എന്റെ സുഹൃത്തേ, സങ്കീർത്തനം 147:2-ലെയും ആവർത്തനപുസ്തകം 30:3-ലെയും ഈ വിലയേറിയ വാഗ്‌ദത്തങ്ങൾ ഈ മാസം കർത്താവ് നിങ്ങൾക്ക് നൽകുന്നു: "യഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു." "യഹോവ ... നിന്നോടു മനസ്സലിഞ്ഞു ... സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും." എത്ര ആശ്വാസകരമായ ഉറപ്പ്! ഇന്ന് കർത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ട; ഞാൻ നിങ്ങളെ പുനഃസ്ഥാപിക്കും.”

നിങ്ങളിൽ നിന്ന് നഷ്ടപ്പെട്ടതെല്ലാം, നിങ്ങളുടെ ജീവിതത്തിൽ നിന്ന് മോഷ്ടിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്തതെല്ലാം കർത്താവ് തിരികെ നൽകും. ഇതാണ് നിങ്ങൾക്കായി ഇന്നുള്ള ദൈവത്തിന്റെ വാഗ്‌ദത്തം. നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലേക്ക് ജീവിതം നിങ്ങളെ കൊണ്ടുപോയിട്ടുണ്ടെങ്കിലും, കർത്താവ് നിങ്ങളെ മറന്നിട്ടില്ല. ഒരുപക്ഷേ നിങ്ങൾ ഭയം, തിരസ്കരണം, ഏകാന്തത, കുറ്റബോധം അല്ലെങ്കിൽ ദുഃഖം എന്നിവയാൽ ബന്ധിക്കപ്പെട്ടിരിക്കാം. ഇന്ന്, കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, "ഞാൻ നിങ്ങളെ സകല ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കും". അവൻ നിങ്ങളുടെ ജീവിതം പുനഃസ്ഥാപിക്കുകയും തകർന്നതെല്ലാം വീണ്ടും പണിയുകയും നിങ്ങളുടെ കുടുംബത്തെ പുനഃസ്ഥാപിക്കുകയും ചിതറിപ്പോയ എല്ലാ അനുഗ്രഹങ്ങളും തിരികെ ശേഖരിക്കുകയും നിങ്ങളെ വീണ്ടും മാനിക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് കർത്താവ് നിങ്ങളെ വീണ്ടെടുക്കുന്നത്? ഉത്തരം ലളിതമാണ്. അവനാണ് നിങ്ങളുടെ ഇടയൻ. യേശു പറഞ്ഞു, "ഞാൻ നല്ല ഇടയനാണ്". ഒരു നല്ല ഇടയൻ തന്റെ ആടുകൾക്ക് വേണ്ടി തന്റെ ജീവൻ നൽകുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തു നിങ്ങൾക്കുവേണ്ടി ക്രൂശിൽ തന്റെ ജീവൻ സമർപ്പിച്ചു. നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുന്നതിനായി മാത്രമല്ല, നിങ്ങളെ തന്റെ തൊഴുത്തിലേക്ക് കൊണ്ടുവരാനും നിങ്ങളെ തന്റെ ഹൃദയത്തോട് ചേർത്തുനിർത്താനും കൂടിയാണ് അവൻ തന്റെ വിലയേറിയ രക്തം ചിന്തിയത്. അതുകൊണ്ടാണ് കർത്താവ് നിങ്ങളെ ഒരിക്കലും മുറിവേറ്റവരായോ, തകർന്നവരായോ, ഉപേക്ഷിക്കപ്പെട്ടവരായോ വിട്ടുകളയാത്തത്. നിങ്ങളെ തന്റെ  സ്നേഹനിർഭരമായ കരങ്ങളിലേക്ക് തിരികെ കൊണ്ടുവരികയും നിങ്ങളെ വീണ്ടും പൂർണ്ണരാക്കുകയും ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ വഴിയറിയാത്ത, ആശയക്കുഴപ്പത്തിലായ, ഭാരമേറിയ മനസ്സുള്ള ഒരു ആടിനെപ്പോലെ ഇന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകാം. എന്നാൽ നിങ്ങളുടെ നല്ല ഇടയൻ നിങ്ങളെ അനുകമ്പയോടെ നോക്കുന്നു. അവൻ ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും പീഡിതരെ വിടുവിക്കുകയും മനുഷ്യരെ സമ്പൂർണ്ണതയിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അതേ യേശു ഇന്നും നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു.

ലൂക്കൊസ് 13:34-ൽ യേശു ഇപ്രകാരം പറയുന്നു: " കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു." ഇതാണ് ദൈവത്തിന്റെ ഹൃദയം. നിങ്ങളെ തന്റെ ചിറകുകളുടെ കീഴിൽ കൂട്ടിച്ചേർക്കാനും നിങ്ങളെ സംരക്ഷിക്കാനും നിങ്ങളെ ആശ്വസിപ്പിക്കാനും നിങ്ങൾക്ക് വിശ്രമം നൽകാനും അവൻ ആഗ്രഹിക്കുന്നു. ഒരുപക്ഷേ വേദനയോ നിരാശയോ പാപമോ നിങ്ങൾക്കും അവനുമിടയിൽ അകലം സൃഷ്ടിച്ചിരിക്കാം. തിരിച്ചുവരാൻ പോലും നിങ്ങൾക്ക് അർഹതയില്ലെന്ന് തോന്നിയേക്കാം. എന്നാൽ യേശുവിന്റെ സ്നേഹം നിങ്ങളുടെ പരാജയങ്ങളേക്കാൾ വലുതാണ്. നിങ്ങൾ എത്ര ദൂരം പോയാലും, യേശു ഇന്ന് നിങ്ങളെ തിരികെ വിളിക്കുന്നു. നിങ്ങളുടെ ഇടയനാകാൻ അവനോട് അപേക്ഷിക്കുക, അവൻ നിങ്ങളെ ഒരിക്കലും തള്ളിക്കളയുകയില്ല. ലോകത്തിന്റെ വഴികളിൽ നിന്ന് പിന്തിരിയുകയും നിങ്ങളുടെ ജീവിതം പൂർണ്ണമായും അവന് സമർപ്പിക്കുകയും ചെയ്യുക.

നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, കർത്താവ് നിങ്ങളുടെ കുടുംബത്തെയും ഭാവിയെയും പുനഃസ്ഥാപിക്കും. "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" എന്ന് അപ്പൊ. പ്രവൃത്തികൾ 16:31-ൽ പറയുന്നു. നിങ്ങൾ അവനിൽ വിശ്വാസം അർപ്പിക്കുമ്പോൾ, അവന്റെ രക്ഷാകരമായ കൃപ നിങ്ങളുടെ മുഴുവൻ കുടുംബത്തെയും സ്പർശിക്കും. സങ്കീർത്തനം 23-ൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ, നിങ്ങളുടെ നല്ല ഇടയൻ പച്ചയായ പുല്പുറങ്ങളിലേക്കും സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കും നിങ്ങളെ നയിക്കും. അവൻ നിങ്ങളുടെ ശക്തിയെ പുതുക്കുകയും നിങ്ങളുടെ ആത്മാവിനെ നവീകരിക്കുകയും, തന്റെ നാമത്തിന്റെ മഹത്വത്തിനായി നീതിയുടെ പാതകളിലൂടെ നിങ്ങളെ വഴിനടത്തുകയും ചെയ്യും. ഒടുവിൽ, നിങ്ങളുടെ ജീവിതത്തിലെ തകർന്ന ഓരോ മേഖലയും പുനർനിർമ്മിച്ചുകൊണ്ട് കർത്താവ് നിങ്ങളുടെ ലജ്ജയെ ബഹുമാനമാക്കി മാറ്റും.  യെശയ്യാവ് 62:4 ഇപ്രകാരം പറയുന്നു, " നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; ... നിനക്കു ഹെഫ്സീബാ (ഇഷ്ട) ....എന്നും പേർ‍ ആകും; യഹോവെക്കു നിന്നോടു പ്രിയമുണ്ടല്ലോ." ഇന്ന്, നിങ്ങളുടെ ജീവിതം തകർന്നുവെന്ന് ആളുകൾ പറഞ്ഞേക്കാം, പക്ഷേ കർത്താവ് പറയുന്നു, "ഇല്ല! എനിക്ക് നിന്നോടു പ്രിയമുണ്ട്." ഇന്ന് അവനിൽ ആശ്രയിക്കുക, അപ്പോൾ നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം അവൻ തീർച്ചയായും തിരികെ നൽകും.

PRAYER: 
സ്നേഹവാനായ പിതാവേ, എന്റെ നല്ല ഇടയനായതിന് അങ്ങേക്ക് നന്ദി. ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു. എന്റെ ജീവിതത്തിലെ തകർന്ന എല്ലാ മേഖലകളും പുനഃസ്ഥാപിക്കുകയും എല്ലാ അടിമത്തത്തിൽ നിന്നും എന്നെ മോചിപ്പിക്കുകയും അങ്ങയുടെ സമാധാനം കൊണ്ട് എന്റെ ഹൃദയം നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ രക്ഷാകരമായ കൃപ എന്റെ കുടുംബത്തെ സ്പർശിക്കുകയും അങ്ങയുടെ നീതിയുടെ പാതകളിൽ എന്നെ എപ്പോഴും നയിക്കുകയും ചെയ്യണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.