പ്രിയ സഹോദരീ സഹോദരന്മാരേ, വേദപുസ്തകത്തിലെ സദൃശവാക്യങ്ങൾ 13:9 ൽ ഇപ്രകാരം പറയുന്നു: "നീതിമാന്റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും." തന്റെ മക്കൾ ഈ ലോകത്തിൽ ശോഭയോടെ പ്രകാശിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

എന്റെ മകൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഞാൻ അവനോട് പറഞ്ഞു, "നന്നായി പഠിക്കുകയും നല്ല മാർക്ക് നേടുകയും ചെയ്യുക - അത് നിന്റെ വിജയത്തിനുവേണ്ടി മാത്രമല്ല, ദൈവത്തെ മഹത്വപ്പെടുത്താനും അവന്റെ നാമത്തിന് മഹത്വം വരുത്താനും കൂടിയാണ്. ദൈവസന്നിധിയിൽ നേരായി നിലകൊൾക. അപ്പോൾ അവന്റെ മഹത്വം നിന്നിൽ വസിക്കും. അങ്ങനെ അവൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ പഠനത്തിൽ നിന്നെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും." എന്റെ മകൻ അത് അനുസരിച്ചു. എല്ലാ ദിവസവും പഠനത്തിന് മുമ്പ് അവൻ ദൈവവചനം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം അവൻ എന്നോട് പറഞ്ഞു, "അമ്മ, ഞാൻ ദൈവത്തെ മാനിച്ചതുകൊണ്ട് ദൈവം എന്നെയും മാനിച്ചു". പത്താം ക്ലാസ് പരീക്ഷയിൽ മികച്ച മാർക്ക് നൽകി കർത്താവ് അവനെ  അനുഗ്രഹിച്ചു.

വേദപുസ്തകത്തിലെ സദൃശവാക്യങ്ങൾ 4:18 ൽ ഇപ്രകാരം പറയുന്നു: "നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു." നമ്മുടെ കണ്ണുകൾ ദൈവത്തിൽ ഉറപ്പിച്ചിരിക്കുമ്പോൾ, നമ്മൾ ഒരിക്കലും അധഃപതിക്കുകയില്ല. പകരം, നാം ഉയരുകയും അവന്റെ മഹത്വത്തിനായി പ്രകാശിക്കുകയും ചെയ്യും. തന്നിൽ വിശ്വസിക്കുന്നവരെ യേശു "ലോകത്തിന്റെ വെളിച്ചം" എന്ന് വിളിക്കുന്നു. കർത്താവുമായി ഐക്യപ്പെടുന്നവർ അവന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. അപ്പൊ. പ്രവൃത്തികൾ 17:6 ൽ പൌലൊസിനെയും കൂട്ടാളികളെയും കുറിച്ച് ആളുകൾ "ഭൂലോകത്തെ കലഹിപ്പിച്ചവർ" എന്ന് പറഞ്ഞു.

എന്റെ പ്രിയ സുഹൃത്തുക്കളേ, ലോകത്തെ മാറ്റാനാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. "ഞാൻ ലോകത്തെ മാറ്റാൻ പോകുന്നു" എന്ന് ഞങ്ങളുടെ മകൾ ഷാരോൺ പലപ്പോഴും പറയാറുണ്ട്. നമുക്ക് എങ്ങനെ ലോകത്തെ യഥാർത്ഥത്തിൽ മാറ്റാൻ കഴിയും? നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സത്യസന്ധതയിലൂടെയും ദൈവത്തിന്റെ സത്യത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മാത്രമാകുന്നു. ലോകം നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് - പ്രത്യേകിച്ച് ദൈവത്തിന്റെ മക്കൾ എന്ന് സ്വയം വിളിക്കുന്നവരെ. നാം  എങ്ങനെ സംസാരിക്കുന്നുവെന്നും എങ്ങനെ പെരുമാറുന്നുവെന്നും എങ്ങനെ ജീവിക്കുന്നുവെന്നും അവർ നിരീക്ഷിക്കുന്നു.

യേശു തന്നെ നമ്മുടെ ഉത്തമ മാതൃകയാണ്. വാക്കിലും പ്രവൃത്തിയിലും ശക്തനായിരുന്നിട്ടും, അവൻ നിരന്തരം തന്റെ സ്വർഗ്ഗീയ പിതാവിനെ അന്വേഷിച്ചു. അതിരാവിലെയും പകൽസമയത്തും വൈകുന്നേരത്തും രാത്രിയിലും അവൻ പ്രാർത്ഥിച്ചു. നീതിപൂർവകമായ ജീവിതം നയിക്കാനും തന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റാനും വേണ്ടി അവൻ നിരന്തരം ദൈവത്തിൽ ആശ്രയിച്ചു. ഒരു സൂര്യകാന്തി പൂവിനെക്കുറിച്ച് ചിന്തിക്കുക. എല്ലാ ദിവസവും രാവിലെ അത്, ഉദിച്ചുയരുന്ന സൂര്യന് അഭിമുഖമായി തിരിയുകയും വൈകുന്നേരം വരെ പകൽ മുഴുവനും അത് സൂര്യനെ പിന്തുടരുകയും ചെയ്യുന്നു. സൂര്യനെ നിരന്തരം അഭിമുഖീകരിക്കുന്നതിലൂടെ, ശക്തവും മനോഹരവുമായി വളരാൻ ആവശ്യമായ ഊർജ്ജം അതിന് ലഭിക്കുന്നു. അതുപോലെ, പ്രാർത്ഥനയിലൂടെയും വചനത്തിലൂടെയും നാം എല്ലാ ദിവസവും ദൈവത്തിങ്കലേക്ക് നോക്കണം. കൊലൊസ്സ്യർ 1:29 ൽ അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറയുന്നു:  "അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു." അതുപോലെ, സങ്കീർത്തനം 34:5 ഇങ്ങനെ പ്രഖ്യാപിക്കുന്നു: "അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല." നിരന്തരം കർത്താവിനെ നോക്കുന്നവർ കൂടുതൽ ശോഭയോടെ പ്രകാശിക്കും.

നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു. നിങ്ങളുടെ സൽപ്രവൃത്തികൾ ചുറ്റുമുള്ളവർ കാണുകയും അവർ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തുകയും ചെയ്യത്തക്കവിധം, ഓരോ ദിവസവും നിങ്ങളുടെ വെളിച്ചം കൂടുതൽ ശോഭയോടെ പ്രകാശിക്കാൻ കർത്താവ് ഇടയാക്കട്ടെ. നിങ്ങളുടെ ജീവിതം യേശുവിന്റെ വെളിച്ചത്തെ പ്രതിഫലിപ്പിക്കട്ടെ. "ഞാൻ ദൈവത്തെ മാനിച്ചതുകൊണ്ട് ദൈവം എന്നെയും മാനിച്ചു" എന്ന് എന്റെ മകൻ സാക്ഷ്യപ്പെടുത്തിയതുപോലെ, കർത്താവ് നിങ്ങളെയും മാനിക്കുമാറാകട്ടെ. അവന്റെ മഹത്വം നിങ്ങളുടെ ജീവിതത്തിൽ വസിക്കുകയും നിങ്ങളുടെ വിശ്വസ്തതയ്ക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുമാറാകട്ടെ.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, ലോകത്തിന്റെ വെളിച്ചമായിരിക്കാൻ എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നീതിയിൽ നടക്കാനും അങ്ങയെ മഹത്വപ്പെടുത്താനും എന്നെ സഹായിക്കണമേ. എന്റെ വാക്കുകളിലും പ്രവൃത്തികളിലും സ്വഭാവത്തിലും ഓരോ ദിവസവും അങ്ങയുടെ മഹത്വം പ്രതിഫലിക്കുമാറാകട്ടെ. യേശു ചെയ്തതുപോലെ, പ്രാർത്ഥനയിലൂടെയും വചനത്തിലൂടെയും അങ്ങയെ വിശ്വസ്തതയോടെ അന്വേഷിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ മഹത്തായ ശക്തിയാൽ എന്നെ ബലപ്പെടുത്തുകയും അങ്ങ് എന്നെ നിയോഗിച്ചിരിക്കുന്നിടത്തെല്ലാം കൂടുതൽ ശോഭയോടെ പ്രകാശിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എന്റെ പഠനത്തെയും ജോലിയെയും തൊഴിലിനെയും എന്റെ കൈകളുടെ എല്ലാ പ്രയത്നങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. അങ്ങിൽ ആശ്രയിച്ചവരെ അങ്ങ് മാനിച്ചതുപോലെ എന്റെ വിശ്വസ്തതയെയും അങ്ങ് മാനിക്കേണമേ. എന്റെ ജീവിതത്തിലൂടെ അനേകർ അങ്ങയുടെ നന്മ കാണുകയും അങ്ങയുടെ വിശുദ്ധനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.