എന്റെ പ്രിയരേ! ഇന്നും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടമായ നമ്മുടെ കൃപയുള്ള കർത്താവായ യേശു നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. 2 കൊരിന്ത്യർ 13:11-ൽ കാണുന്ന വാഗ്ദത്തവചനം ഞാൻ നിങ്ങൾക്കു നൽകുന്നു: "സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും." അവൻ സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും ദൈവമാണ്. ഒരുപക്ഷേ നിങ്ങൾ പറയുന്നുണ്ടാകാം, "എനിക്ക് സ്നേഹമില്ല! എന്നെ സ്നേഹിക്കാൻ ആരുമില്ല! " അല്ലെങ്കിൽ നിങ്ങൾ ചിന്തിച്ചേക്കാം, "ഞാൻ വളരെയധികം സ്നേഹം കാണിക്കുന്നു, പക്ഷേ പകരം എന്നോട് സ്നേഹം കാണിക്കാൻ ആരുമില്ല!" "ഞാൻ മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹം ആരും തിരിച്ചറിയുന്നില്ല" എന്ന് തോന്നുന്ന നിങ്ങളോട് കർത്താവ് പറയുന്നു, "നിങ്ങൾ പാപികൾ ആയിരിക്കുമ്പോൾ തന്നേ ഞാൻ നിങ്ങളെ സ്നേഹിക്കുകയും എന്റെ ജീവൻ നിങ്ങൾക്കായി നൽകുകയും ചെയ്തു." അത്തരം സ്നേഹം അനുഭവിക്കാൻ അവൻ നിങ്ങളെ ഇടയാക്കും.

നിങ്ങളുടെ പോരായ്മകൾക്കിടയിലും, "എനിക്ക് കുറവുകളുണ്ട്, ആരാണ് എന്നെ സ്നേഹിക്കാൻ പോകുന്നത്?" എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ, അവന്റെ സ്നേഹം നിങ്ങളുടെ പൂർണതയെ ആശ്രയിച്ചുള്ളതല്ല എന്ന് ഓർക്കുക. അവന്റെ അതിരുകളില്ലാത്തതും വിവരിക്കാനാവാത്തതുമായ സ്നേഹം ഇന്ന് നിങ്ങളിലേക്ക് എത്തും. അവൻ തന്റെ സ്നേഹനിർഭരമായ കരങ്ങളാൽ നിങ്ങളെ വിളിക്കുകയും നിങ്ങളെ നെഞ്ചോട് ചേർത്തുപിടിക്കുകയും നിങ്ങളെ ആലിംഗനം ചെയ്യുകയും നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. ചെറിയ കുട്ടികൾക്ക് വേണ്ടിയാണ് അവൻ ഇത് ചെയ്തത്. യേശുവിനെ സംബന്ധിച്ചിടത്തോളം നിങ്ങളും ഒരു കൊച്ചുകുട്ടിയാണ്. അവൻ നിങ്ങൾക്കുവേണ്ടിയും അതുതന്നെ ചെയ്യും. "നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു" (റോമർ 5:8). നമുക്കുവേണ്ടി അവൻ ചെയ്ത ത്യാഗത്തിലൂടെയാണ് അവന്റെ സ്നേഹം വെളിപ്പെട്ടത്. അവന്റെ കൃപ ഇന്ന് നിങ്ങളെ കഴുകി ശുദ്ധീകരിക്കുകയും നിങ്ങളുടെ എല്ലാ കുറവുകളിൽ നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യട്ടെ.

യോഹന്നാൻ 15:13-ൽ ഈ ത്യാഗപൂർണ്ണമായ സ്നേഹം കൂടുതൽ വ്യക്തമാക്കപ്പെടുന്നു: " സ്നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല." യേശു ഈ സ്നേഹം പ്രകടിപ്പിക്കുകയും നമ്മെ തന്റെ സ്നേഹിതന്മാർ എന്ന് വിളിക്കുകയും ചെയ്യുന്നു. “നീ എന്റെ പ്രിയ സ്നേഹിതനാണ്” എന്ന് അവൻ വിളിക്കുന്നു. സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു. അതിനാൽ, അവന്റെ സ്നേഹം നിങ്ങളെ താങ്ങുകയും നിങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് വിടുതൽ നൽകുകയും ചെയ്യും. നിങ്ങൾ അങ്ങനെയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ഹൃദയത്തിൽ അസ്വസ്ഥരാകരുത്. എബ്രായർ 4:16 ഇപ്രകാരം പറയുന്നു, "അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക."  നിങ്ങളുടെ കഷ്ടപ്പാടുകൾ കർത്താവിന്റെ സന്നിധിയിലേക്ക് കൊണ്ടുവരികയും അവന്റെ സഹായം തേടുകയും ചെയ്യുക. അവൻ കരുണ കാണിക്കുകയും നിങ്ങൾക്ക് ആവശ്യമുള്ള കൃപ നൽകുകയും ചെയ്യുന്നു. അവൻ നിങ്ങളുടെ സാഹചര്യങ്ങളിൽ സമാധാനം കൊണ്ടുവരികയും നിങ്ങളുടെ ചുറ്റുമുള്ളവരുമായി ഐക്യത്തോടെ ജീവിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

ധൈര്യമായിരിക്കുക. ഇയ്യോബ് 25:2 ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, "ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു." നിങ്ങളുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും സമാധാനം കൊണ്ടുവരാൻ അവന് കഴിയും. അതിനാൽ, ഇന്ന് നിങ്ങൾ വഹിക്കുന്ന ഏത് ഭാരവും അവന്റെയടുക്കൽ സമർപ്പിക്കുക. ഫിലിപ്പിയർ 4:6-7 പറയുന്നു, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും." അവന്റെ സമാധാനം ഇന്ന് നിങ്ങളുടെ ഹൃദയത്തിൽ നിറയട്ടെ. അവന്റെ സമാധാനം നിങ്ങളുടെ മേൽ വരുമ്പോൾ, റോമർ 16:20 നമുക്ക് ഉറപ്പുനൽകുന്നതുപോലെ, അവൻ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. ഇന്ന് യേശുവിന്റെ നാമത്തിൽ, സാത്താന്റെയും അവന്റെ ദൂതന്മാരുടെയും സകല പ്രവൃത്തികളും നിങ്ങളുടെ കാൽക്കീഴെ തകർക്കപ്പെടുന്നു. നിങ്ങൾ വിടുവിക്കപ്പെടുന്നു. കർത്താവ് തന്റെ സ്നേഹവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ, നല്ല കാര്യങ്ങൾ അനുഭവിക്കാനും സുവിശേഷം സ്വീകരിക്കാനും നിങ്ങളെ സഹായിക്കട്ടെ, പകരമായി അവനെ സ്നേഹിക്കാനും നിങ്ങളുടെ ജീവിതം പൂർണ്ണമായും അവന്റെ കൈകളിൽ സമർപ്പിക്കാനും കൃപ നൽകട്ടെ.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹവും പരിപൂർണ്ണ സമാധാനവും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കണമേ. എന്റെ ബലഹീനതകളിലും പോരായ്മകളിലും പോലും അങ്ങയുടെ കൃപ അനുഭവിക്കാൻ എന്നെ സഹായിക്കണമേ. എന്നെ ചേർത്തുപിടിച്ച് ശക്തിപ്പെടുത്തുകയും എല്ലാ കഷ്ടതകളിൽനിന്നും എന്നെ വിടുവിക്കുകയും ചെയ്യണമേ. അങ്ങയുടെ സമാധാനം എന്റെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും ഭരിക്കട്ടെ. ശത്രുവിന്റെ സകലപ്രവൃത്തികളെയും എന്റെ പാദങ്ങൾക്കടിയിൽ തകർത്ത് എന്നെ വിടുവിക്കണമേ. അങ്ങയുടെ സ്നേഹം എന്നിൽ നിറയുകയും അങ്ങയെ സ്നേഹിക്കാനും എന്റെ ജീവിതം പൂർണ്ണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കാനും എന്നെ സഹായിക്കുകയും ചെയ്യണമേ. എന്റെ ജീവിതത്തിലേക്ക് സ്നേഹവും അംഗീകാരവും സമൃദ്ധിയും സമ്പൂർണ്ണതയും പുനഃസ്ഥാപനവും ക്ഷേമവും കൊണ്ടുവരണമേ. എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നൽകുകയും എന്റെ കുടുംബത്തെയും ജോലിയെയും അനുഗ്രഹിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.