പ്രിയ സുഹൃത്തേ, ഇന്ന് ദൈവം നിങ്ങൾക്കായി യെശയ്യാവ് 32:18-ൽ നിന്ന് മനോഹരമായ ഒരു വാഗ്‌ദത്തം നൽകുന്നു, “എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും." ദൈവം തന്റെ മക്കൾക്ക് എത്ര അനുഗ്രഹീതമായ ജീവിതം വാഗ്ദാനം ചെയ്തിരിക്കുന്നു! ഈ ലോകത്തിലെ ഓരോ വ്യക്തിയും സമാധാനത്തിനായി കൊതിക്കുന്നു, എന്നാൽ യഥാർത്ഥ സമാധാനം ക്രിസ്തുവിൽ മാത്രമേ കണ്ടെത്താൻ കഴിയൂ. പാപം, രോഗം, അടിച്ചമർത്തൽ, ആശയക്കുഴപ്പം എന്നിവയിലൂടെ കുടുംബങ്ങളിൽ നിന്ന് സമാധാനം മോഷ്ടിക്കാൻ പിശാച് ശ്രമിക്കുന്നു. എന്നാൽ സ്ഥിരമാനസൻ ദൈവത്തിൽ ആശ്രയം വെച്ചിരിക്കകൊണ്ടു അവനെ പൂർണ്ണസമാധാനത്തിൽ കാക്കുമെന്ന് ദൈവവചനം നമുക്ക് ഉറപ്പ് നൽകുന്നു. കർത്താവ് തന്റെ ജനത്തെ പച്ചയായ പുല്പുറങ്ങളിലേക്കും സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കും നടത്തുന്നു; അവർക്കു വിശ്രമവും സംതൃപ്തിയും നല്കുന്നു. ഫിലിപ്പിയർ 4:11-ൽ പൗലൊസ് പറഞ്ഞതുപോലെ, "ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു." ദൈവത്തിന്റെ മക്കൾ സമാധാനം ആസ്വദിക്കുക മാത്രമല്ല, അനുദിനം അവന്റെ അനുഗ്രഹങ്ങളിൽ ആനന്ദിക്കുകയും ചെയ്യുന്നു.
ഒരിക്കൽ, സിയാറ്റിലിലുള്ള ഒരു കുടുംബത്തെ സന്ദർശിച്ചപ്പോൾ, അവരുടെ വീട്ടിൽ ഈ വാഗ്‌ദത്തം നിറവേറുന്നത് ഞങ്ങൾ കണ്ടു. എല്ലാ രാത്രിയും അവർ കുടുംബ പ്രാർത്ഥനയ്ക്കായി ഒത്തുകൂടി. അവരിൽ മാതാപിതാക്കൾ ഗിറ്റാർ വായിക്കുകയും ഒരു മകൻ പിയാനോ വായിക്കുകയും മറ്റൊരാൾ ഡ്രം വായിക്കുകയും ചെയ്യുന്നു. അവർ ഒരുമിച്ച് സന്തോഷത്തോടും ഐക്യത്തോടും കൂടി കർത്താവിനെ ആരാധിച്ചതിനാൽ ആ സ്ഥലത്ത് സ്വർഗം ഇറങ്ങുന്നതായി ഞങ്ങൾക്ക് തോന്നി. പ്രാർത്ഥനയ്ക്കിടയിൽ ദൈവം അവരോട് പറഞ്ഞു, "എന്റെ മക്കളേ, ഞാൻ നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു; അതുകൊണ്ടാണ് ഞാൻ നിങ്ങൾക്ക് സമാധാനം നൽകിയിരിക്കുന്നത്." വാസ്തവത്തിൽ, അവർ സ്വൈരമുള്ളതും സമാധാനപരവുമായ ഒരു വാസസ്ഥലത്താണ് താമസിച്ചിരുന്നത്. രഹസ്യം ലളിതമായിരുന്നു: ദൈവത്തെ അവരുടെ ഭവനത്തിന്റെ തലവനായി ആദരിച്ച് നടത്തുന്ന ഐക്യത്തോടെയുള്ള കുടുംബ പ്രാർത്ഥന തന്നെ. ഒരു കുടുംബം യേശുവിനെ അവരുടെ ഭവനത്തിലേക്ക് ക്ഷണിക്കുമ്പോൾ, അവൻ തന്റെ സമാധാനവും സംരക്ഷണവും വിശ്രമവും കൊണ്ട് എല്ലാ മൂലകളും നിറയ്ക്കുന്നു.
പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾക്ക് സമാധാനം ഇല്ലെങ്കിൽ, ഒരു കുടുംബമായി കർത്താവിന്റെ അടുക്കൽ വരിക. മത്തായി 11:28-ൽ യേശു നമ്മെ ഇപ്രകാരം ക്ഷണിക്കുന്നു, "അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും." നിങ്ങൾക്ക് ചെറിയ കുട്ടികളുണ്ടെങ്കിൽപ്പോലും അവരെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പ്രാർത്ഥിക്കുക. ദൈവം നിങ്ങളുടെ വീടിന് ചുറ്റും ഒരു തീ മതിൽ പണിയുകയും നിങ്ങളുടെ അതിർത്തികളെ സമാധാനം കൊണ്ട് അനുഗ്രഹിക്കുകയും എല്ലാ തിന്മകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. നിങ്ങളുടെ ഭവനം ദൈവത്തിന്റെ സമാധാനത്താൽ നിറയുന്നതിനായി ഒരു കുടുംബമായി ഒരുമിച്ച് പ്രാർത്ഥിക്കുക.
PRAYER:
സ്നേഹവാനായ പിതാവേ, സമാധാനത്തിന്റെയും വിശ്രമത്തിന്റെയും വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. കർത്താവേ, അങ്ങയുടെ സംരക്ഷണകരം എന്റെ ഭവനത്തിന്മേൽ വയ്ക്കുകയും അതിനെ സ്വൈരമുള്ള വിശ്രാമസ്ഥലമാക്കുകയും ചെയ്യണമേ. ഒരു ദുഷ്ടശക്തിക്കും ഞങ്ങളെ തൊടാൻ കഴിയാത്തവിധം ഞങ്ങളുടെ ചുറ്റും ഒരു തീമതിലായിരിക്കണമേ. അങ്ങയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളുടെ കുടുംബത്തെ നിറയ്ക്കുകയും സന്തോഷവും വിശ്രമവും ഐക്യവും നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ. യേശു എല്ലായ്പ്പോഴുംഞങ്ങളുടെ ഭവനത്തിന്റെ തലവനായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.