന് 53 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മക്കൾ ഇപ്പോഴും വളരെ ചെറുപ്പമാണ്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ അവർക്ക് അവരുടെ പിതാവിനെ ആവശ്യമാണ്. എന്നാൽ ഇന്നലെ, വെറും അഞ്ച് മിനിറ്റിനുള്ളിൽ, അദ്ദേഹം പെട്ടെന്നു മരിച്ചു. അതിന് തൊട്ടുമുമ്പ് അദ്ദേഹം ഞങ്ങളുടെ അമ്മയോട് സംസാരിക്കുകയായിരുന്നു. പിന്നീട് മുറിയിലേക്ക് പോയ അദ്ദേഹം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നതായി പറയുകയും, അഞ്ച് മിനിറ്റിനുള്ളിൽ മരണപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്." ഞാൻ അയാളോട് പറഞ്ഞു, "നിങ്ങളുടെ സഹോദരനെ കർത്താവിൽ നിന്ന് വേർപെടുത്താൻ കഴിയുന്ന അനർത്ഥം അവനെ പിടികൂടുന്നതിന് മുമ്പ്, ദൈവം തന്റെ കരുണയിലൂടെ അവന്റെ ആത്മാവിനെ സംരക്ഷിക്കുകയും സ്വർഗത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു". അയാൾ ഇങ്ങനെ മറുപടി നൽകി, "തങ്കൾ പറയുന്നത് ശരിയാണ്. എന്റെ സഹോദരൻ വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്നു. അദ്ദേഹത്തിന്റെ കരളിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസത്തിനിടെ അദ്ദേഹം യഥാർത്ഥത്തിൽ അനുതപിക്കുകയും മദ്യപാനം ഉപേക്ഷിക്കുകയും ചെയ്തു. ഇടയ്ക്കിടെ അദ്ദേഹം വീണ്ടും അല്പം മദ്യപിക്കുമായിരുന്നു. എങ്കിലും, അത് പൂർണമായും ഉപേക്ഷിക്കാൻ അദ്ദേഹം ആത്മാർഥമായി പോരാടിക്കൊണ്ടിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ അദ്ദേഹം മദ്യപാനം പൂർണമായി നിർത്തിയിരുന്നു. എല്ലാ ദിവസവും അദ്ദേഹം തന്റെ പ്രായമായ അമ്മയെ സന്ദർശിക്കുകയും, അവരോടൊപ്പം സമയം ചെലവഴിക്കുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്വന്തമായി കുടുംബമുണ്ടായിരുന്നിട്ടും, അമ്മയെ വന്ന് പരിചരിക്കുന്നതിൽ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തിയില്ല. അത്തരമൊരു അത്ഭുതകരമായ പരിവർത്തനത്തിന് ശേഷം, അദ്ദേഹം അപ്രതീക്ഷിതമായി കർത്താവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെട്ടു."

അതെ, നീതിമാന്മാർ ആപത്ത് വരുന്നതിന് മുമ്പേ എടുത്തുമാറ്റപ്പെടുന്നു. അവരുടെ ആത്മാക്കൾ ദൈവത്തിന്റെ സുരക്ഷിതമായ കരങ്ങളിൽ കാത്തുസൂക്ഷിക്കപ്പെടുന്നു. എന്നാൽ ഈ ലോകത്തിൽ നാം ജീവിക്കുന്നിടത്തോളം കാലം, കർത്താവ് നമ്മെ തന്റെ തിരുനിവാസത്തിന്റെ മറവിൽ മറച്ചുവെക്കുന്നു. അതെ, ആ മനുഷ്യനെ അവൻ തന്റെ സ്വർഗീയ വാസസ്ഥലത്തിൽ എന്നേക്കുമായി സുരക്ഷിതനാക്കി. ഭൂമിയിൽ ശേഷിക്കുന്ന നമ്മെ സാത്താൻ സ്പർശിക്കാതിരിക്കാനും ദുഷ്ടർ നമ്മെ ഉപദ്രവിക്കാതിരിക്കാനും തിന്മ നമ്മെ പിടികൂടാതിരിക്കാനും വേണ്ടി അവൻ നമ്മെ തന്റെ സാന്നിധ്യത്തിന്റെ സംരക്ഷണത്തിൻ കീഴിൽ മറയ്ക്കുന്നു. അവൻ നമ്മെ മറയ്ക്കുക മാത്രമല്ല, നമ്മെ പാറയിൽ നിർത്തുകയും ആർക്കും നമ്മെ കുലുക്കാനോ നശിപ്പിക്കാനോ കഴിയാത്തവിധം നമ്മെ സ്ഥാപിക്കുകയും ചെയ്യുന്നു. ഇതാണ് കർത്താവ് ഇന്ന് നിങ്ങൾക്ക് നൽകുന്ന കൃപ. അവൻ നിങ്ങളുടെ ജോലിയെ സ്ഥാപിക്കും. അവൻ നിങ്ങളുടെ കുടുംബജീവിതത്തെ സ്ഥാപിക്കും. അവൻ നിങ്ങളുടെ വിദ്യാഭ്യാസത്തെ സ്ഥാപിക്കും. അവൻ നിങ്ങളുടെ ബിസിനസ്സിനെ സ്ഥാപിക്കും. അവൻ നിങ്ങളുടെ ശുശ്രൂഷയെ സ്ഥാപിക്കും. അവൻ നിങ്ങളുടെ ജീവിതത്തിലുള്ള അഭിഷേകത്തെ സ്ഥാപിക്കും. അവന്റെ സംരക്ഷണത്തിൻ കീഴിൽ അവൻ നിങ്ങളെ സുരക്ഷിതമായി മറച്ചുവെക്കും.

ദുരുദ്ദേശ്യത്തോടെ ആളുകൾ നിങ്ങളെ അന്വേഷിച്ചേക്കാം, പക്ഷേ അവർക്ക് നിങ്ങളെ കണ്ടെത്താൻ കഴിയില്ല. ദാവീദ് ശത്രുവിന്റെ പാളയത്തിൽ പ്രവേശിച്ചപ്പോൾ യഹോവ അവന്റെ എല്ലാ ശത്രുക്കളുടെയും മേൽ ഗാഢനിദ്ര വരുത്തി. ദാവീദ് തന്റെ ദൌത്യം പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങി. ഒരാൾക്കും അവനെ സ്പർശിക്കാൻ കഴിഞ്ഞില്ല. അതുപോലെ, കർത്താവ് നിങ്ങൾക്കുവേണ്ടിയും ഇത് ചെയ്യും. അതിനാൽ, ധൈര്യമായിരിക്കുക. സങ്കീർത്തനം 90:1 ഇപ്രകാരം പറയുന്നു, "കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു." അവൻ എന്റെ അഭയസ്ഥാനം മാത്രമല്ല, എന്റെ മക്കളുടെയും കൊച്ചുമക്കളുടെയും അഭയസ്ഥാനവുമാണ്. ആവർത്തനപുസ്തകം 33:27 ഇപ്രകാരം പ്രഖ്യാപിക്കുന്നു,  "പുരാതനനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ടു; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു." അതിനാൽ, ഭയപ്പെടരുത്. സങ്കീർത്തനം 91:1 ഇങ്ങനെ പറയുന്നു, " അത്യുന്നതന്റെ മറവിൽ വസിക്കുന്നവൻ സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കും." കർത്താവ് ഇന്ന് നിങ്ങൾക്ക് ഈ കൃപ നൽകുന്നു. 2 കൊരിന്ത്യർ 6:16-ൽ ഇങ്ങനെ പറയുന്നു: " ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ."

അതെ, എന്റെ പ്രിയസുഹൃത്തുക്കളേ, കർത്താവ് നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കുകയും സ്വന്തം പൈതലായി നിങ്ങളെ സംരക്ഷിക്കുകയും തന്റെ വിശുദ്ധ ആലയമായി നിങ്ങളെ നിലനിർത്തുകയും ചെയ്യും. അവൻ തന്റെ അചഞ്ചലമായ സ്നേഹത്താൽ നിങ്ങളെ നയിക്കുകയും നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ കർത്താവ് എപ്പോഴും നിങ്ങളുടെ അരികിൽ ഇരിക്കുന്നതിനാൽ നിങ്ങൾ ശക്തരും ധൈര്യശാലികളും ആയിരിപ്പിൻ. നിങ്ങൾ എല്ലാ ദിവസവും അവന്റെ സമാധാനത്തിലും സംരക്ഷണത്തിലും വിജയത്തിലും നടക്കുമാറാകട്ടെ. ദൈവം നിങ്ങളെ  അനുഗ്രഹിക്കട്ടെ!

Prayer: 
പ്രിയ കർത്താവേ, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും എന്റെ സങ്കേതവും ഉറപ്പുള്ള ഗോപുരവും ആയതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ ചിറകിൻ കീഴിൽ എന്നെ മറയ്ക്കുകയും കഷ്ടകാലത്ത് എന്നെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെച്ച്, ഉറച്ച പാറമേൽ എന്നെ ഉയർത്തേണമേ. ശത്രുവിന്റെ എല്ലാ ദുഷിച്ച പദ്ധതികളിൽ നിന്നും ആക്രമണത്തിൽ നിന്നും എന്റെ കുടുംബത്തെയും എന്റെ മക്കളെയും അങ്ങ് എന്നെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളെയും സംരക്ഷിക്കേണമേ. എന്റെ ജീവിതം, എന്റെ ജോലി, എന്റെ ശുശ്രൂഷ, എന്റെ ഭാവി എന്നിവ അങ്ങയുടെ പരിപൂർണ്ണ ഹിതപ്രകാരം സ്ഥാപിക്കേണമേ. അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നെ വലയം ചെയ്യട്ടെ. ഞാൻ എവിടേക്കു പോയാലും അങ്ങ് എന്നോടുകൂടെ ഉണ്ടെന്ന ഉറച്ച വിശ്വാസത്തോടെ ധൈര്യത്തോടെ ജീവിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ അനുഗ്രഹം തലമുറകളോളം എന്റെ കുടുംബത്തിന്മേൽ നിലനിൽക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.