പ്രിയ സഹോദരീസഹോദരന്മാരേ, ഇന്ന് നാം സദൃശവാക്യങ്ങൾ 2:8-ൽ നിന്നുള്ള വചനം ധ്യാനിക്കാൻ പോകുന്നു: "അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു." നാം ചെയ്യേണ്ടത് സത്യസന്ധതയോടെ നടക്കുക മാത്രമാണ്. അപ്പോൾ, സങ്കീർത്തനം 121:3-ൽ പറയുന്നതുപോലെ, നമ്മുടെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല.

അഞ്ചാം വാക്യത്തിൽ പറയുന്നത്, കർത്താവ് നമ്മെ പരിപാലിക്കുകയും നമ്മുടെ വലതുഭാഗത്ത് നമുക്ക് തണലായിരിക്കുകയും ചെയ്യുന്നു എന്നാണ്. അതെ, നീതിമാന്റെ ചുവടുകൾ കർത്താവിനാൽ സ്ഥിരമാക്കപ്പെടുന്നു. അവൻ ഇടറിപ്പോയാലും വീണുപോകുകയില്ല; കാരണം കർത്താവ് തന്റെ കരംകൊണ്ട് അവനെ താങ്ങുന്നു. നമ്മുടെ എല്ലാ വഴികളിലും നമ്മെ സംരക്ഷിക്കാൻ അവൻ തന്റെ ദൂതന്മാരോട് നമ്മെക്കുറിച്ച് കൽപ്പിക്കും. നമ്മുടെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് ദൂതന്മാർ നമ്മെ തങ്ങളുടെ കൈകളിൽ വഹിച്ചുകൊള്ളും.

ഈ വഴികളിൽ ദൈവം നമ്മെ സംരക്ഷിക്കുന്നുവെന്ന് അറിയുന്നത് എത്ര മനോഹരമായ കാര്യമാണ്. ദൈവം ഒരിക്കലും ഉറങ്ങുകയോ മയങ്ങുകയോ ചെയ്യുന്നില്ല. അവൻ 24 മണിക്കൂറും നമ്മെ നിരീക്ഷിക്കുന്നു.

അടുത്തിടെ, എന്നെ ശരിക്കും ആവേശഭരിതയാക്കിയ ഒരു വീഡിയോ ഞാൻ കണ്ടു. 87 വയസ്സുള്ള ഒരു പിതാവും പുരോഹിതനുമായ ഫാദർ. ജോൺ ബോക്ക് ഒരു വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് കാർ ഓടിക്കുകയായിരുന്നു. ഞായറാഴ്ചത്തെ ശുശ്രൂഷയ്ക്ക് പോകുകയായിരുന്നു അദ്ദേഹം. അദ്ദേഹം പള്ളിയിലേക്ക് കാറോടിച്ചു പോകുമ്പോൾ ഒരു എസ്‌. യു.വി അദ്ദേഹത്തിന്റെ കാറിന് മുകളിലൂടെ പറന്നുപോയി. എന്താണ് സംഭവിച്ചതെന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു. എസ്. യു. വി. യുടെ ഡ്രൈവർക്ക് അപസ്മാരം ഉണ്ടാവുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എസ്. യു. വി. ഒരു പോസ്റ്റിൽ ഇടിച്ചശേഷം ഫാദർ ജോണിന്റെ കാറിന് മുകളിലൂടെ കുതിച്ചുചാടി. ശുശ്രൂഷയ്ക്ക് ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ഫാദർ ജോണിന്റെ അടുത്തെത്തി നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ അദ്ദേഹത്തെ കാണിച്ചു. അത് കണ്ടപ്പോൾ ഫാദർ ജോൺ വളരെയധികം അത്ഭുതപ്പെട്ടു. അദ്ദേഹം പറഞ്ഞു: “എന്തൊരു നല്ല ദൈവമാണ് എനിക്കുള്ളത്! കർത്താവ് എന്നെ യഥാർത്ഥത്തിൽ സംരക്ഷിച്ചു. കർത്താവ് തന്റെ കൈകളിൽ എന്നെ താങ്ങിപ്പിടിച്ചിരിക്കുന്നു.”

അതെ, കർത്താവ് അദ്ദേഹത്തിന്റെ പാതയെ സംരക്ഷിക്കുകയും അദ്ദേഹത്തെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അതുപോലെതന്നെ, കർത്താവ് നിങ്ങളെയും സംരക്ഷിക്കും. ഒരു തിന്മയും നിങ്ങളെ ബാധിക്കില്ല. കർത്താവ് നിങ്ങളെ പരിപാലിക്കുകയും നിങ്ങളുടെ എല്ലാ വഴികളിലും നിങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുമാറാകട്ടെ.

PRAYER:
പ്രിയ കർത്താവേ, ഓരോ നിമിഷവും എന്നെ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി അങ്ങേയ്ക്ക് നന്ദി. സത്യസന്ധതയോടെ നടക്കാനും അങ്ങയോട് വിശ്വസ്തത പുലർത്താനും എന്നെ സഹായിക്കണമേ. എന്റെ കാലുകൾ വഴുതിപ്പോകാൻ അനുവദിക്കരുതേ, ഞാൻ ഇടറുമ്പോൾ അങ്ങയുടെ ശക്തമായ കൈകളിൽ എന്നെ വഹിച്ചുകൊള്ളണമേ. എന്റെ നിഴലായിരിക്കണമേ. അങ്ങയുടെ ദിവ്യ സംരക്ഷണത്താൽ എന്നെ വലയം ചെയ്യണമേ. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അങ്ങയുടെ ദൂതന്മാരോട് കൽപിക്കണമേ. സകല തിന്മകളെയും ഞങ്ങളിൽ നിന്ന് അകറ്റേണമേ. എല്ലാ പാസ്റ്റർമാരെയും സുവിശേഷകന്മാരെയും ദൈവത്തിന്റെ മക്കളെയും ഓരോ കുടുംബത്തെയും സംരക്ഷിക്കണമേ. അങ്ങയുടെ വിലയേറിയ രക്തംകൊണ്ട് ഞങ്ങളെ മൂടുകയും എല്ലാ ദിവസവും അങ്ങയുടെ നന്മ കാണാനും രുചിക്കാനും അനുഭവിക്കാനും ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.