പ്രിയ സുഹൃത്തുക്കളേ, ദൈവത്തിൽ നിന്നുള്ള ഇന്നത്തെ വാഗ്‌ദത്തം 2 ശമൂവേൽ 22:31 ൽ നിന്നുള്ളതാണ്: "യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു." നമുക്ക് കർത്താവിന്റെ വചനം ലഭിക്കുമ്പോൾ, അത് അവനിൽ നിന്ന് നേരിട്ട് ഒരു വാക്ക് സ്വീകരിക്കുന്നത് പോലെയാണ്. നിങ്ങൾ കർത്താവിന്റെ മുമ്പിൽ നിൽക്കുകയാണെന്നും അവൻ തന്റെ വാഗ്‌ദത്തങ്ങൾ നിങ്ങളോട് സംസാരിക്കുകയാണെന്നും സങ്കൽപ്പിക്കുക. നിങ്ങളുടെ ജീവിതത്തിൽ അവൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവൻ നിങ്ങളോട് പറയുന്നു. എന്തൊരു ബഹുമാനവും ഭാഗ്യവുമാണത്! ദൈവവചനം സ്വീകരിക്കുക എന്നത് എത്ര ശക്തമായ അനുഭവമാണ്. നാം വേദപുസ്തകം വായിക്കുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. എല്ലാ ദിവസവും വേദപുസ്തകത്തിൽനിന്ന് ദൈവം നമുക്കു കാണിച്ചുതരുന്ന വാക്കുകൾ വിലപ്പെട്ടതാണ്. നമുക്ക് അവന്റെ വചനത്തെ ആദരിക്കാം.

യെഹൂദയിൽ യെഹോശാഫാത്ത് എന്ന ഒരു രാജാവുണ്ടായിരുന്നു, അവൻ അമ്മോന്യരുടെയും മോവാബ്യരുടെയും മറ്റുള്ളവരുടെയും ശക്തമായ സൈന്യങ്ങളെ നേരിടുകയായിരുന്നു. യെഹൂദയിലെ ജനങ്ങൾ ഭയപ്പെട്ടു, അവർ എല്ലാവരും തങ്ങളുടെ രാജാവിന്റെ നേതൃത്വത്തിൽ കർത്താവിനോട് പ്രാർത്ഥിച്ചു. ദൈവത്തെ അന്വേഷിക്കാനും അവരെ രക്ഷിക്കാൻ അവനോട് ആവശ്യപ്പെടാനും യെഹോശാഫാത്ത് അവരെ ഒന്നിപ്പിച്ചു. അപ്പോൾ ദൈവം ഒരു പ്രവാചകനിലൂടെ തന്റെ വചനം അയച്ചു. പ്രവാചകൻ പറഞ്ഞു, "ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ." അവൻ അവരോട് ഇങ്ങനെ പറഞ്ഞു, "നാളെ അവരുടെ നേരെ ചെല്ലുവിൻ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ." പ്രവാചകൻ മുഖാന്തരം ദൈവത്തിന്റെ വചനം കേട്ടയുടനെ രാജാവും അവന്റെ  സർവ്വജനവും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.

എന്റെ സുഹൃത്തുക്കളേ, ദൈവം അരുളിച്ചെയ്യുമ്പോൾ അത് സംഭവിക്കുന്നു. അതിനാൽ, അവന്റെ വചനം സ്വീകരിച്ച് വിശ്വസിക്കുക. ജനങ്ങൾ വിശ്വസിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്തു. അവർ യുദ്ധത്തിന് പോയപ്പോൾ ശത്രുസൈന്യങ്ങളുടെ മൃതദേഹങ്ങൾ മാത്രമാണ് നിലത്തു കിടന്നത്. അവർക്ക് യുദ്ധം ചെയ്യേണ്ടി വരുന്നതിന് മുൻപുതന്നെ, കർത്താവ് അവർക്ക് സമ്പൂർണ്ണ വിജയം നൽകിയിരുന്നു. ദൈവത്തിന്റെ എത്ര വലിയ അത്ഭുതം! അവന്റെ വചനം ഊതിക്കഴിച്ചതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകും. നിങ്ങൾ വേദപുസ്തകം വായിക്കുമ്പോഴും ആ വചനത്തിൽ വിശ്വസിക്കുകയും കർത്താവിനെ ആരാധിക്കുകയും ചെയ്യുക, കാരണം അവന്റെ വചനം നിവൃത്തിയാകും. തന്നിൽ അഭയം തേടുകയും തന്റെ വചനത്തിൽ ആശ്രയിക്കുകയും ചെയ്യുന്ന ഏവർക്കും അവൻ പരിചയായിരിക്കും. നമ്മുടെ രാജ്യത്തിന്റെ നേതാക്കൾക്ക് ദൈവത്തിൽനിന്നുള്ള മാർഗ്ഗനിർദ്ദേശം ലഭിക്കാനും കർത്താവിന്റെ ശബ്ദം കേൾക്കാനും, ദൈവത്തിന്റെ വചനം നമ്മിലൂടെ അവരിലേക്ക് എത്തിച്ചേരേണ്ടതിനുമായി നമുക്ക് പ്രാർത്ഥിക്കാം. ഇതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ദൈവത്തിന്റെ സംരക്ഷണം അനുഭവിക്കാൻ ഇടയാകട്ടെ. നേതാക്കൾക്കും അവന്റെ വചനം ആവശ്യമാണ്.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ ശക്തമായ വചനം ഞങ്ങൾ സ്വീകരിക്കുന്നു. വേദപുസ്തകത്തിലൂടെ അനുദിനം അങ്ങയുടെ ശബ്ദം കേൾക്കാനും അങ്ങയുടെ മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ മക്കൾ അങ്ങയുടെ വചനം സ്വീകരിക്കുമ്പോൾ അവർക്ക് ജീവനും വഴികാട്ടലും അത്ഭുതങ്ങളും ലഭിക്കുമാറാകട്ടെ. അങ്ങയുടെ വചനത്തിൽ വിശ്വസിക്കാനും അതിൽ ഉറച്ചുനിൽക്കാനും അതിനെ അമൂല്യമായി കരുതി അങ്ങയുടെ മഹത്തായ വിടുതൽ അനുഭവിക്കാനും ഞങ്ങളെ സഹായിക്കണമേ. ഇന്നു മുതൽ ഞങ്ങൾക്ക് ഈ കൃപ നൽകണമേ. അങ്ങയുടെ വചനം കേൾക്കുന്ന ഏവർക്കും അങ്ങയുടെ അഭയം ലഭിക്കുമാറാകട്ടെ. അങ്ങയുടെ വചനം നമ്മുടെ രാജ്യത്തെ നേതാക്കളെ നയിക്കുകയും വിവേകപൂർണവും നീതിയുക്തവുമായ തീരുമാനങ്ങൾ എടുക്കാൻ അവരെ സഹായിക്കുകയും ചെയ്യട്ടെ. രാജ്യത്തെ ജനങ്ങളെ അനുഗ്രഹിക്കുകയും സമാധാനം കൊണ്ടുവരികയും എല്ലാ സംഘർഷങ്ങളും അന്ധകാരവും നീക്കുകയും ചെയ്യണമേ. അങ്ങയുടെ അനുഗ്രഹം നമ്മുടെ രാജ്യത്തിന്മേൽ വസിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.