സംഖ്യാപുസ്തകം 14:9-ൽ നിന്നുള്ള ദൈവത്തിന്റെ വിലയേറിയ വാഗ്ദത്തം ഇന്ന് നമുക്ക് സ്വീകരിക്കാം: "ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു;... നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു." കാലേബും യോശുവയും യിസ്രായേൽ പാളയത്തിലേക്ക് മടങ്ങിവന്ന് ജനങ്ങളോട് അറിയിച്ച വാക്കുകളായിരുന്നു ഇവ. ദൈവം തങ്ങൾക്ക് വാഗ്ദാനം ചെയ്ത, പാലും തേനും ഒഴുകുന്ന കനാൻ ദേശം ഒറ്റുനോക്കാനാണ് അവർ പോയത്. എന്നാൽ, അവരോടൊപ്പം പോയ മറ്റെല്ലാ ചാരന്മാരും പറഞ്ഞു, "അത് സാധ്യമല്ല. ആ നാട്ടിലെ ജനങ്ങൾ ബലവാന്മാരാണ്. മല്ലന്മാർ അവിടെ താമസിക്കുന്നു, പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. നമുക്ക് അവരെ പരാജയപ്പെടുത്താൻ കഴിയില്ല." എന്നാൽ കാലേബിന്റെയും യോശുവയുടെയും വാക്കുകൾ നോക്കുക: "ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു." അവർ ആശ്രയിച്ചിരുന്ന സംരക്ഷണം ഇല്ലാതാകുകയും യിസ്രായേല്യരോടൊപ്പമുണ്ടായിരുന്ന ദൈവം അവരുടെ ശത്രുക്കളെ അവരുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

നാം എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുമ്പോൾ, പലപ്പോഴും നാം ഇങ്ങനെ പറയുന്നു: "എനിക്ക് ചെയ്യാൻ കഴിയുന്നതിലും വലുതാണ് അത്. എനിക്ക് വേണ്ടത്ര കഴിവുകളോ പ്രാപ്തിയോ വിഭവങ്ങളോ ആളുകളോ അഭിഷേകമോ പണമോ ഇല്ല. അതിനാൽ എനിക്ക് അത് ചെയ്യാൻ കഴിയില്ല. " ഇത്തരം പരിമിതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം, ദൈവം നിങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്‌ദത്തത്തിലേക്ക് നോക്കുക. അവൻ നിങ്ങൾക്ക് ഒരു ദർശനം കാണിക്കുകയും നിങ്ങളെ ഈ കമ്പനിയിലേക്കോ സ്കൂളിലേക്കോ കോളേജിലേക്കോ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. നിങ്ങളെ അവിടേക്ക് നയിച്ച അതേ ദൈവം നിങ്ങൾക്ക് സമ്പൂർണ്ണ വിജയം നൽകും. അവൻ നിങ്ങളെ ഉയർത്തുകയും ഉറപ്പിച്ചുനിർത്തുകയും ചെയ്യും. ദൈവം തന്റെ വാഗ്ദത്തം നിറവേറ്റുകയും നിങ്ങളുടെ ജീവിതത്തിൽ തന്റെ ഹിതം നിവർത്തിക്കുകയും ചെയ്യും. ഇതിൽ നാം സന്തോഷിക്കുകയും യേശുവിന്റെ നാമത്തിൽ ഇത് സ്വീകരിക്കുകയും വേണം.

ഒരു പാസ്റ്റർ ഒരിക്കൽ എന്നോട് ഒരു സംഭവം പങ്കുവെച്ചു. തങ്ങളുടെ ശുശ്രൂഷയ്ക്കായി ഒരു കഷണം ഭൂമി വാങ്ങാൻ അവർ പാടുപെടുകയാണെന്നും ഉപവാസ പ്രാർത്ഥനാ യോഗം നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഒരു ദിവസം, അദ്ദേഹം ഉണർന്നപ്പോൾ, പകരം ഒരു സ്തോത്ര പ്രാർത്ഥനാ യോഗം നടത്താൻ പരിശുദ്ധാത്മാവ് അദ്ദേഹത്തോട് പറഞ്ഞു. അതിനാൽ, അവരുടെ യഥാർത്ഥ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുപകരം അവർ കർത്താവിന് നന്ദി പറയാൻ തുടങ്ങി. അത്ഭുതകരമെന്നു പറയട്ടെ, ദൈവം അവർക്ക് വഴി തുറന്നുകൊടുത്തു. അവൻ അവർക്ക് ഒരു വലിയ ദർശനം നൽകുകയും ഒരു വലിയ ശുശ്രൂഷ ഏൽപ്പിക്കുകയും ചെയ്തതിനായി അവർ കർത്താവിന് നന്ദി പറഞ്ഞു. അവൻ തങ്ങൾക്ക് വിജയം നൽകുമെന്ന് അവർ വിശ്വസിച്ചതിനാൽ അവർ നന്ദി പറഞ്ഞു.

പ്രിയ സുഹൃത്തുക്കളേ, ദൈവം നിങ്ങൾക്ക് ഒരു ദർശനം നൽകുമ്പോൾ, തടസ്സങ്ങളിലോ പരിമിതികളിലോ ശ്രദ്ധ കേന്ദ്രീകരിക്കരുത്. വെല്ലുവിളികൾ നിങ്ങളുടെ കഴിവുകളേക്കാൾ വലുതാണെന്ന് തോന്നുമ്പോൾ ഭയപ്പെടരുത്. കർത്താവ് നിങ്ങളോടൊപ്പമുണ്ടെന്ന് ഓർക്കുക. അവൻ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകുകയും തന്റെ അഭിഷേകം കൊണ്ട് നിങ്ങളെ ശക്തരാക്കുകയും നിങ്ങളെ മുന്നോട്ട് നയിക്കുകയും ചെയ്യും. വഴി അസാധ്യമാണെന്ന് തോന്നിയാലും അവന്റെ വാഗ്‌ദത്തത്തിൽ ആശ്രയിക്കുകയും വിശ്വാസത്തോടെ അവന് നന്ദി പറയുകയും ചെയ്യുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനും അങ്ങയുടെ വാഗ്‌ദത്തങ്ങൾക്കനുസരിച്ച് ഞങ്ങളെ നയിക്കുന്നതിനും അങ്ങേക്ക് നന്ദി. ഞങ്ങളുടെ മുന്നിലുള്ള വെല്ലുവിളികളെ ഭയപ്പെടാതെ ആത്മീയ കണ്ണുകളിലൂടെ അവയെ കാണാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങ് ഞങ്ങൾക്ക് നൽകിയ ദർശനവും ഞങ്ങളോട് അരുളിച്ചെയ്ത വാഗ്ദത്തങ്ങളും ഞങ്ങളെ ഓർമ്മിപ്പിക്കണമേ. അങ്ങ് ഞങ്ങളെ നയിച്ചിടത്ത് ഞങ്ങളെ സ്ഥാപിക്കുകയും എല്ലാ തടസ്സങ്ങളും നീക്കി, ഞങ്ങൾക്ക് സമ്പൂർണ്ണ വിജയം നൽകുകയും ചെയ്യണമേ. അങ്ങയുടെ  മക്കൾക്ക് ആവശ്യമായ കഴിവും കൃപയും അഭിഷേകവും കൊണ്ട് അവരെ നിറയ്ക്കണമേ. അവരുടെ മുമ്പിലുള്ള ചെങ്കടൽ പിളർന്ന് വഴിതുറക്കുകയും വാഗ്ദത്തദേശത്തിലേക്ക് പ്രവേശിക്കുവാൻ അവരുടെ പാത തെളിയിച്ചുകൊടുക്കുകയും ചെയ്യണമേ. ഞങ്ങൾക്ക് മുൻപേ നടന്ന്, ഈ മഹത്തായ വിജയം നൽകിയതിന് അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.