എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ സുഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. തന്റെ രോഗശാന്തി ശക്തി നിങ്ങളുടെ ശരീരത്തിലേക്ക് കൊണ്ടുവരുവാനും നിങ്ങളെ രോഗത്തിൽ നിന്ന് മോചിപ്പിക്കാനും അവൻ ആഗ്രഹിക്കുന്നു, അതിനായി നാം പ്രാർത്ഥിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. നിങ്ങളുടെ രോഗശാന്തിക്കായുള്ള നിങ്ങളുടെ പ്രാർത്ഥനകൾക്ക് അവൻ ഇപ്പോൾ ഉത്തരം നൽകും. യാക്കോബ് 5:15-ൽ വേദപുസ്തകം പറയുന്നു, "എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും." ദൈവം നമുക്ക് സൗഖ്യം പ്രാപിക്കാനായി വിശ്വാസം നൽകുന്നു. എന്നാൽ വിശ്വാസം അർത്ഥമാക്കുന്നത് എന്താണ്? ഒന്നാമതായി, വേദപുസ്തകം പറയുന്നത്, ദൈവവചനത്തിലുള്ള വിശ്വാസമാണ്. യോഹന്നാൻ 15:7-ൽ യേശു പറയുന്നു, "നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും." അവന്റെ വചനം നിങ്ങളിൽ നിലനിൽക്കുകയാണെങ്കിൽ, ദൈവത്തിന്റെ വചനം അവകാശമാക്കുന്ന നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്ക് ലഭിക്കും. എന്റെ മുത്തച്ഛൻ ലൈറ്റ് ഓണാക്കാതെ അതിരാവിലെ നാല് മണിക്ക് വേദപുസ്തകം വായിക്കാറുണ്ടായിരുന്നു. അദ്ദേഹം ഒരു ടോർച്ച് ഉപയോഗിച്ച് വേദപുസ്തകത്തിൽ അത് പ്രകാശിപ്പിച്ച് ഓരോ വാക്യവും വായിക്കുമായിരുന്നു, യേശുവിന്റെ വാക്കുകൾ വായിക്കുമ്പോൾ അദ്ദേഹം പറയും, "കർത്താവേ, അങ്ങ് എനിക്കും എന്റെ മകനും എന്റെ കുടുംബത്തിനും വഴിയാകുന്നു." തിരുവെഴുത്തുകൾ മനപാഠമാക്കുകയും "കർത്താവേ, അങ്ങ് വാഗ്ദാനം ചെയ്തതുപോലെ അത് സംഭവിക്കട്ടെ" എന്ന് പറയുകയും ചെയ്തുകൊണ്ട് അദ്ദേഹം ദിവസേന ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ദൈവവചനം അവകാശപ്പെടുമായിരുന്നു. യേശുവിന്റെ ആ വാക്കുകളെല്ലാം ഞങ്ങൾക്കു അവകാശപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു; അതുകൊണ്ടാണ് ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്.

രണ്ടാമതായി, അവന്റെ നാമത്തിലുള്ള വിശ്വാസം നിങ്ങൾക്ക് രോഗശാന്തി നൽകും. അപ്പൊ. പ്രവൃത്തികൾ 3:16 പറയുന്നു, "യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽ ഈ മുടന്തൻ സൌഖ്യം പ്രാപിച്ചു." യോഹന്നാൻ 14:13 ലും 14 ലും യേശു പറഞ്ഞു, "നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും." 'രക്ഷകൻ' എന്നർത്ഥം വരുന്ന യേശുവിന്റെ നാമത്തിൽ നിങ്ങൾ അപേക്ഷിക്കുമ്പോൾ, കർത്താവ് തന്നെ വന്ന് അത് ചെയ്തുതരും. യേശുവിന്റെ നാമം അതിശയകരവും ശക്തവും മഹത്വമുള്ളതുമാണ്. യേശുവിന്റെ നാമത്തിൽ, എല്ലാ മുട്ടുകളും മടങ്ങുന്നു, ഭൂതങ്ങൾ ഓടിപ്പോകുന്നു, രോഗികൾ സുഖപ്പെടുന്നു, പാപങ്ങൾ ക്ഷമിക്കപ്പെടുന്നു. എന്തുകൊണ്ടാണ്? കാരണം ദൈവത്തിൽ നിന്നുള്ള എല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നതിനായി യേശു തന്നെത്തന്നെ ഒരു യാഗമായി സമർപ്പിച്ചു. നിങ്ങൾ പ്രാർത്ഥിക്കുകയും "കർത്താവേ, എനിക്ക് ആവശ്യമുള്ള ഈ അനുഗ്രഹത്തിനായി യേശു സ്വയം ബലിയർപ്പിച്ചു" എന്ന് പറയുകയും ചെയ്യുമ്പോൾ യേശുവിന്റെ നാമം ദൈവത്തെ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കട്ടെ. യേശു വന്ന് നിങ്ങൾ ആവശ്യപ്പെടുന്നതെന്തും ചെയ്തുതരും.

മൂന്നാമതായി, യേശുവിന്റെ മുറിവുകളിലും പുനരുത്ഥാനത്തിന്റെ ആത്മാവിലും വിശ്വസിക്കുക. യെശയ്യാവ് 53:5 പറയുന്നു, "യേശുവിന്റെ  അടിപ്പിണരുകളാൽ നിങ്ങൾക്കു സൌഖ്യം വന്നുമിരിക്കുന്നു." മത്തായി 8:17 പറയുന്നു, "അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു." യേശു ബലിയായി അർപ്പിക്കപ്പെട്ടു; മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു ഇന്നും ജീവനോടെ ഇരിക്കുന്നു. എന്നാൽ മുറിവുകളുടെ അടയാളങ്ങൾ ഇപ്പോഴും അവന്റെ ശരീരത്തിൽ ഉണ്ട്. അവന്റെ മുറിവുകൾ ഇന്ന് നിങ്ങൾക്കായി ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുക. "കർത്താവേ, അങ്ങ് എനിക്കുവേണ്ടി ഈ മുറിവുകളിലൂടെ കടന്നുപോയി" എന്ന് പറയുക. അവൻ നിങ്ങളുടെ ശരീരത്തെയും ഹൃദയത്തെയും വിവാഹജീവിതത്തെയും ബിസിനസിനെയും നഷ്ടങ്ങളെയും സുഖപ്പെടുത്തും. എല്ലാം പുതിയതാകുകയും നിങ്ങൾക്ക് ഇരട്ടി പങ്ക് ലഭിക്കുകയും ചെയ്യും. റോമർ 8:11 പറയുന്നു, "യേശുവിന്റെ ആത്മാവ് നിങ്ങളെയും, നിങ്ങളുടെ ആത്മാവിനെയും, നിങ്ങളുടെ കുടുംബജീവിതത്തെയും, നിങ്ങളുടെ സാമ്പത്തികത്തെയും, നിങ്ങളെ സംബന്ധിച്ച എല്ലാറ്റിനെയും ഉയിർപ്പിക്കും." നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു (1 കൊരിന്ത്യർ 6:19), നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ (1 യോഹന്നാൻ 4:4). ഒരു പിശാചിനും നിങ്ങളുടെ ജീവിതത്തെ മറികടക്കാൻ കഴിയില്ല. വിശ്വസിക്കുക, പ്രാർത്ഥിക്കുക, അപ്പോൾ യേശുവിന്റെ രോഗശാന്തി ശക്തി കടന്നുവരും.

PRAYER:
കർത്താവായ യേശുവേ, അങ്ങയുടെ വചനത്തിലും അങ്ങയുടെ ശക്തമായ നാമത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. അങ്ങ് എന്റെ സൗഖ്യദായകനും എന്റെ വീണ്ടെടുപ്പുകാരനുമാകുന്നു. അങ്ങയുടെ മുറിവുകളാൽ എന്റെ ശരീരത്തെയും ഹൃദയത്തെയും എന്നിൽ തകർന്നിരിക്കുന്ന എല്ലാറ്റിനെയും സുഖപ്പെടുത്തേണമേ. അങ്ങയുടെ പരിശുദ്ധാത്മാവ് എന്റെ ജീവിതത്തിലെ എല്ലാ നിർജ്ജീവ മേഖലകളെയും ഉയിർപ്പിക്കട്ടെ. ഞാൻ എന്റെ ജീവിതത്തിൽ അങ്ങയുടെ ജീവൻ നൽകുന്ന വാഗ്‌ദത്തങ്ങൾ അവകാശമാക്കുകയും ഇന്ന് അങ്ങയുടെ വചനത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ദയവായി അങ്ങയുടെ സമാധാനത്താൽ എന്നെ നിറയ്ക്കണമേ. ശരീരത്തിലെ എല്ലാ ബലഹീനതയും നീങ്ങിപോകുകയും അങ്ങയുടെ ശക്തി എന്റെ ഉള്ളിൽ ഉയർന്നുവരുകയും ചെയ്യട്ടെ. ഞാൻ ഇപ്പോൾ എന്റെ വിടുതൽ സ്വീകരിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.