എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്നത്തെ വാഗ്‌ദത്തം യിരെമ്യാവ് 29:13-ൽ നിന്നുള്ളതാണ്: “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും." എത്ര മഹത്തായ ഉറപ്പ്! ദൈവം നമ്മിൽ നിന്ന് തന്നെത്തന്നെ മറയ്ക്കുന്നില്ല; അവൻ എല്ലായ്പ്പോഴും അരികിൽ ഉണ്ട്. എന്നിരുന്നാലും, സാധാരണരീതിയിലോ അർദ്ധമനസ്സോടെയോ അല്ല, മറിച്ച് നമ്മുടെ പൂർണ്ണഹൃദയത്തോടെ നാം അവനെ അന്വേഷിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുക എന്നതിനർത്ഥം അവന് നമ്മുടെ പൂർണ്ണ ശ്രദ്ധയും സ്നേഹവും ഊർജ്ജവും സമയവും നൽകുക എന്നതാണ്. സങ്കീർത്തനം 34:10 ഇപ്രകാരം പറയുന്നു "യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല." നമ്മുടെ ജീവിതം ദൈവത്തെ അന്വേഷിക്കുന്നതിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ, ആത്മീയമായും ഭൌതികമായും നമുക്ക് ആവശ്യമുള്ളതെല്ലാം അവൻ നൽകുന്നു. ആത്മാർഥമായി തന്നെ അന്വേഷിക്കുന്നവരുടെ ജീവിതത്തിൽ അവന്റെ അനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്നു.

നമ്മുടെ കർത്താവായ യേശു തന്നെ തികഞ്ഞ മാതൃക സ്ഥാപിച്ചു. മർക്കൊസ് 1:35 -ൽ നാം ഇപ്രകാരം വായിക്കുന്നു, "അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു." വീണ്ടും, ലൂക്കൊസ് 6:12-ൽ, അവൻ രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതായും മത്തായി 14:23-ൽ, ഒരു ദീർഘനാളത്തെ ശുശ്രൂഷയ്ക്കുശേഷം അവൻ പ്രാർത്ഥിക്കാൻ മലയിൽ കയറി എന്നും കാണുന്നു. യേശു നിരന്തരം തന്റെ പിതാവിന്റെ സാന്നിധ്യം അന്വേഷിച്ചു. നാം എത്ര തിരക്കിലാണെങ്കിലും ക്ഷീണിതരാണെങ്കിലും പ്രാർത്ഥനയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഇത് കാണിക്കുന്നു. അതുപോലെ, ദാവീദ് നമുക്ക് മറ്റൊരു മാതൃകയാണ്. സങ്കീർത്തനം 63:1-ൽ അവൻ ഇപ്രകാരം നിലവിളിക്കുന്നു, “ ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു." അവൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും  പ്രാർത്ഥിച്ചു (സങ്കീർത്തനം 55:17). ദാവീദ് ഉത്സാഹപൂർവം കർത്താവിനെ അന്വേഷിച്ചതിനാൽ, "യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല" എന്ന് സങ്കീർത്തനം 23-ൽ ധൈര്യത്തോടെ പ്രഖ്യാപിക്കാൻ അവന് കഴിഞ്ഞു. ദൈവത്തെ അന്വേഷിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കാത്തതിനാൽ അവന്റെ ജീവിതം മുഴുവൻ അനുഗ്രഹിക്കപ്പെട്ടു.

പ്രിയ ദൈവപൈതലേ, വിജയകരവും അനുഗ്രഹീതവുമായ ജീവിതത്തിന്റെ രഹസ്യം ഇതാണ്. നാം പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുമ്പോൾ, അവൻ നമ്മുടെ ഇടയനാകുന്നു. അവൻ ദാവീദിനെ നേർവഴിയിലാക്കുകയും ഉപജീവനം നൽകുകയും സംരക്ഷിക്കുകയും ചെയ്തതുപോലെ, അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യും. പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുക എന്നതിനർത്ഥം, നാം ഇതരവിചാരങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും നമ്മുടെ ഇഷ്ടം അവനു സമർപ്പിക്കുകയും പ്രാർത്ഥനയ്ക്കും അവന്റെ വചനത്തെക്കുറിച്ച് ധ്യാനിക്കുന്നതിനും സമയം ചെലവഴിക്കുകയും ചെയ്യുക എന്നതാണ്. നാം അവനെ കൂടുതൽ അന്വേഷിക്കുമ്പോൾ, കൂടുതൽ അവനെ കണ്ടെത്തുകയും അവന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തെ കൂടുതൽ പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. നമ്മെ ശൂന്യരാക്കുന്ന ലൌകിക പ്രവർത്തനങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കരുത്. പകരം, ഓരോ ദിവസവും ക്രിസ്തുവിനെ കൂടുതൽ ആഴത്തിൽ അറിയുന്നതിനുള്ള ശാശ്വതനിധിയെ നമുക്ക് പിന്തുടരാം. നിങ്ങൾ പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ഒരു നന്മെക്കും കുറവുണ്ടാകില്ല.

PRAYER:
വിലയേറിയ സ്വർഗ്ഗീയ പിതാവേ, ഇന്നത്തെ അങ്ങയുടെ ജീവനുള്ള വചനത്തിന് നന്ദി. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ അന്വേഷിക്കുമ്പോൾ തീർച്ചയായും ഞാൻ അങ്ങയെ കണ്ടെത്തും എന്ന വാഗ്‌ദത്തത്തിന് നന്ദി. എന്റെ പൂർണ്ണ ശ്രദ്ധയും ആത്മാർത്ഥമായ ഭക്തിയും അങ്ങേക്ക് നൽകാൻ എന്നെ സഹായിക്കേണമേ. എല്ലാ ദിവസവും അങ്ങയെ അന്വേഷിക്കുന്നതിൽ നിന്ന് എന്നെ തടയുന്ന എല്ലാ ഇതരവിചാരങ്ങളെയും നീക്കേണമേ. അതിരാവിലെയും വൈകുന്നേരവും അങ്ങയെ അന്വേഷിച്ച യേശുവിനെപ്പോലെ പ്രാർത്ഥിക്കാൻ എന്നെ പഠിപ്പിക്കണമേ. മറ്റെന്തിനേക്കാളും അങ്ങയെ വാഞ്ഛിച്ച ദാവീദിന്റെ ആത്മാവിനാൽ എന്നെ നിറയ്‌ക്കേണമേ. അങ്ങ് എന്റെ ഇടയനും ദാതാവുമാണെന്നതിന് എന്റെ ജീവിതം ഒരു സാക്ഷ്യമായിരിക്കട്ടെ. ഞാൻ അങ്ങയെ അന്വേഷിക്കുമ്പോൾ അങ്ങയുടെ സമാധാനവും കരുതലും സംരക്ഷണവും കൊണ്ട് എന്നെ അനുഗ്രഹിക്കണമേ. കർത്താവേ, അങ്ങയുടെ പൂർണ്ണഹിതത്തിലേക്കും സമൃദ്ധമായ അനുഗ്രഹങ്ങളിലേക്കും എന്നെ നയിക്കണമേ. യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.