പ്രിയ സുഹൃത്തുക്കളെ, ഇന്ന് നാം എഫെസ്യർ 1:11-ൽ നിന്ന് ധ്യാനിക്കാൻ പോകുന്നു, "ക്രിസ്തുവിൽ നാം അവകാശം പ്രാപിച്ചു." എത്ര മഹത്തായ സത്യമാണിത്! ഈ അനുഗ്രഹം ദൈവത്തിന്റെ മക്കൾക്ക് മാത്രമുള്ളതാണ്. നാം യേശുവിൽ വിശ്വസിക്കുമ്പോൾ, അവൻ നമ്മെ സ്വന്തമാക്കുന്നു. നാം ഇനി അപരിചിതരോ അനാഥരോ അല്ല, മറിച്ച് ദൈവത്തിന്റെ രാജകുടുംബത്തിലെ അംഗങ്ങളാണ്. റോമർ 8:17-ൽ വേദപുസ്തകം പറയുന്നു, " നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ." ഈ ലോകത്തിൽ, ഒരു അവകാശം, കുടുംബങ്ങളിലൂടെ സമ്പത്തായോ ഭൂമിയായോ സ്വത്തുക്കളായോ കൈമാറ്റം ചെയ്യപ്പെടുന്നു. എന്നാൽ ദൈവരാജ്യത്തിൽ നമ്മുടെ അവകാശം ഈ ലോകത്തിന്റേതല്ല. അത് ശാശ്വതവും ശുദ്ധവും ദൈവത്താൽ തന്നെ സുരക്ഷിതവുമാണ്. യോഹന്നാൻ 14:3-ൽ യേശു ഇപ്രകാരം പറഞ്ഞു, "ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും." പ്രിയ സുഹൃത്തേ, ഇതിനർത്ഥം ക്രിസ്തു തന്നെയാണ് നമ്മുടെ അവകാശം. അവനെ സ്വന്തമാക്കുന്നത് ഈ ലോകത്തിലെ എല്ലാ നിധികളെയും സ്വന്തമാക്കുന്നതിനെക്കാൾ മഹത്തായതാണ്.
ദൈവം നമ്മുടെ ഉള്ളിൽ വസിക്കുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. ഈ ലോകത്തിന്റെ സമ്പത്ത് മങ്ങിപ്പോകുന്നു, എന്നാൽ ക്രിസ്തുവിന്റേതാണെന്ന സന്തോഷം എന്നേക്കും നിലനിൽക്കുന്നു. എഫെസ്യർ 1:14-ൽ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു, “ നമ്മുടെ അവകാശത്തിന്റെ അച്ചാരമാകുന്നു പരിശുദ്ധാത്മാവ്". ഈ വാക്യത്തിൽ, അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു, “തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു." പരിശുദ്ധാത്മാവിലൂടെ നാം അവന്റെ സ്വത്തായി അടയാളപ്പെടുത്തപ്പെടുകയും എല്ലാ ദിവസവും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ദൈവാത്മാവിൽ വസിക്കുന്നത് എത്ര മഹത്തായ ഭാഗ്യമാണ്! അതുകൊണ്ടാണ് യേശു യോഹന്നാൻ 17:11-ൽ, “പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ" എന്ന് പ്രാർത്ഥിച്ചത്. നമ്മുടെ ഹൃദയത്തിൽ യേശു ഉണ്ടെങ്കിൽ നാം സംരക്ഷിക്കപ്പെടുന്നു. നമ്മുടെ കർത്താവിന്റെ മഹത്തായ കരങ്ങളിൽ നാം സുരക്ഷിതരും ഭദ്രവുമാണ്. നമ്മുടെ അവകാശവും സുരക്ഷിതമാണ്, അതിനാൽ ഒരു കള്ളനും അത് മോഷ്ടിക്കാൻ കഴിയില്ല, ഒരു ശക്തിക്കും അത് നശിപ്പിക്കാൻ കഴിയില്ല. സങ്കീർത്തനം 16:5–6 മനോഹരമായി പ്രഖ്യാപിക്കുന്നു, “എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു." പ്രിയ സുഹൃത്തേ, യേശു തന്നെയാണ് ആ നല്ലോരവകാശം. അവനെ ലഭിച്ചിരിക്കുന്നതിനാൽ, സമാധാനം, കരുതൽ, നിത്യജീവൻ എന്നിങ്ങനെ നമുക്ക് ആവശ്യമുള്ളതെല്ലാം നമുക്ക് ലഭിക്കുന്നു.
യേശുവിന് ഉള്ളത് നമുക്കും ഉണ്ട്. അവൻ പറഞ്ഞു, "എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു" (യോഹന്നാൻ 17:10). അവനിൽ നാം എത്ര സമ്പന്നരാണ്! അതിനാൽ, നമുക്ക് എല്ലാ ദിവസവും യേശുവിൽ നിന്ന് കൂടുതൽ ആഗ്രഹിക്കാം. "കർത്താവേ, ഞങ്ങൾക്ക് അങ്ങിൽ നിന്ന് കൂടുതൽ ആവശ്യമുണ്ട്" എന്ന് നാം പലപ്പോഴും പാടുന്നു. അത് നമ്മുടെ ദൈനംദിന പ്രാർത്ഥനയായി മാറണം, കാര്യങ്ങൾക്കുവേണ്ടിയല്ല, മറിച്ച് ക്രിസ്തുവിനുവേണ്ടി തന്നെ. നാം യേശുവിനെ എത്രത്തോളം സ്വീകരിക്കുന്നുവോ അത്രത്തോളം നമുക്ക് അവന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാം. ഈ ദൈവിക അവകാശം, നമ്മിലുള്ള ക്രിസ്തുവിന്റെ പൂർണ്ണത, മഹത്വത്തിന്റെ പ്രത്യാശ എന്നിവ സ്വീകരിക്കാൻ നമുക്ക് നിലവിളിക്കാം. ക്രിസ്തുയേശുവിലുള്ള ഈ നിത്യാവകാശത്തെക്കുറിച്ചുള്ള അവബോധത്തോടെ ദൈവം എല്ലാ ഭവനങ്ങളെയും അനുഗ്രഹിക്കട്ടെ.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ക്രിസ്തുവിലൂടെ എന്നെ അങ്ങയുടെ പൈതലാക്കി മാറ്റിയതിന് നന്ദി. യേശുവിൽ എനിക്ക് മഹത്തായ ഒരു അവകാശം നൽകിയതിന് നന്ദി. കർത്താവേ, എല്ലാ ലൌകിക നിധികൾക്കും മുകളിൽ അങ്ങയെ വിലമതിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അങ്ങയുടേതാണെന്ന് പരിശുദ്ധാത്മാവ് എപ്പോഴും എന്നെ ഓർമ്മിപ്പിക്കട്ടെ. അങ്ങയുടെ ശക്തമായ കരത്തിൻ കീഴിൽ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ. അങ്ങയുടെ ജ്ഞാനവും കൃപയും അനുഗ്രഹവും എന്റെ ജീവിതത്തിൽ നിറഞ്ഞൊഴുകട്ടെ. അങ്ങയുടെ വാഗ്‌ദത്തങ്ങളുടെ അവകാശിയായി ജീവിക്കാൻ എന്നെ സഹായിക്കണമേ. ക്രിസ്തു എന്നിൽ വളരുകയും ഞാനോ കുറയുകയും ചെയ്യട്ടെ. അനുഗ്രഹങ്ങളും അത്ഭുതങ്ങളും അനുദിനം എന്റെ മേൽ ഒഴുകട്ടെ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


