ദൈവം നിങ്ങൾക്ക് കാരുണ്യം നൽകാൻ ആഗ്രഹിക്കുന്നു, അതിനുവേണ്ടിയാണ് അവൻ തന്റെ കൃപാസനത്തിൽ ഇരിക്കുന്നത്. എബ്രായർ 4:16 ൽ വേദപുസ്തകം പറയുന്നു, "കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക." ദൈവത്തിന്റെ സിംഹാസനം കൃപയുടെ സിംഹാസനമാണ്. ഈ കൃപ നമുക്ക് എന്താണ് നൽകുന്നത്? ഒന്നാമതായി, അത് നമുക്ക് രക്ഷ നൽകുന്നു. എഫെസ്യർ 2:8-9 പറയുന്നു, കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു. നിങ്ങൾ ചെയ്യുന്ന ജോലികളല്ല അത്. നിങ്ങൾ ചെയ്യുന്ന സൽ പ്രവൃത്തികളല്ല അത്. നിങ്ങൾ എങ്ങനെയാണ് സ്വയം ത്യാഗം ചെയ്യുന്നത്, സ്വയം ഉപദ്രവിക്കുന്നത് എന്നതല്ല കാര്യം. നിങ്ങൾ ശാരീരികമായി ചെയ്യുന്ന ഒന്നിനും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല.

രക്ഷ ആത്മീയമാണ്. ദൈവത്തിന് മാത്രമേ നിങ്ങളുടെ ആത്മാവിനെ കൈകാര്യം ചെയ്യാൻ കഴിയൂ. ദൈവം ആത്മാവാണ്. അതിനാൽ അവനെ ആരാധിക്കുന്നവർ അവനെ ആത്മാവിലും സത്യത്തിലും ആരാധിക്കണം എന്ന് യേശു പറയുന്നു. അതിനാൽ നാം നമ്മുടെ ആത്മാവിനെ പരിശുദ്ധാത്മാവുമായി ബന്ധിപ്പിക്കണം. അപ്പോൾ അവന്റെ ശക്തി വന്നു നമ്മുടെ ആത്മാവിനെ രൂപാന്തരപ്പെടുത്തുന്നു, പാപത്തിന്റെ ആത്മാവിനെ നീക്കിക്കളയുന്നു, ദൈവാത്മാവിനെ നമുക്കു നൽകുന്നു. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.

രണ്ടാമതായി, ബലഹീനതയിൽ ശക്തി. 2 കൊരിന്ത്യർ 12:9 പറയുന്നു, "എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു." അതെ, നിങ്ങളുടെ ബലഹീനതയ്ക്കിടയിൽ ശക്തിപ്പെടാനായി ദൈവം നിങ്ങൾക്ക് നൽകുന്ന കൃപ ഇതാണ്. എല്ലാ  ബലഹീനതകളും യേശുവിന്റെ നാമത്തിൽ നിങ്ങളെ വിട്ടുപോകട്ടെ. കൃപാസനത്തിൽ നിന്ന് വരുന്ന ശക്തിയിലൂടെ, എല്ലാ പ്രലോഭനങ്ങളിലും നിങ്ങൾക്ക് സൌഖ്യം ലഭിക്കുന്നതിനും ശക്തിപ്പെടുന്നതിനുമായി യേശു ഇതിനകം കുരിശിൽ വില നൽകിയിട്ടുണ്ട്.

മൂന്നാമതായി, നമ്മുടെ കർത്താവായ യേശുവിന്റെ കൃപയിലൂടെ നിങ്ങൾക്ക് സമ്പത്ത് വരുന്നു. 2 കൊരിന്ത്യർ 8:9 -ൽ, "നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം യേശു ദരിദ്രനായിത്തീർന്നു" എന്നു പറയുന്നു. ഭൌതിക അർത്ഥത്തിൽ, മഹത്വമില്ലാതെ അവൻ കുരിശിലേറ്റപ്പെട്ടു, അതിലൂടെ നിങ്ങളെയും എന്നെയും അവന്റെ കൃപയിലൂടെ ദാരിദ്ര്യത്തിൽ നിന്നും കുറവിൽ നിന്നും ഉയർത്താനാകും എന്നാണ്. ഈ കൃപ ഇപ്പോൾ തന്നെ നിങ്ങളുടെ മേൽ വരട്ടെ.

PRAYER:
സ്നേഹവാനായ കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ ഭാരങ്ങളും എല്ലാ പീഡനങ്ങളും അങ്ങ് കാണുന്നു. വേദനയിലും അപമാനത്തിലും നിസ്സഹായതയിലും ഞാൻ അങ്ങയെ കാത്തിരുന്നു. ഇന്ന്, അങ്ങയുടെ വിടുതൽ എന്റെ ജീവിതത്തിലേക്ക് വരട്ടെ. ഇത്രയും കാലം എന്നെ തടവിലാക്കിയ ഓരോ ചങ്ങലയും തകർക്കേണമേ. എന്റെ ഹൃദയത്തെ വീണ്ടും നിത്യമായ സന്തോഷവും ആനന്ദവും  കൊണ്ട് നിറയ്ക്കണമേ. എന്റെ സമാധാനവും അന്തസ്സും പ്രത്യാശയും പുനഃസ്ഥാപിക്കേണമേ. അങ്ങ് തന്റെ ജനത്തെ രക്ഷിക്കുകയും പീഡിതരെ സ്വതന്ത്രരാക്കുകയും ചെയ്തതുപോലെ, കർത്താവേ, എന്നെയും രക്ഷിക്കണമേ. അങ്ങ് എന്നെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ വിലയേറിയ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.