എന്റെ വിലയേറിയ സുഹൃത്തേ, "അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരും." മീഖാ 4:2-ൽ നിന്ന് ദൈവം ഇന്ന് നമുക്ക് നൽകുന്ന വാഗ്‌ദത്തമാണിത്. അതെ, ദൈവത്തിന് തന്റെ വഴികളുണ്ട്. അവന്റെ വഴികൾ കണ്ടെത്താനാവാത്തതാണ്, എന്നാൽ തന്റെ മക്കളായി സ്വയം പൂർണ്ണമായും അവന് സമർപ്പിക്കുന്ന 'കുഞ്ഞുങ്ങൾക്ക്' അവൻ അവ വെളിപ്പെടുത്തുന്നു. കർത്താവിന്റെ പാതകൾ ഉയർന്ന സ്ഥലങ്ങളിലാണ്. യെശയ്യാവു 58:14 പറയുന്നു, "അവൻ നമ്മെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കും." യെശയ്യാവു 52:7 പറയുന്നു, "സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!" എല്ലാറ്റിനുമുപരി, യോഹന്നാൻ 14:6-ൽ യേശു പറയുന്നു, “ഞാൻ വഴി ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല."

യേശു ജഡരൂപത്തിലുള്ള ദൈവമാണ്, കുരിശിലെ തന്റെ യാഗത്തിലൂടെ, നാമെല്ലാവരും പാപത്തിൽ നിന്ന് മോചനം നേടുന്നതിനായി തന്റെ ശരീരം ബലിയർപ്പിച്ചപ്പോൾ, നമുക്ക് ദൈവത്തിന്റെ മക്കളാകാനുള്ള ഒരു വഴി അവൻ ഉണ്ടാക്കിതന്നു. യേശു നിങ്ങൾക്കുള്ള വഴിയാണ്. അവൻ ഇന്ന് നിങ്ങൾക്കായി ആ വഴി തുറക്കുന്നു. നിങ്ങൾ യേശുവിനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ, അവൻ നിങ്ങളുടെ ജീവിതത്തിനുള്ള വഴി തുറക്കുന്നു. യേശുക്രിസ്തു തന്നെ വഴി അറിയാനായി നിങ്ങളെ പഠിപ്പിക്കും. പ്രശ്നങ്ങൾ വന്നേക്കാം, പ്രലോഭനങ്ങൾ വന്നേക്കാം, കഷ്ടപ്പാടുകൾ വന്നേക്കാം, എന്നാൽ യേശുക്രിസ്തു തന്നെ അവയെല്ലാം മറികടക്കാനും ദൈവപൈതലായി ജീവിക്കാനുമുള്ള വഴി നിങ്ങൾക്ക് കാണിച്ചുതരുകയും ചെയ്യും.

യേശുക്രിസ്തുവേ, ഞങ്ങൾക്ക് എങ്ങനെ ആ വഴി അറിയാം? ഒന്നാമതായി, ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിലൂടെയാണ്. യോഹന്നാൻ 14:26 പറയുന്നു, "പരിശുദ്ധാത്മാവു നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും യേശു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും." വഴി അറിയാനും എല്ലായ്പ്പോഴും അവനോടൊപ്പം നടക്കാനും നിങ്ങൾക്ക് നിങ്ങളുടെ ഉള്ളിൽ യേശുവിന്റെ ആത്മാവ് ആവശ്യമാണ്. I യോഹന്നാൻ 2:27 പറയുന്നു, "അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരും." രണ്ടാമതായി, ദൈവവചനത്തിലൂടെ. സങ്കീർത്തനം 32:8 പറയുന്നു, “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും." സങ്കീർത്തനം 119:105 പറയുന്നു, “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു." മൂന്നാമതായി, ദൈവം പ്രവചനത്തിലൂടെ നയിക്കുന്നു. അപ്പൊ. പ്രവൃത്തികൾ 2:17 പറയുന്നു, “ നിങ്ങൾ ദർശനങ്ങൾ ദർശിക്കും, സ്വപ്നങ്ങൾ കാണും.” നിങ്ങൾ പരീക്ഷിക്കപ്പെടുമ്പോൾ, 1 കൊരിന്ത്യർ 10:13-ൽ എഴുതിയിരിക്കുന്നതുപോലെ, അവൻ നിങ്ങൾക്ക് പോക്കുവഴിയും കാണിച്ചുതരും. യേശുവാകുന്നു വഴി. നിങ്ങൾ നടക്കേണ്ട വഴി അവൻ നിങ്ങൾക്ക് കാണിച്ചുതരും. കർത്താവിന് നിങ്ങളെത്തന്നെ സമർപ്പിക്കുക, പരിശുദ്ധാത്മാവിനായി നിലവിളിക്കുക, ദൈവവചനം വായിക്കുക, പ്രവചനവരം തേടുക. കർത്താവിന്റെ വഴിയിൽ നടക്കാൻ നിങ്ങൾ തീരുമാനിക്കുമ്പോൾ നിങ്ങൾ സംരക്ഷിക്കപ്പെടും.

PRAYER:
പ്രിയ കർത്താവേ, അങ്ങാകുന്നു എന്റെ ജീവിതത്തിനുള്ള വഴി. അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കുകയും എന്റെ കാലടികളെ നയിക്കുകയും ചെയ്യേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. അങ്ങയുടെ വചനം എന്റെ കാലിന്നു ദീപമായിരിക്കട്ടെ. എന്റെ ജീവിതത്തിലെ എല്ലാ പ്രലോഭനങ്ങളെയും തരണം ചെയ്യാനുള്ള വഴി കാണിച്ചുതരികയും എല്ലാ ദിവസവും എന്റെ മുമ്പിൽ ശരിയായ പാത തുറക്കുകയും ചെയ്യണമേ. എല്ലായ്പ്പോഴും അങ്ങയുടെ പൈതലായി നടക്കാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.