പ്രിയ സുഹൃത്തേ, ഇന്നും ദൈവത്തിന്റെ ജീവൻ  നിങ്ങളിലേക്ക് ഓടിയെത്തുന്നു, ദൈവത്തിന്റെ ആ ജീവനുമായി നാം ഓടാൻ പോകുന്നു. യേശുവിൽ നിന്നുള്ള ജീവവചനങ്ങളിൽ നിന്നാണ് ഇത് വരുന്നത്. ആ വചനങ്ങൾ നാം II തെസ്സലൊനീക്യർ 3:5 ൽ നിന്ന് കേൾക്കാൻ പോകുന്നു: "കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ." ഇന്ന് നിങ്ങളിലേക്ക് വരുന്ന ദൈവസ്നേഹത്തിലൂടെ, നിങ്ങളുടെ ജീവിതയാത്രയിൽ സ്ഥിരതയോടെ മുന്നോട്ട് പോകാൻ അവൻ നിങ്ങളെ സഹായിക്കും. അത് ക്രിസ്തുവിന്റെ സഹിഷ്ണുതയെ സൂചിപ്പിക്കുന്നു. ക്രൂശിലേക്കുള്ള യാത്രയിൽ യേശു എത്രമാത്രം സഹിഷ്ണുത പുലർത്തിയെന്ന് നമുക്കറിയാം. തനിക്ക് മരണത്തിലൂടെ കടന്നുപോകേണ്ടതുണ്ടെന്ന് അറിയാമായിരുന്നെങ്കിലും മനുഷ്യരൂപത്തിൽ സ്വമേധയാ മരണത്തിലൂടെ കടന്നുപോകുന്നത് എളുപ്പമായിരുന്നില്ല. എന്നിട്ടും അവൻ വളരെ ക്ഷമയോടെയിരിക്കുകയും മരണയാത്രയിൽ നിശബ്ദത പാലിക്കുകയും ചെയ്തു. ആ സഹിഷ്ണുത നമ്മിലേക്ക് വരാൻ പോകുന്നു. യേശു നമുക്കുവേണ്ടി അത് ചെയ്തു.

ഇപ്പോൾ, നാം അത് കർത്താവിനായി ചെയ്യാൻ പോകുന്നു. അവന്റെ നിമിത്തം താഴ്മയോടെ കുരിശ് ചുമന്ന് മുന്നോട്ട് പോകാൻ നാം തയ്യാറാകുന്നു. ഇന്നും നിങ്ങളുടെ ബിസിനസ്സിൽ നിങ്ങൾ താഴ്ചകളിലൂടെ കടന്നുപോയേക്കാം. നിങ്ങളുടെ ജോലി അല്ലെങ്കിൽ പ്രവർത്തനരംഗത്ത് നിങ്ങൾ ഉയർച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്നുപോകുന്നുണ്ടാകാം. നിങ്ങളുടെ പഠനത്തിൽ, നിങ്ങൾ ചിലപ്പോൾ പരാജയത്തിലൂടെ കടന്നുപോയേക്കാം, അത് വളരെ വേദനാജനകമായിരിക്കാം. എന്നാൽ ഈ സഹിഷ്ണുത നമ്മെ ഉയർത്തുകയും നമ്മുടെ തല ഉയർത്തി "ഞാൻ ഇത് തുടർന്ന് ചെയ്യാൻ പോകുന്നു" എന്ന് പറയാൻ നമ്മെ ശക്തരാക്കുകയും ചെയ്യും. ഈ താഴ്ന്ന സാഹചര്യത്തിൽ, ദൈവം നമ്മെ വീണ്ടും ഉയർത്തുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും.

താഴ്മയുടെയും പരാജയത്തിന്റെയും ഈ പാത നമ്മെ താഴ്ത്താനും പാഠങ്ങൾ പഠിപ്പിക്കാനും മാത്രമാണ്. അതിനാൽ, ഇത് യഥാർത്ഥത്തിൽ ഒരു പരാജയമല്ല. എന്റെ സുഹൃത്തേ, ഇത് നമുക്ക് വിജയത്തിലേക്കുള്ള ദൈവത്തിന്റെ പാതയാണ്. നാം പഠിക്കണമെന്നും താഴ്മയുള്ളവരായിരിക്കണമെന്നും ദൈവത്തിന്റെ മഹത്തായ ഉയരങ്ങളിലേക്ക് ഉയരുന്നതിന് മികച്ചവരായിരിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. വിജയത്തിലേക്കുള്ള ഈ പാതയിൽ, ദൈവം നിങ്ങൾക്ക് സഹിഷ്ണുത നൽകാൻ പോകുന്നു, അങ്ങനെ നിങ്ങൾക്ക് ഓട്ടം തുടരാനും, അവനെ അനുസരിക്കുന്നതിൽ ക്ഷമയോടെ  അവനെ അനുഗമിക്കാനും, തളരാതിരിക്കാനും കഴിയും. ഒരു ഫുട്ബോൾ മാനേജർ ഒരിക്കൽ ഇങ്ങനെ പറഞ്ഞു, 38 മത്സരങ്ങളടങ്ങിയ ഒരു സീസണിന് ശേഷം, തന്റെ ടീം ഒരു മത്സരം തോറ്റത് നല്ലതായിരുന്നു; അല്ലെങ്കിൽ അവർ തങ്ങളെത്തന്നെ പൂർണ്ണരാണെന്ന് കരുതുമായിരുന്നു. ആ തോൽവി, അവർ കൂടുതൽ മികച്ചവരാകുന്നതിനും ചാമ്പ്യൻഷിപ്പ് നേടുന്നതിനും തങ്ങൾ എന്തിൽ പരിശ്രമിക്കണമെന്ന് അവർക്ക് കാണിച്ചു തന്നു. അതുപോലെതന്നെ, സഹിഷ്ണുത പുലർത്താനും വളരാനും ഉയിർത്തെഴുന്നേൽക്കാനും ദൈവം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.

PRAYER:
സ്നേഹവാനായ കർത്താവേ, ക്ഷമയോടെ ഇരിക്കാൻ എന്നെ സഹായിക്കണമേ. ഞാൻ അഭിമുഖീകരിക്കുന്ന ഓരോ തോൽവിയും സഹിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ യാത്രയിൽ സഹിഷ്ണുതയോടെ തുടരാൻ എന്നെ സഹായിക്കണമേ. കർത്താവേ, ഞാൻ തളരുകയില്ല. ഞാൻ നിരാശനാകുകയില്ല. ഞാൻ ഹൃദയം തകർന്നിരിക്കുകയോ കരയുകയോ ചെയ്യില്ല. കർത്താവേ, ഇത് എന്നെ സംബന്ധിച്ചിടത്തോളം അവസാനമല്ല. ഇത് അധ്യാപനത്തിൻ്റെയും പഠനത്തിൻ്റെയും വിനയത്തിൻ്റെയും ഒരു നിമിഷം മാത്രമാണ്. അങ്ങയെ വിശ്വസിക്കാനും അങ്ങയെ അനുസരിക്കാനും ഞാൻ തീരുമാനിക്കുന്നു. പരിശുദ്ധാത്മാവേ, എന്റെ ബലഹീനതയുടെ നിമിഷത്തിൽ ദയവായി എന്നെ ശക്തിപ്പെടുത്തുകയും എന്റെ ഉള്ളിൽ അങ്ങയുടെ കൃപ പൂർത്തീകരിക്കുകയും ചെയ്യേണമേ, അങ്ങനെ എനിക്ക് എഴുന്നേറ്റ് ശോഭിക്കാൻ കഴിയും. കർത്താവേ, അങ്ങയുടെ കൃപയ്ക്ക് നന്ദി. ഞാൻ വലിയ ഉയരങ്ങളിലേക്ക് ഉയരും.  യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.