എന്റെ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യെശയ്യാവ് 30:18-ൽ നിന്നുള്ളതാണ്, "യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ." അതുകൊണ്ട്, ഭയപ്പെടരുത്. നിങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും ദൈവം നിങ്ങൾക്ക് നീതി നടത്തും. തന്നെ സ്നേഹിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്ന തന്റെ വിശുദ്ധർക്ക് കർത്താവ് നീതി ചെയ്യുന്നു. സങ്കീർത്തനം 37:28 പറയുന്നു, “ യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു." യിരെമ്യാവു 17:7-8 ദൈവം തന്റെ വിശുദ്ധന്മാരെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വിശദീകരിക്കുന്നു - ‘ അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.' ലോകവ്യാപക പ്രതിസന്ധികളുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും കഠിന പരീക്ഷകളുടെയും സമയത്തുപോലും, തന്റെ വിശുദ്ധന്മാർ കുലുങ്ങിപ്പോകുന്നില്ലെന്ന് ദൈവം ഉറപ്പാക്കുന്നു.

പരിശുദ്ധാത്മാവിലൂടെ യേശുവിനെ നിങ്ങളുടെ ഉള്ളിൽ വഹിക്കുകയും അവന്റെ ശബ്ദം കേൾക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്ന  ദൈവത്തിന്റെ വിശുദ്ധരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ, കഷ്ടതയുടെ സമയങ്ങളിൽ ദൈവം നിങ്ങളെ സംരക്ഷിക്കുകയും ഏറ്റവും വലിയ വരൾച്ചയിൽ പോലും നിങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും. നിങ്ങൾ യോനയെ നോക്കൂ, അവന്റെ അനുസരണക്കേടിൽപ്പോലും, ദൈവം അവനോട് നീതി ചെയ്തു. ദൈവത്തിന്റെ വിളിയിൽനിന്ന് യോന ഓടിപ്പോയപ്പോൾ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും അവൻ കടലിലേക്ക് എറിയപ്പെടുകയും ചെയ്തു. എന്നിട്ടും ദൈവം അവനെ രക്ഷിക്കാൻ ഒരു മത്സ്യത്തെ അയച്ചു, ദൈവം അവനെ ഉദ്ദേശിച്ച സ്ഥലത്തേക്ക്, അതായത് നിനെവേയിലേക്ക്, കൊണ്ടുവന്നു. യോന അനുതപിച്ചു, ദൈവത്തെ അനുസരിച്ചു, മാനസാന്തരത്തെക്കുറിച്ച് പ്രസംഗിച്ചു. ജനങ്ങൾ അവരുടെ പാപങ്ങളിൽ നിന്ന് പിന്തിരിയുകയും ദൈവം അനുകമ്പ കാണിക്കുകയും നഗരത്തെ രക്ഷിക്കുകയും ചെയ്തു. വ്യക്തിഗത ബഹുമാനത്തേക്കാൾ മുമ്പ് ദൈവത്തോടുള്ള അനുസരണം ഉണ്ടാകണമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. ഞങ്ങൾ ശുശ്രൂഷ ചെയ്യുന്നത് ഞങ്ങളുടെ സ്വന്തം പേരിനുവേണ്ടിയല്ല, മറിച്ച് ദൈവത്തിന്റെ ഇഷ്ടം നിറവേറുന്നതിനുവേണ്ടിയാണ്.

നിങ്ങളുടെ നീതിയെ ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചുകൊണ്ടു ദൈവം നീതി നിർവഹിക്കുന്നു. യെശയ്യാവ് 58:8 പറയുന്നു, "നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും." 1985-ൽ ഞങ്ങളുടെ കുടുംബം കടുത്ത കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. ഒരു സർവകലാശാല നിർമ്മിക്കാൻ ദൈവം എന്റെ പിതാവിനോട് കല്പിച്ച സമയത്താണ്, അദ്ദേഹത്തിന്റെ വൃക്കകൾ തകരാറിലായത്. ചിലർ അദ്ദേഹത്തെ പരസ്യമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. താമസിയാതെ, എന്റെ സഹോദരി ഒരു ദാരുണമായ അപകടത്തിൽ കൊല്ലപ്പെടുകയും ഞങ്ങളുടെ ഹൃദയം തകരുകയും ചെയ്തു. എങ്കിലും 1986 ജൂലൈയിൽ ഞങ്ങൾ ദൈവത്തിന്റെ മുന്നിൽ വീണു പറഞ്ഞു, "കർത്താവേ, ഞങ്ങളുടെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ". തകർന്നുവെങ്കിലും ഞങ്ങൾ അനുസരണം തിരഞ്ഞെടുത്തു. പരിശുദ്ധാത്മാവ് ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ ഹൃദയങ്ങളെ സുഖപ്പെടുത്തുകയും വീണ്ടും എഴുന്നേൽക്കാൻ പ്രാപ്തരാക്കുകയും ചെയ്തു. അവന്റെ ശക്തിയാൽ സ്ഥാപിതമായ കാരുണ്യാ സർവകലാശാല ഇന്ന് ദൈവത്തിന്റെ നീതിയുടെയും വിശ്വസ്തതയുടെയും സാക്ഷ്യമായി നിലകൊള്ളുന്നു. യേശു തന്നെയും ദൈവത്തോട് പൂർണ്ണമായി അനുസരിച്ചു. ദൈവത്തിന്റെ നീതി നിറവേറേണ്ടതിന്നായി അവൻ ക്രൂശിലേക്ക് പോയി. എല്ലാവർക്കും വേണ്ടി അവൻ മരിച്ചു. എന്നാൽ മൂന്നാം ദിവസം ദൈവത്തിന്റെ നീതി വിജയിച്ചു. പരിശുദ്ധാത്മാവ് അവനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു. ഇന്ന് യേശു രാജാധിരാജാവായി വാഴുന്നു. അതുപോലെ, ദൈവം നിങ്ങളുടെ അനുസരണത്തെ ആദരിക്കുകയും തന്റെ മഹത്വത്തിനായി നിങ്ങളെ സ്ഥാപിക്കുകയും ചെയ്യും.

നിരന്തരം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നവരോട് തന്റെ ഇഷ്ടം വെളിപ്പെടുത്തുന്നതിലൂടെ ദൈവം നീതി ചെയ്യുന്നു. ലൂക്കൊസ് 2:37-38 ദൈവത്തെ രാവും പകലും ആരാധിച്ചിരുന്ന ഹന്നയെക്കുറിച്ച് പറയുന്നു. അവളുടെ ഭക്തി കാരണം, ദൈവം തന്റെ പദ്ധതി അവൾക്ക് വെളിപ്പെടുത്തുകയും അവൾ മിശിഹായെക്കുറിച്ച് പ്രവചിക്കുകയും ചെയ്തു. നീതിയും ന്യായവും പ്രവർത്തിക്കുന്നതു യഹോവെക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം എന്ന് സദൃശവാക്യങ്ങൾ 21:3 പറയുന്നു. യെശയ്യാവ് 1:17 നമ്മോട് നീതി അന്വേഷിക്കുവാനും, പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവാനും, അനാഥരെ സംരക്ഷിക്കുവാനും, വിധവയ്ക്കുവേണ്ടി വ്യവഹരിപ്പാനും കൽപ്പിക്കുന്നു. പീഡിതരുടെ നിലവിളി കർത്താവിന്റെ കാതുകളിലെത്തുന്നു എന്ന് യാക്കോബ് 5 മുന്നറിയിപ്പ് നൽകുന്നു. 1 യോഹന്നാൻ 4:20 നമ്മെ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു, മനുഷ്യരെ വെറുക്കുമ്പോൾ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയാൻ നമുക്ക് കഴിയില്ല. ഒരു വ്യക്തി ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയായപ്പോൾ, അദ്ദേഹം മാർഗ്ഗനിർദ്ദേശം ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: "നിങ്ങൾക്ക് പക്ഷപാതത്താൽ ഭരിക്കാൻ കഴിയില്ല. നിങ്ങൾ ഓരോ വ്യക്തിയെയും നിങ്ങളുടെ സ്വന്തം പൈതയായി സ്നേഹിക്കുന്നുവെങ്കിൽ, ദൈവം തന്നെ നിങ്ങളുടെ കസേര സുരക്ഷിതമാക്കും. അവൻ നിങ്ങളിലൂടെ രാഷ്ട്രത്തെ ഭരിക്കും, നിങ്ങൾ ചെയ്യുന്നതെന്തും അഭിവൃദ്ധി പ്രാപിക്കും." ഈ തത്ത്വം നമുക്കെല്ലാവർക്കും ബാധകമാണ്. നമ്മുടെ കുടുംബങ്ങളിലും ജോലിസ്ഥലങ്ങളിലും ആലയങ്ങളിലും സമൂഹത്തിലും പക്ഷപാതമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും പരിപാലിക്കുകയും വേണം. നീതിപൂർവം ജീവിക്കുക. എല്ലാവരോടും നീതി പുലർത്തുക. എല്ലാവരെയും സ്നേഹിക്കുക. ദൈവം നിങ്ങൾക്കായി നീതി നിർവഹിക്കും. നിങ്ങൾ ഉറച്ചുനിൽക്കുന്നവരായും ഫലപ്രദരായും ഇളകാത്തവരായും അനുഗ്രഹിതരായും സ്ഥാപിക്കപ്പെടും. നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ  നീതി നിലനിൽക്കും.

PRAYER:
പിതാവായ ദൈവമേ, അങ്ങ് നീതിയുടെ ദൈവവും നീതിമാനായ ന്യായാധിപനുമാണ്. എന്റെ ജീവിതവും കുടുംബവും ഭാവിയും ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു. നീതിപൂർവം ജീവിക്കാനും എല്ലാ കാര്യങ്ങളിലും അങ്ങയുടെ ഇഷ്ടം ചെയ്യാനും എന്നെ സഹായിക്കണമേ. എല്ലാ കാലത്തും വെള്ളത്തിനരികിൽ നട്ട വൃക്ഷംപോലെ എന്നെ കാത്തുകൊള്ളേണമേ. കഷ്ടകാലത്തു എന്നെ ശക്തിപ്പെടുത്തണമേ; എന്റെ നീതി വെളിച്ചമായി എനിക്കു മുമ്പായി നടക്കട്ടെ. പക്ഷപാതമില്ലാതെ എല്ലാവരെയും സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. കർത്താവേ, ഞാൻ അങ്ങയെ ആരാധിക്കുന്നതുപോലെ അങ്ങയുടെ ഇഷ്ടം എനിക്കു വെളിപ്പെടുത്തേണമേ. കർത്താവേ, അങ്ങ് എന്നോട് നീതി പുലർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.