എന്റെ വിലയേറിയ ദൈവമക്കളെ, ഇന്ന് നമുക്ക് 2 രാജാക്കന്മാർ 13:23-ലെ ദൈവവചനം ധ്യാനിക്കാം: "യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, ... അവൻ അവരെ കടാക്ഷിച്ചു." എന്റെ സുഹൃത്തുക്കളേ, എത്ര കരുണയുള്ള ദൈവത്തെയാണ് നാം സേവിക്കുന്നത്! അവൻ തന്റെ മക്കളോടു കൃപയും കരുണയും സ്നേഹപൂർണ്ണമായ കരുതലും നിറഞ്ഞവനാണ്. എന്നാൽ കർത്താവ് എപ്പോഴാണ് നമ്മുടെമേൽ തന്റെ കരുണ ചൊരിയുന്നത്? യെശയ്യാവ് 30:18 അതിനുള്ള ഉത്തരം നൽകുന്നു: "അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാൻ താമസിക്കുന്നു. അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ."
എന്റെ പ്രിയ സുഹൃത്തുക്കളേ, നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും - ചെറുതോ വലുതോ ആകട്ടെ - കർത്താവിന്റെ കാൽക്കൽ കാത്തിരിക്കാൻ പഠിക്കുക. അവന്റെ സന്നിധിയിൽ സമയം ചെലവഴിക്കുകയും ദിനംതോറും അവന്റെ വചനം വായിക്കുകയും പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുകയും ചെയ്യുക. നിങ്ങൾ ക്ഷമയോടെ അവനെ കാത്തിരിക്കുമ്പോൾ, അവന്റെ കരുണ നിങ്ങളുടെമേൽ വസിക്കും. അവന്റെ കാരുണ്യത്താൽ അവൻ നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും നിങ്ങളുടെ കുറവുകൾ മറയ്ക്കുകയും അനുഗ്രഹത്തിന്റെ പാതയിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും. ക്ഷമയോടെ അവനിൽ ആശ്രയിക്കുന്നവർ അവന്റെ കൃപ അനുഭവിക്കുകയും ഒരിക്കലും നിരാശരാകാതിരിക്കുകയും ചെയ്യും.
യെശയ്യാവ് 31:5-ൽ കർത്താവ് നമുക്ക് മറ്റൊരു മനോഹരമായ വാഗ്‌ദത്തം നൽകുന്നു: " പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും." നിങ്ങൾ കർത്താവിനോട് ചേർന്നുനിൽക്കുമ്പോൾ, ഒരു പക്ഷി അതിന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ, അവൻ നിങ്ങളെ പ്രതിരോധിക്കുകയും വിടുവിക്കുകയും എല്ലാ അപകടങ്ങളിൽനിന്നും സംരക്ഷിക്കുകയും ചെയ്യും. അതുകൊണ്ട്, ദൈവത്തിന്റെ സാന്നിധ്യത്തിൽ കാത്തിരിക്കുന്നത് നിങ്ങളുടെ ദൈനംദിന ശീലമാക്കുക. അവന്റെ വചനം നിങ്ങളുടെ ഹൃദയത്തെ ശക്തിപ്പെടുത്തുകയും അവന്റെ ആത്മാവ് നിങ്ങളുടെ ജീവിതത്തെ നയിക്കുകയും ചെയ്യട്ടെ. നിങ്ങൾ അവനെ അന്വേഷിക്കുമ്പോൾ, അവന്റെ സംരക്ഷണവും കൃപയും നിങ്ങളെ വലയം ചെയ്യും.
ഹോശേയ 14:3 ഇപ്രകാരം പ്രഖ്യാപിക്കുന്നു: "അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നു." പ്രിയ സുഹൃത്തുക്കളേ, ഒരുപക്ഷേ നിങ്ങൾക്ക് നിങ്ങളുടെ പിതാവിനെയോ മാതാവിനെയോ അല്ലെങ്കിൽ നിങ്ങൾക്ക് വളരെ പ്രിയപ്പെട്ട ആരെയെങ്കിലുമോ നഷ്ടപ്പെട്ടിട്ടുണ്ടാകാം. നിങ്ങൾ ഏകാന്തതയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയും അനുഭവിക്കുന്നുണ്ടാകാം, എങ്കിലും നിരാശരാകരുത്. യേശുവിന്റെ മനസ്സലിവ് ഏതൊരു മാനുഷിക സ്നേഹത്തേക്കാളും ഭൗമിക ബന്ധത്തേക്കാളും വലുതാണ്. അവൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യില്ല. വേദനിക്കുന്ന ഓരോ ഹൃദയത്തിനും അവന്റെ കാരുണ്യം മതിയാകുന്നതാണ്.
ഇപ്പോൾത്തന്നെ നമുക്ക് അവന്റെ സന്നിധിയിൽ നമ്മെത്തന്നെ താഴ്ത്തുകയും നമ്മുടെ ജീവിതത്തിൽ അവന്റെ കരുണയുണ്ടാകാനായി അപേക്ഷിക്കുകയും ചെയ്യാം. നാം അവനെ കാത്തിരിക്കുമ്പോൾ, അവന്റെ കൃപ, കാരുണ്യം, സംരക്ഷണം, അചഞ്ചലമായ സ്നേഹം എന്നിവ എല്ലാ ദിവസവും നമ്മെ വലയം ചെയ്യട്ടെ. കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Prayer:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നോടുള്ള അങ്ങയുടെ അനന്തമായ അനുകമ്പയ്ക്കും അചഞ്ചലമായ സ്നേഹത്തിനും അങ്ങേയ്ക്ക് നന്ദി. അങ്ങയുടെ സാന്നിധ്യത്തിൽ ക്ഷമയോടെ കാത്തിരിക്കാനും അങ്ങയുടെ പരിപൂർണ്ണ സമയത്തിൽ വിശ്വസിക്കാനും എന്നെ പഠിപ്പിക്കണമേ. എല്ലാ ദിവസവും ഞാൻ അങ്ങയുടെ വചനത്തെ ധ്യാനിക്കുമ്പോൾ എന്റെ ഹൃദയത്തെ വിശ്വാസംകൊണ്ട് നിറയ്ക്കണമേ. എന്റെ എല്ലാ കുറവുകളും ക്ഷമിക്കുകയും അങ്ങയുടെ കാരുണ്യത്താൽ എന്നെ ശുദ്ധീകരിക്കുകയും ചെയ്യണമേ. എന്നെ സംരക്ഷിക്കുകയും വിടുവിക്കുകയും എല്ലാ അപകടങ്ങളിൽ നിന്നും തിന്മകളിൽ നിന്നും എന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. ഏകാന്തതയും തകർച്ചയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയും അനുഭവിക്കുന്ന എല്ലാവരെയും ആശ്വസിപ്പിച്ച്, അങ്ങയുടെ പിതൃസ്നേഹം അവർ അനുഭവിക്കുവാൻ ഇടയാക്കണമേ. എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കണമേ. എന്റെ കുടുംബത്തെ അങ്ങയുടെ കൃപയാൽ വലയം ചെയ്യണമേ. അങ്ങയുടെ അനുകമ്പ എന്റെ ജീവിതത്തിന്റെ ഓരോ ചുവടുവയ്പിനും മാർഗനിർദേശം നൽകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


