പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് കർത്താവിൽ നിന്ന് മനോഹരമായ ഒരു വാഗ്‌ദത്തം ലഭിക്കുന്നു, അവൻ പറഞ്ഞതുപോലെതന്നെ നമ്മെ അനുഗ്രഹിക്കാൻ അവൻ തയ്യാറാണ്. യെശയ്യാവ് 32:15 ഇപ്രകാരം പറയുന്നു, “ഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും." എത്ര മഹത്തായ പരിവർത്തനമാണ് ഈ വാക്യം വിവരിക്കുന്നത്! വരണ്ടുകിടക്കുന്ന സമയങ്ങളിൽ ഭൂമി വരണ്ടതും വിണ്ടുകീറിയതും നിർജീവവുമാണ്. എല്ലാ ചെടികളും കരിഞ്ഞുണങ്ങി പോകുന്നു. പക്ഷേ മഴ പെയ്യുമ്പോൾ ഭൂമിക്ക് ഉന്മേഷം ലഭിക്കുകയും പെട്ടെന്ന് എല്ലാം വീണ്ടും പച്ചയായി മാറുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ചൊരിയൽ നമ്മുടെ ജീവിതത്തിൽ കൃത്യമായി ചെയ്യുന്നത് ഇതാണ്. ആത്മാവ് തരിശായ ഹൃദയങ്ങളെ ഫലഭൂയിഷ്ഠമായ ഉദ്യാനങ്ങളായും മരുഭൂമികളെ തഴച്ചുവളരുന്ന വനങ്ങളായും മാറ്റുന്നു.

എന്തുകൊണ്ടാണ് കർത്താവ് ഉയരത്തിൽ നിന്ന് തന്റെ ആത്മാവിനെ നമ്മുടെ മേൽ പകരുന്നത്? എല്ലാ ഹൃദയങ്ങളെയും മാറ്റുന്നതിനും, എല്ലാ ആത്മാവിനെയും പുനരുജ്ജീവിപ്പിക്കുന്നതിനും, അവന്റെ സാന്നിധ്യത്തിന്റെ ആനന്ദം കൊണ്ട് നമ്മെ നിറയ്ക്കുന്നതിനും തന്നെ. അത് നമുക്ക് സമ്പാദിക്കാൻ കഴിയുന്ന ഒന്നല്ല; അത് പൂർണ്ണമായും ദൈവത്തിന്റെ പ്രവൃത്തിയാണ്. അപ്പൊ. പ്രവൃത്തികൾ 3:19-ൽ പൗലൊസ് പറയുന്നതുപോലെ, "ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരും." യോവേൽ 2:13 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, “ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ." നാം മാനസാന്തരപ്പെടുമ്പോൾ, പരിശുദ്ധാത്മാവ് വരുന്നു. അവൻ ക്ഷമിക്കുകയും, പുതുക്കുകയും, ഭാരങ്ങൾ നീക്കുകയും ചെയ്യുന്നു. മരുഭൂമിയായ നമ്മുടെ ഹൃദയങ്ങൽ ഫലഭൂയിഷ്ഠമായ വയലായി മാറുന്നു, നമ്മുടെ അസ്വസ്ഥമായ ജീവിതം ശാന്തമായ വിശ്രമസ്ഥലങ്ങളായി മാറുന്നു.

ഇത് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്. എന്റെ വിവാഹജീവിതം തുടങ്ങിക്കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ, ഇന്ത്യയിലെ കോയമ്പത്തൂരിൽ നടന്ന യേശു വിളിക്കുന്നു ശക്തി ശുശ്രൂഷാ യോഗത്തിൽ ഞാൻ പങ്കെടുത്തു. എന്റെ ചുറ്റുമുള്ള പലർക്കും പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചു, പക്ഷേ എനിക്ക് അത് ലഭിച്ചില്ല. അടുത്ത അവസരത്തിനായി ഞാൻ ക്ഷമയോടെ കാത്തിരുന്നു. ഒരു വർഷത്തിനുശേഷം ഞാൻ മറ്റൊരു യോഗത്തിൽ പങ്കെടുത്തു. ഇത്തവണ, ഞാൻ വാസ്തവമായി അനുതപിച്ചു, പൂർണ്ണഹൃദയത്തോടെ ദൈവത്തോട് നിലവിളിച്ചുകൊണ്ട്, "കർത്താവേ, പരിശുദ്ധാത്മാവിനെ സ്വീകരിക്കാതെ അങ്ങയുടെ കരത്താൽ  ഞാൻ എങ്ങനെ ഉപയോഗിക്കപ്പെടും?” എന്ന് അപേക്ഷിച്ചു. പിറ്റേന്ന് രാവിലെ, ദൈവം എന്നെ കാരുണ്യപൂർവ്വം നിറച്ചു. എന്റെ ഹൃദയം മാറി. എന്റെ ജീവിതം രൂപാന്തരപ്പെട്ടു. ഇന്ന് ഞാൻ ആയിരിക്കുന്നത് പരിശുദ്ധാത്മാവു മുഖാന്തരമാണ്. കർത്താവ് നിങ്ങൾക്കും അങ്ങനെ തന്നെ ചെയ്യട്ടെ. അവൻ നിങ്ങളെ തന്റെ ആത്മാവിനാൽ നിറയ്ക്കുകയും നിങ്ങളുടെ മരുഭൂമി മുഴുവൻ ഫലഭൂയിഷ്ഠമായ ഒരു ഭൂമിയാക്കി മാറ്റുകയും ചെയ്യട്ടെ.

PRAYER:
സ്നേഹവാനായ പ്രിയ പിതാവേ, അങ്ങയുടെ സ്നേഹനിർഭരമായ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് ഉയരത്തിൽ നിന്ന് എന്റെമേൽ പകരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി എന്റെ ഹൃദയം മരുഭൂമിയും വരൾച്ചയും ക്ഷീണവും അറിയുന്നു. എന്നാൽ അങ്ങേക്ക് എന്നെ ഫലഭൂയിഷ്ഠമായ ഒരു ഉദ്യാനമാക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, ഞാൻ എന്റെ എല്ലാ പാപങ്ങൾക്കും പശ്ചാത്തപിക്കുകയും അങ്ങയുടെ കാരുണ്യത്തിലും ദയയിലും ആശ്രയിച്ചുകൊണ്ട്, അങ്ങിലേക്ക് മടങ്ങുകയും ചെയ്യുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്റെമേൽ പകരേണമേ. എന്നിൽ ചൈതന്യം വരുത്തേണമേ. എന്നെ പുതുക്കേണമേ. എന്നെ മാറ്റേണമേ. അങ്ങയുടെ ശക്തി എന്റെ ജീവിതത്തിന്റെ ഓരോ കോണിലും നിറയുകയും അങ്ങയുടെ മഹത്വത്തിനായി നല്ല ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.