എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം സങ്കീർത്തനം 118:14 ധ്യാനിക്കുന്നു. അത് ഇപ്രകാരം പറയുന്നു, “യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു; അവൻ എനിക്കു രക്ഷയായും തീർന്നു." എന്റെ സുഹൃത്തേ, ഇന്ന് നിങ്ങൾ പറയുന്നുണ്ടാകാം, "ഞാൻ ദുർബ്ബലനാണ്, ഞാൻ തീർത്തും ക്ഷീണിച്ചിരിക്കുന്നു. ഞാൻ വളരെ തളർന്നിരിക്കുന്നു. എനിക്ക് കുറച്ച് ശക്തി വേണം.” നിങ്ങൾക്ക് ശാരീരികമായും വൈകാരികമായും ക്ഷീണം തോന്നിയേക്കാം, ഒരു "പിക്ക്-മി-അപ്പ്" ആഗ്രഹിക്കുന്നുണ്ടാകാം. എന്നാൽ ഇന്ന്, ദൈവം നിങ്ങളെ തൻറെ ശക്തി കൊണ്ട് നിറയ്ക്കുന്നു.

ഒരു വലിയ വൃക്ഷത്തെ കാണുമ്പോൾ, അതിന്റെ മനോഹരമായ ശാഖകളെയും അത് നൽകുന്ന തണലിനെയും ഇലകളുടെ പച്ചപ്പിനെയും അതിന്റെ തടിയുടെ ബലത്തെയും നാം പ്രശംസിക്കുന്നു. അത് എത്രത്തോളം ഉറച്ചുനിൽക്കുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്നിട്ടും നമ്മിൽ പലരും അതിനെ യഥാർത്ഥത്തിൽ നിലനിർത്തുന്നത് എന്താണെന്ന് കാണുന്നില്ല, അതായത് വേരുകൾ. ഉപരിതലത്തിന് താഴെയായി വേരുകൾ മണ്ണിലേക്ക് വിശാലമായി വ്യാപിക്കുകയും മരത്തിന് ശക്തമായ അടിത്തറ നൽകുകയും ചെയ്യുന്നു. കാണുന്നില്ലെങ്കിലും മരം ഉയരത്തിലും അചഞ്ചലമായും നിൽക്കാൻ കാരണം അവയാണ്. അതുപോലെ, എന്റെ പ്രിയ സുഹൃത്തേ, നമ്മുടെ ശക്തി എവിടെ നിന്നാണ് വരുന്നത്? അത് അദൃശ്യമായ ഒന്നിൽ നിന്നാണ് വരുന്നത്. ദാനിയേൽ 6:10-ൽ, ദാനിയേൽ തന്റെ മാളികമുറിയിൽ പോയി ദിവസവും മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചതെങ്ങനെയെന്ന് നാം വായിക്കുന്നു. അതായിരുന്നു അവന്റെ മറഞ്ഞിരിക്കുന്ന വേര്. ഇക്കാരണത്താൽ, ആളുകൾ അവനെതിരെ വന്നപ്പോൾ, അവനെ കുലുക്കാൻ കഴിഞ്ഞില്ല; അവൻ ഉറച്ചുനിന്നു. അതുപോലെ, മുറിയിൽ പ്രവേശിച്ച് വാതിൽ അടച്ച് പ്രാർത്ഥിക്കാൻ വേദപുസ്തകം നമ്മോട് നിർദ്ദേശിക്കുന്നു. മത്തായി 6:6 -ൽ, "നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും" എന്ന് പറയുന്നു.

അതെ, നമ്മുടെ ശക്തിയുടെ യഥാർത്ഥ ഉറവിടം രഹസ്യമായി കാണപ്പെടുന്നു. അത് നമുക്ക് ചുറ്റുമുള്ളവർക്ക് ദൃശ്യമാകണമെന്നില്ല, എന്നാൽ നാം രഹസ്യമായി പ്രാർത്ഥിക്കുകയും ദൈവത്തിൽ നിന്ന് ശക്തി നേടുകയും ചെയ്യുമ്പോൾ, അവൻ നമുക്ക് പരസ്യമായി പ്രതിഫലം നൽകുകയും നമ്മെ ശക്തരാക്കുകയും ചെയ്യുന്നു. ഇന്ന് നിങ്ങൾക്ക് ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടേക്കാം. "ജോലിക്കായി ഇത്രയും നീണ്ട യാത്രയ്ക്ക് ശേഷം, വീട്ടിൽ വരുമ്പോൾ ഒന്നും ചെയ്യാനുള്ള ശക്തി പോലും എനിക്കില്ല" അല്ലെങ്കിൽ, "എന്റെ ജീവിതത്തിൽ വളരെയധികം പരിശ്രമിച്ചതിന് ശേഷവും ഞാൻ ഇപ്പോഴും ഫലങ്ങൾ കാണുന്നില്ല. എനിക്ക് മുന്നോട്ട് പോകാൻ കഴിയുന്നില്ല. എനിക്ക് ബലഹീനതയും ക്ഷീണവും അനുഭവപ്പെടുന്നു " എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ എന്റെ പ്രിയ സുഹൃത്തേ, നിങ്ങളുടെ ശാരീരിക ശക്തി പോലും ദൈവം നിങ്ങൾക്ക് നൽകും. അവൻ നിങ്ങളെ നിലനിർത്തും. അവന്റെ വചനം നിങ്ങളുടെ ആത്മാവിനും പ്രാണനും ജീവൻ നൽകും. അവൻ നിങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും പുതിയ വെളിപ്പെടുത്തലുകളും പുതിയ പ്രോത്സാഹനവും നൽകുകയും ഭൂമിയിൽ ആഴത്തിൽ വേരൂന്നിയ ഒരു വൃക്ഷം പോലെ നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് എന്റെ സുഹൃത്തേ, സന്തോഷമുള്ളവരായിരിക്കുക. ദൈവത്തിൽ ആശ്രയിക്കുക. രഹസ്യമായി അവനോട് പ്രാർത്ഥിക്കുക. അവൻ നിങ്ങൾക്ക് പരസ്യമായി പ്രതിഫലം നൽകുകയും നിങ്ങളെ ശക്തരാക്കുകയും ചെയ്യും.

PRAYER:
കർത്താവേ, ഇന്ന് എനിക്ക് ക്ഷീണവും ബലഹീനതയും തളർച്ചയും അനുഭവപ്പെടുന്നു. ചില സമയങ്ങളിൽ, "എന്നെ എടുക്കാൻ ആരെങ്കിലും വേണം" എന്ന് ഞാൻ സ്വയം പറയുന്നു. എന്നാൽ ഇന്ന്, കർത്താവേ, ഞാൻ അങ്ങിൽ വിശ്രമിക്കുമ്പോൾ, അങ്ങ് എന്നെ പുതിയ ശക്തിയാൽ നിറച്ച് എന്നെ ഉയർത്തണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കണമേ, എന്റെ ശരീരത്തെ പുനരുജ്ജീവിപ്പിക്കണമേ. അങ്ങയുടെ വചനത്തിൽ വേരൂന്നിയും അങ്ങയുടെ സാന്നിധ്യത്തിൽ വേരൂന്നിയുമിരിക്കാൻ എന്നെ സഹായിക്കേണമേ. കർത്താവേ, ഞാൻ പുറത്തിറങ്ങുമ്പോൾ, എനിക്ക് പുതിയ ശക്തിയും പുതിയ ജീവനും പുതുക്കിയ ഊർജ്ജവും ലഭിക്കട്ടെ, അങ്ങനെ എനിക്ക് ശക്തമായി നിൽക്കാൻ കഴിയും. ഈ ദിവസം എന്നെ പുനരുജ്ജീവിപ്പിക്കുകയും എന്റെ വഴിയിൽ വരുന്ന എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. ഇന്ന് അങ്ങയുടെ ശക്തി എന്റെ മേൽ ചൊരിയുന്നതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ അത് സ്വീകരിക്കുന്നു. ആമേൻ.