പ്രിയ സുഹൃത്തുക്കളേ, ഫിലിപ്പിയർ 4:13-ൽ നിന്നുള്ള മനോഹരമായ ഒരു വാഗ്ദത്ത വചനം നമുക്കുണ്ട്: "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു." അതെ, ക്രിസ്തുവിനോടുകൂടെ നമുക്ക് സകലതും ചെയ്യാൻ സാധിക്കും. ഇതിനു മുൻപുള്ള വാക്യത്തിൽ പൗലൊസ് പറയുന്നു, "താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം." "സംതൃപ്തനായിരിക്കുന്നതിന്റെ രഹസ്യം ഞാൻ പഠിച്ചിരിക്കുന്നു" എന്നും അവൻ പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, എല്ലാ സാഹചര്യങ്ങളിലും സംതൃപ്തനായിരിക്കാൻ അവൻ പഠിച്ചിരുന്നു. 11-ാം വാക്യത്തിലും അവൻ ഇപ്രകാരം പറയുന്നു, "ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു." ഏത് സാഹചര്യത്തിലും സകലതും ചെയ്യാനുള്ള ശക്തി കർത്താവ് നമുക്ക് നൽകുന്നു. സദൃശവാക്യങ്ങൾ 30:8-9-ൽ നാം കാണുന്നതും അതാണ്.

ഇവിടെ ശലോമോൻ ഇപ്രകാരം പറയുന്നു, "വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ". ചുരുക്കത്തിൽ, അവൻ പറയുന്നു, "എന്നെ ദരിദ്രനോ ധനവാനോ ആക്കരുതേ. കർത്താവേ, മുന്നോട്ടുപോകാൻ എനിക്ക് ശക്തി നൽകണമേ. എനിക്ക് അമിതമായി ഒന്നും വേണ്ട; അതുപോലെ, കുറവോ ഉണ്ടാകരുതേ. എന്നാൽ കർത്താവേ, സംതൃപ്തിയുള്ള ഒരു ഹൃദയം എനിക്കു നൽകണമേ." ചിലർ എപ്പോഴും കൂടുതൽ സമ്പാദിക്കാൻ അതിയായി ആഗ്രഹിക്കുന്നു. അവർക്ക് കൂടുതൽ ഉണ്ടായിരിക്കാം, പക്ഷേ നിങ്ങൾ അവരോട് "നിങ്ങൾക്ക് എന്താണ് വേണ്ടത്?" എന്ന് ചോദിച്ചാൽ അവർ പറയും, "എനിക്ക് കൂടുതൽ വേണം". അതെ, ദാവീദിനും നിരവധി ഭാര്യമാരുണ്ടായിരുന്നു, എന്നിട്ടും അവൻ സംതൃപ്തനായിരുന്നില്ല. അവൻ മറ്റൊരു പുരുഷന്റെ ഭാര്യയായ ബത്ത്-ശേബയുടെ സൌന്ദര്യം കണ്ട് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അതിനായി അവൻ കള്ളം പറയുകയും അവളുടെ ഭർത്താവിനെ കൊല്ലിക്കുകയും ചെയ്തു. അത് അവനെ കൂടുതൽ പാപത്തിലേക്ക് നയിച്ചു.

പ്രിയ സുഹൃത്തുക്കളേ, നമ്മുടെ ജീവിതത്തിൽ കൂടുതൽ കാര്യങ്ങൾക്കായി നാം കൊതിക്കുന്നുണ്ടാകാം. എന്നാൽ ഇന്ന് നമുക്ക് ദൈവത്തോട് ക്ഷമ ചോദിക്കാം. "ദൈവമേ, എന്റെ ജഡികമോഹങ്ങളെ നീക്കിക്കളയണമേ. ദൈവമേ, അങ്ങയുടെ ആത്മാവിനാലും വിശുദ്ധിയുടെ ആത്മാവിനാലും എന്നെ നിറയ്ക്കണമേ; എനിക്ക് സംതൃപ്തിയുള്ള ഒരു ഹൃദയം നൽകണമേ." മനുഷ്യന് ഇത് അസാധ്യമാണ്, എന്നാൽ ദൈവത്തിന് സകലവും സാധ്യമാണ്. വേദപുസ്തകം ഇപ്രകാരം പറയുന്നു, "ജഡത്തിന്റെ ചിന്ത മരണം." ഇന്നും, നമ്മുടെ ചിന്തയെ നിയന്ത്രിക്കാൻ ദൈവത്തോട് നമുക്ക് നിലവിളിച്ചപേക്ഷിക്കാം. ജഡത്തിനനുസരിച്ച് നാം നടക്കരുത്. മറിച്ച്, അങ്ങയുടെ ആത്മാവിനാൽ നയിക്കപ്പെടുവാൻ ആവശ്യമായ ശക്തി നൽകണമേ എന്ന് ദൈവത്തോട് അപേക്ഷിക്കാം. അപ്പോൾ അവൻ നമുക്ക് സംതൃപ്തിയുള്ള ഒരു ഹൃദയം നൽകും. ദൈവത്തിന്റെ സഹായത്താൽ നമുക്ക് എല്ലാം ചെയ്യാൻ കഴിയും. ഇന്നും കർത്താവ് തന്റെ ആത്മാവിനാൽ നമ്മുടെ ചിന്തയെ നിയന്ത്രിക്കുമെന്നും നമ്മെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എല്ലാം ചെയ്യാൻ അവൻ നമ്മെ പ്രാപ്തരാക്കുമെന്നും എനിക്കറിയാം.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ ആത്മാവിനാൽ നടക്കാൻ അങ്ങയുടെ മക്കളെ സഹായിക്കണമേ. ലൌകികവും ജഡികവുമായ മോഹങ്ങൾ, അത്യാഗ്രഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം എന്നിവ നീക്കിക്കളയണമേ. അവരുടെ ചിന്തയെ നിയന്ത്രിക്കുകയും എല്ലാ പ്രലോഭനങ്ങളെയും ഇല്ലാതാക്കുകയും ചെയ്യണമേ. അങ്ങിൽ നിന്നല്ലാത്ത എല്ലാ ശബ്ദങ്ങളും യേശുവിന്റെ നാമത്തിൽ അവരെ വിട്ടുപോകട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കുകയും അവർക്ക് സംതൃപ്തിയുള്ള ഒരു ഹൃദയം നൽകുകയും ചെയ്യണമേ. ഓരോ കുടുംബത്തിലെയും പുരുഷനെയും സ്ത്രീയെയും അങ്ങയുടെ ആത്മാവിനാൽ നയിക്കുകയും അവരുടെ ഭവനങ്ങളിലേക്ക് സമാധാനവും സന്തോഷവും ഐക്യവും കൊണ്ടുവരികയും ചെയ്യണമേ. ലൗകികമായ കാര്യങ്ങൾക്കായി ആഗ്രഹിക്കാതെ അങ്ങയുടെ നന്മയിൽ സംതൃപ്തരാകാൻ അവരെ സഹായിക്കണമേ. അവരുടെ കൈകൾ പിടിച്ച് അവരെ നയിക്കുകയും, അങ്ങയുടെ ശബ്ദം എപ്പോഴും കേൾക്കാൻ അവരെ സഹായിക്കുകയും ചെയ്യണമേ. "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു" എന്ന് പറയാൻ അവരെ പ്രാപ്തരാക്കണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.