എന്റെ പ്രിയ സുഹൃത്തുക്കളേ, ഇന്ന് രാവിലെ നിങ്ങളെ കാണുന്നത് എനിക്ക് സന്തോഷകരമാണ്. ഇന്നത്തെ വാഗ്‌ദത്തം യോഹന്നാൻ 14:14 ൽ നിന്നുള്ളതാണ്: "നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും." ഇന്ന്, നിങ്ങൾ യേശുവിന്റെ നാമത്തിൽ കർത്താവിനോട് അപേക്ഷിക്കുമ്പോൾ അവൻ അത് ചെയ്തുതരും. എന്റെ പ്രിയ സുഹൃത്തുക്കളേ, സന്തോഷമുള്ളവരായിരിക്കുക. നിങ്ങൾക്ക് നിരവധി അപേക്ഷകളും ആഗ്രഹങ്ങളും ഉണ്ടായിരിക്കാം, എന്നാൽ ഇന്ന് ദൈവത്തിന്റെ മഹത്വത്തിനായി അവന്റെ നാമത്തിലും അവന്റെ ഹിതപ്രകാരവും നിങ്ങൾ അപേക്ഷിക്കുമ്പോൾ ദൈവം അവ സാധിപ്പിച്ചുതരും.

കർത്താവിനോട് അപേക്ഷിച്ച ഒരു വ്യക്തിയെ വേദപുസ്തകത്തിൽ നാം കാണുന്നു. 1 രാജാക്കന്മാരിൽ, ദൈവം ശലോമോനോട് ഇപ്രകാരം പറഞ്ഞു: "ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക." ദൈവജനത്തെ ഭരിക്കാൻ ശലോമോൻ ജ്ഞാനവും വിവേകവും ആവശ്യപ്പെട്ടു. അവൻ സമ്പത്ത് ചോദിച്ചില്ല. അവൻ ദീർഘായുസ്സ് ആവശ്യപ്പെട്ടില്ല. അവൻ പ്രശസ്തിയോ ബഹുമാനമോ ആവശ്യപ്പെട്ടില്ല. തന്റെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്താൻ അവൻ ദൈവത്തോട് ആവശ്യപ്പെട്ടില്ല. പകരം, ദൈവത്തിന്റെ ജനത്തെ ഭരിക്കാനുള്ള ജ്ഞാനവും അവർക്ക് അനുഗ്രഹകരമാകുന്ന എന്തെങ്കിലും ഒന്നുമാണ് അവൻ ദൈവത്തോട് ആവശ്യപ്പെട്ടത്. ദൈവം അത് അവന് നൽകി.

വേദപുസ്തകത്തിൽ ശലോമോന്റെ ജ്ഞാനവും തലമുറകളായി പറയപ്പെടുന്ന ശലോമോന്റെ ബഹുമാനവും നാം കാണുന്നു. ദേശത്തുടനീളം അവനെപ്പോലെ ഒരു രാജാവും ഉണ്ടായിരുന്നില്ലെന്ന് നാം കാണുന്നു. അതുപോലെ, ദൈവജനത്തെ അനുഗ്രഹിക്കാൻ അവന്റെ ഹിതപ്രകാരം നിങ്ങൾ അപേക്ഷിക്കുമ്പോൾ ദൈവം നിങ്ങളെയും അനുഗ്രഹിക്കും. സ്വയം അനുഗ്രഹിക്കപ്പെടുന്നതിനോ സ്വന്തം നേട്ടത്തിനോ വേണ്ടി മാത്രം ചോദിക്കരുത്. പകരം, ഇങ്ങനെ പ്രാർത്ഥിക്കുക, "കർത്താവേ, ഞാൻ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകേണ്ടതിന് അങ്ങയുടെ ഹിതപ്രകാരം എനിക്ക് നല്കണമേ. മറ്റുള്ളവർ അങ്ങയുടെ നാമത്തിൽ വിശ്വസിക്കേണ്ടതിന് അങ്ങ് എനിക്ക് നൽകുന്നത് ഒരു സാക്ഷ്യമായി മാറട്ടെ.“ അങ്ങയുടെ നന്മയുടെ ജീവിക്കുന്ന സാക്ഷിയായി എന്നെ മാറ്റണമേ.” ഇന്ന്, നമ്മുടെ പ്രാർത്ഥന ഇപ്രകാരമാകട്ടെ: “കർത്താവേ, ഇന്ന് അങ്ങ് എന്നെ അനുഗ്രഹിക്കുമ്പോൾ, അത് എനിക്കുവേണ്ടി മാത്രം ആയിരിക്കാതെ, അങ്ങയുടെ മഹത്വത്തിനായി ഞാൻ മറ്റുള്ളവർക്കും ഒരു അനുഗ്രഹമായി മാറട്ടെ.”

PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ അപേക്ഷിക്കുന്നതെന്തും അങ്ങയുടെ ഹിതപ്രകാരം ചെയ്തുതരുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. മറ്റുള്ളവരെ അനുഗ്രഹിക്കാനും അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്താനും ആഗ്രഹിക്കുന്ന ഹൃദയത്തോടെ അപേക്ഷിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങയുടെ മക്കൾക്ക് നല്ല ജോലിയും ജ്ഞാനവും ആരോഗ്യവും സന്തോഷകരമായ കുടുംബജീവിതവും ആവശ്യമായ എല്ലാ ശക്തിയും നൽകി അനുഗ്രഹിക്കണമേ. അങ്ങയുടെ പരിപൂർണ്ണ ഹിതപ്രകാരം അവരുടെ അപേക്ഷകൾ നിറവേറ്റുകയും അവരുടെ ജീവിതം അങ്ങയുടെ നന്മയുടെ ഒരു സാക്ഷ്യമായി മാറ്റുകയും ചെയ്യണമേ. അങ്ങ് അവർക്ക് നൽകുന്ന ഓരോ അനുഗ്രഹവും മറ്റുള്ളവർക്കും അനുഗ്രഹമായി മാറട്ടെ. അവർ അവരുടെ ജീവിതത്തിൽ തിളങ്ങാനും അങ്ങയുടെ നാമത്തിന് മഹത്വം നൽകാനും അവരെ സഹായിക്കണമേ. പ്രാർത്ഥനയ്ക്കുള്ള ഓരോ ഉത്തരത്തിലൂടെയും അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.