എന്റെ പ്രിയ സുഹൃത്തേ, യെശയ്യാവ് 60:18-ൽ ദൈവം ഇപ്രകാരം വാഗ്ദാനം ചെയ്തിരിക്കുന്നു: “ഇനി നിന്റെ ദേശത്തു സാഹസവും നിന്റെ അതിരിന്നകത്തു ശൂന്യവും നാശവും കേൾക്കയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേർ‍ പറയും." അക്രമത്തിൽ നിന്നും നാശത്തിൽ നിന്നും ദൈവം നിങ്ങളെ അകറ്റി നിർത്തും, അവൻ നിങ്ങളെ രക്ഷയാൽ സംരക്ഷിക്കുകയും നിങ്ങളുടെ ആത്മാവിനെ സ്തുതി കൊണ്ട് നിറയ്ക്കുകയും ചെയ്യും. പാപത്തിൽ നിന്ന് നമ്മെ കഴുകുന്ന യേശുക്രിസ്തുവിന്റെ രക്തത്തിലൂടെ നമ്മെ ദൈവത്തിന്റെ മക്കളാക്കി മാറ്റുന്നതിനാൽ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ദാനമാണ് രക്ഷ. ദൈവത്തിന്റെ പൈതലായി ജീവിക്കുന്നത് തന്നെ സ്തുതിയാണ്. നമ്മുടെ രക്ഷയ്ക്കും ഭാവിയിലെ അനുഗ്രഹങ്ങൾക്കുമായി ദൈവത്തിൽ ആശ്രയിക്കുന്നതും സ്തുതിയാണ്. നമുക്ക് ഒന്നുമില്ലെങ്കിൽ പോലും, നാശവും അക്രമവും കൊണ്ട് ചുറ്റപ്പെട്ടിരിക്കുമ്പോൾ, "കർത്താവേ, അങ്ങ് എന്നെ വഴിനടത്തുമെന്ന് ഞാൻ അങ്ങിൽ വിശ്വസിക്കുന്നു, അങ്ങയുടെ നന്മ എന്റെ മുമ്പാകെ കടന്നുപോകും" എന്ന് പറഞ്ഞാൽ അത് നമ്മുടെ സ്തുതിയായി മാറുന്നു. തനിക്കെതിരെ വരുന്ന ശത്രുക്കളുടെ ഇടയിൽ യെഹോശാഫാത്ത്  ദൈവത്തിൽ വിശ്വസിച്ചു, ശത്രുക്കളെ തന്റെ കയ്യിൽ ഏൽപ്പിക്കുമെന്ന് ദൈവം ഒരു പ്രവാചകനിലൂടെ പറഞ്ഞപ്പോൾ, യെഹോശാഫാത്ത് തന്റെ സൈന്യത്തെ സംഘടിപ്പിക്കുന്നതിന് മുമ്പ്, ആദ്യം തന്നെ  ഒരു സ്തുതിഗീത സംഘം സംഘടിപ്പിച്ചു. "യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ" എന്ന് അവർ പാടുകയും ദൈവം തന്നെ യുദ്ധം ചെയ്യുകയും ചെയ്തു. ശത്രുക്കൾ പരസ്പരം പോരാടി, വാൾ ഉയർത്താതെ തന്നെ ദൈവം വിജയം നൽകി. അതാണ് രക്ഷ.

രക്ഷ എന്നത് നമ്മുടെ സ്വന്തം പ്രവൃത്തികളിലൂടെ നാം സമ്പാദിക്കുന്ന ഒന്നല്ല. കുരിശിലൂടെ യേശു അത് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ദൈവം യേശുവിൽ മനുഷ്യനായി വന്നു, ദൈവത്തെപ്പോലെ വിശുദ്ധനും മനുഷ്യവിത്തല്ലാതെ ദൈവവിത്തിൽ നിന്നു ജനിച്ചതുമായ യേശു, തന്റെ ജീവനെ സമ്പൂർണ്ണ യാഗമായി സമർപ്പിച്ചു. എബ്രായർ 9:22 പറയുന്നു, "രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല." അതിനാൽ യേശുവിന്റെ ശുദ്ധമായ രക്തം എല്ലാ മനുഷ്യരുടെയും പാപമോചനത്തിനായി ചൊരിയപ്പെടണമായിരുന്നു. ഇന്ന്, നാം അനുതപിച്ച് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് നമ്മെ ശുദ്ധീകരിക്കാൻ യേശുവിനോട് അപേക്ഷിക്കുമ്പോൾ, അവന്റെ രക്തം നിഗൂഢമായും അമാനുഷികമായും നമ്മെ കഴുകുന്നു. നാം വീണ്ടും അതിലേക്ക് മടങ്ങാതിരിക്കാൻ അവൻ പാപത്തെയും പാപത്തിൻറെ സ്വഭാവത്തെയും നീക്കം ചെയ്യുന്നു. പാപം ചെയ്യുക, പാപമോചനത്തിനായി മടങ്ങിവരിക എന്ന് ലോകം പറയുന്നു, പക്ഷേ അത് രക്ഷയല്ല. യേശു നിങ്ങളെ ശുദ്ധീകരിക്കുമ്പോൾ, അത് നിത്യജീവനുള്ളതാണ്. നിങ്ങൾ അവനെ പിന്തുടർന്ന് നീതിപൂർവകമായ ജീവിതം നയിക്കുമ്പോൾ ഈ നീതിയിൽ ജീവിക്കുന്നത് ദൈവത്തിന് സ്തുതി നൽകുന്നു. ഇതാണ് ഇന്ന് അവൻ നിങ്ങൾക്ക് നൽകുന്ന കൃപ.

പങ്കജ് ടോപ്പോയുടെ മനോഹരമായ ഒരു സാക്ഷ്യം ഇതാ. സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ റാഞ്ചിയിലേക്ക് താമസം മാറിയപ്പോൾ അയാൾക്ക് യേശുവുമായി ഒരു ബന്ധവുമില്ലായിരുന്നു. ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്ന് അയാൾ മദ്യപാനത്തിലേക്ക് വഴുതിവീഴുകയും നാല് വർഷത്തോളം അതിന് അടിമയായി തുടരുകയും ചെയ്തു. ഈ സമയത്ത്, അയാൾക്ക് അപസ്മാരം പിടിപെടാൻ തുടങ്ങി, എന്നിരുന്നാലും ആ അവസ്ഥയെക്കുറിച്ച് അയാൾക്ക് മെഡിക്കൽ ചരിത്രമൊന്നുമില്ലായിരുന്നു. അയാൾക്ക് അഞ്ച് വർഷത്തെ മരുന്ന് ആവശ്യമാണെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അയാളുടെ ജീവിതത്തിലെ ഈ ദുഷ്കരമായ ഘട്ടത്തിലാണ് റാഞ്ചിയിൽ ഒരു, യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം തുറന്നത്. ഒരു സുഹൃത്ത് അയാളെ പ്രാർത്ഥനാ ഗോപുരത്തിലേക്കും യുവജനയോഗത്തിലേക്കും ക്ഷണിച്ചു. അയാൾ വിമുഖതയോടെ പോയെങ്കിലും പരിശുദ്ധാത്മാവ് അയാളെ ശക്തിയോടെ സ്പർശിച്ചു. അയാൾ മദ്യപാനം ഉപേക്ഷിച്ചു, പഴയ സുഹൃത്ത് ബന്ധങ്ങൾ വിച്ഛേദിച്ചു, ദൈവഭക്തരായ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ചേരുകയും വേദപുസ്തകം വായിക്കാൻ തുടങ്ങുകയും ചെയ്തു. 2014-ൽ, ഞാൻ റാഞ്ചിയിൽ ഒരു വലിയ പ്രാർത്ഥനോത്സവം നടത്താൻ പോയപ്പോൾ, പങ്കജ് ആ യോഗത്തിൽ സന്നദ്ധസേവകനായി പങ്കെടുത്തു. ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ, ദൈവത്തിൻറെ രോഗശാന്തി ശക്തി അയാളുടെ മേൽ വന്നു, അപസ്മാരം അയാളെ പൂർണ്ണമായും ഉപേക്ഷിച്ചു. അയാൾ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ പിന്നീട് സ്ഥിരീകരിച്ചു. അതേ വർഷം തന്നെ കൊൽക്കത്തയിലെ റെയിൽവേയിൽ ഒരു സർക്കാർ ജോലി നൽകി ദൈവം അയാളെ അനുഗ്രഹിച്ചു. താമസിയാതെ, അയാൾ മനീഷയെ വിവാഹം കഴിച്ചു, അവൾക്കും ഒരു സർക്കാർ ജോലിയുണ്ടായിരുന്നു. അവർ ഒരുമിച്ച് യേശു വിളിക്കുന്നു കുടുംബ അനുഗ്രഹ പദ്ധതിയിൽ ചേർന്നു. വെറും ആറ് മാസത്തിനുള്ളിൽ, മനീഷയ്ക്കും കൊൽക്കത്തയിലേക്ക് സ്ഥലം മാറ്റം ലഭിച്ചു.  ദൈവം അവർക്ക് സുന്ദരിയായ ആൻ എന്ന മകളെ നൽകി അനുഗ്രഹിച്ചു, അവർ അവളെ ഒരു ബാലജന പങ്കാളിയാക്കി. എട്ട് വർഷമായി അവർ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം, നിങ്ങൾ ദൈവത്തിന്റെ ഭവനം പണിയുമ്പോൾ, അവൻ നിങ്ങളുടേതും പണിയുമെന്ന് ഞാൻ പറയുന്നത് പങ്കജ് കേട്ടു. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരം പണിയുന്നതിനായി അവർ വിശ്വസ്തതയോടെ തങ്ങളുടെ സംഭാവന നൽകി. 2023 - ൽ ദൈവം അവരുടെ വിശ്വാസത്തെ ആദരിക്കുകയും കൊൽക്കത്തയിൽ സ്വന്തമായി ഒരു വീട് നൽകി അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇന്ന്, കർത്താവ് അവർക്ക് നൽകിയ ഭവനത്തിൽ അവർ സന്തോഷത്തോടെ ജീവിക്കുന്നു. എന്തൊരു വലിയ സന്തോഷം! നിങ്ങൾ നിങ്ങളെത്തന്നെ അവന് സമർപ്പിക്കുമ്പോൾ ദൈവം നിങ്ങളുടെ ജീവിതവും പണിയും.

PRAYER:
പ്രിയ പിതാവേ, രക്ഷയുടെ വാഗ്‌ദത്തത്തിനും യേശുവിന്റെ രക്തത്തിലൂടെ അങ്ങയുടെ പൈതലായിരിക്കാനുള്ള ദാനത്തിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. നാശത്തിൽ നിന്ന് എന്നെ സംരക്ഷിച്ചതിനും എന്റെ ഹൃദയം സ്തുതികൊണ്ട് നിറച്ചതിനും നന്ദി. കർത്താവായ യേശുവേ, ഞാൻ കുരിശിൻറെ പ്രവർത്തനത്തിൽ ആശ്രയിക്കുന്നു, ഞാൻ എൻറെ ജീവിതം പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ കഴുകി, പാപത്തിന്റെ എല്ലാ കറകളും നീക്കേണമേ. അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുന്ന നീതിപൂർവകമായ ജീവിതം നയിക്കാൻ എനിക്ക് കൃപ നൽകേണമേ. യുദ്ധങ്ങൾ എന്നെ വലയം ചെയ്യുമ്പോൾ, അങ്ങയെ സ്തുതിക്കാനും അങ്ങയുടെ വിജയത്തിൽ വിശ്വസിക്കാനും എന്നെ ഓർമ്മിപ്പിക്കേണമേ. ഞാൻ അങ്ങിൽ എന്റെ വിശ്വാസം വളർത്തിയെടുക്കുമ്പോൾ എന്റെ ജീവിതം കെട്ടിപ്പടുക്കേണമേ, "യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു" എന്ന് എന്റെ ഹൃദയം എപ്പോഴും പ്രഖ്യാപിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.