പ്രിയ സുഹൃത്തേ, കർത്താവിനോടൊപ്പം സമയം ചെലവഴിക്കുന്നത് എത്ര സന്തോഷവും ഭാഗ്യവുമാണ്. അവന്റെ സാന്നിധ്യം നമ്മെ അത്രയധികം സന്തോഷത്താൽ നിറയ്ക്കുന്നു. ഇന്നും, അവന്റെ സാന്നിധ്യത്തിൽ, അവൻ യെശയ്യാവ് 57:15-ൽ നിന്നു നമ്മോടു സംസാരിക്കുന്നു, “ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു, മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു." എത്ര മനോഹരമായ ഒരു വാക്യം!

"ഓ, യേശു വലിയ ആളുകളോടൊപ്പമാണ് ജീവിക്കുന്നത്" എന്ന് ജനങ്ങൾ പറഞ്ഞേക്കാം. പക്ഷേ, എന്റെ സുഹൃത്തേ, അവൻ വലിയ ആളുകളോടൊപ്പമല്ല ജീവിക്കുന്നത്. അവൻ ആളുകളെ വലിയവരാക്കുന്നു! അങ്ങനെയാണ് യേശു. വാസ്തവത്തിൽ, മനുഷ്യനു വേണ്ടി തന്നെത്തന്നെ സമർപ്പിക്കാനും മനുഷ്യനോടൊപ്പം നിൽക്കാനും അവനെ സഹായിക്കാനും പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനും വേണ്ടി അവൻ സ്വർഗ്ഗത്തിന്റെ മഹത്വം ഉപേക്ഷിച്ചു ഈ ലോകത്തേക്ക് വന്നു. മനോവിനയമുള്ളവരോടും ഹൃദയത്തിൽ പശ്ചാത്തപിക്കുന്നവരോടും “ഞാൻ ഒരു പാപിയാണ്, കർത്താവേ” എന്ന് മാനസാന്തരപ്പെടുന്നവരോടും കൂടെ വസിക്കാനാണ് അവൻ വന്നത്. അതുകൊണ്ടാണ് യേശു രണ്ടു പേരുടെ കഥ പറഞ്ഞത്. പുരോഹിതനെപ്പോലെയുള്ള ഒരു പരീശൻ പാപിയായ ഒരു ചുങ്കക്കാരന്റെ അരികിൽ നിന്നു. പരീശൻ അഭിമാനത്തോടെ പ്രാർത്ഥിച്ചു, “കർത്താവേ, ഈ ചുങ്കക്കാരനായ പാപിയെപ്പോലെ ഞാൻ അല്ല. ഞാൻ ഒരു നീതിമാനാണ്. എന്നെ അനുഗ്രഹിക്കേണമേ.” എന്നാൽ ചുങ്കക്കാരൻ വിനയത്തോടെ, എല്ലാവരുടെ മുമ്പിലും തന്റെ മാറത്തടിച്ചുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു: “കർത്താവേ, ഞാൻ ഒരു പാപിയാണ്. എന്നോട് ക്ഷമിക്കേണമേ. എന്നെ രക്ഷിക്കേണമേ. എന്നോടു കരുണയുണ്ടാകേണമേ.”

പാപിയായി അനുതപിച്ച ആ താഴ്മയുള്ള മനുഷ്യന്റെ പ്രാർത്ഥനയാണ് ദൈവത്തിന്റെ ഹൃദയത്തിലെത്തിയതെന്ന് യേശു പറഞ്ഞു. തീർച്ചയായും, ആത്മാവിൽ താഴ്ചയുള്ളവർക്കും, മാനസാന്തരപ്പെടുന്നവർക്കും, ഹൃദയം നുറുങ്ങിയവർക്കും തന്നെയാണ് അവൻ സഹായിയായി വരുന്നത്. ഇന്ന്, ദൈവം നിങ്ങളുടെ വിലയേറിയ പ്രാർത്ഥന കേൾക്കുകയും നിങ്ങളെ പാപത്തിൽ നിന്ന് മോചിപ്പിക്കുകയും നിങ്ങളെ ഉയർത്തുകയും ചെയ്യും. കർത്താവേ, ഇപ്പോൾ തന്നെ, എന്റെ ആവശ്യം അംഗീകരിച്ചുകൊണ്ട്, ആ താഴ്മയുള്ള ചുങ്കക്കാരനെപ്പോലെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു.

PRAYER:
സ്നേഹവാനായ കർത്താവേ, ഉന്നതവും പരിശുദ്ധവുമായ സ്ഥലത്ത് മാത്രമല്ല, മനസ്താപവും മനോവിനയവുമുള്ളവരോടും കൂടെ വസിക്കുന്ന ദൈവമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. കർത്താവേ, ദയവായി എന്നോട് കരുണ കാണിക്കേണമേ, എന്റെ പാപങ്ങൾ ക്ഷമിക്കേണമേ, എന്നെ രക്ഷിക്കേണമേ, കാരണം അങ്ങാണ് എന്റെ രക്ഷകൻ. അങ്ങയുടെ സാന്നിധ്യവും സ്നേഹവും കൊണ്ട് എന്റെ ജീവിതം എപ്പോഴും പ്രകാശിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.