പ്രിയ സുഹൃത്തേ, ഇന്ന് നാം 1 യോഹന്നാൻ 5:4-ൽ നിന്നുള്ള മനോഹരമായ വചനത്തെ ധ്യാനിക്കാൻ പോകുന്നു, "ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു." ദൈവത്തിൽ നിന്ന് ജനിക്കുക എന്നത് തികച്ചും പുതിയ അനുഭവമാണ്. ദൈവം നമ്മുടെ ഉള്ളിൽ മറ്റൊന്നും അനുവദിക്കില്ല; അവൻ നമ്മുടെ പാത്രത്തെ സ്വയം നിറയ്ക്കും. അവൻ നമ്മുടെ ഉള്ളിൽ ആയിരിക്കുമ്പോൾ നമുക്ക് ലോകത്തെ ജയിക്കാൻ കഴിയും. വീണ്ടും, അത് പറയുന്നു, ആരാണ് ലോകത്തെ ജയിക്കുന്നത്? യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നവൻ മാത്രം. നാം യേശുവിൽ മാത്രം വിശ്വസിക്കണം. അപ്പോൾ അവൻ വന്ന് നമ്മുടെ ഉള്ളിൽ വസിക്കും. ദൈവത്തിന്റെ ഓരോ പൈതലും ലോകത്തെ ജയിക്കുന്നു. ലോകത്തെ ജയിക്കുന്ന ആ അടിസ്ഥാന തത്വം നമ്മുടെ വിശ്വാസമാണ്. യേശു ദൈവപുത്രനാണെന്ന് വിശ്വസിക്കുക മാത്രം ചെയ്യുക. ദൈവപുത്രനായ യേശുവില്ലാതെ ആർക്കും ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയില്ല. അവനാണ് വാതിൽ. അവനാണ് വഴിയും സത്യവും ജീവനും.

നിങ്ങളുടെ വിശ്വാസത്തിലൂടെ നിങ്ങൾക്ക് ലോകത്തെ ജയിക്കാൻ കഴിയും. ഈ ലോകം വളരെ ദുഷ്ടത നിറഞ്ഞതാണ്. ഈ ലോകത്തിന്റെ പ്രഭു ലോകത്തിലുള്ളതെല്ലാം നശിപ്പിക്കുന്നു. നിങ്ങൾ ഈ ലോകത്തിൽ വിശ്വസിക്കുമ്പോൾ, നിങ്ങൾ ഇരുട്ട് നിറഞ്ഞവരായിരിക്കും, എന്നാൽ നിങ്ങൾ യേശുവിൽ വിശ്വസിക്കുമ്പോൾ, നിങ്ങൾക്ക് വെളിച്ചം ലഭിക്കും. യേശു പറയുന്നു, "ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും." നീതിമാൻ വിശ്വാസത്താൽ ജീവിക്കും. അതുകൊണ്ടാണ് യേശു പറയുന്നത്, "ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു." അവൻ നിങ്ങളുടെ ഹൃദയത്തിലായിരിക്കുമ്പോൾ നിങ്ങൾക്കും ലോകത്തെ ജയിക്കാൻ കഴിയും. ദൈവത്തിനു നന്ദി! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവൻ നമുക്ക് വിജയം നൽകുന്നു. നിങ്ങളിലുള്ളവൻ ഈ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്.

ഈ ലോകത്തിലുള്ളവനെ ജനങ്ങൾ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തേക്കാം. ജനങ്ങൾ ഈ ലോകത്തിന്റെ മാതൃക പിന്തുടർന്നേക്കാം. ഈ ലോകത്തിന്റെ പ്രഭുവിന്റെ പദ്ധതികളാലും രീതികളാലും പലരും വഞ്ചിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ദൈവവചനം വ്യക്തമായി പറയുന്നു, നിങ്ങളിൽ ഉള്ളവൻ ഈ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്. ഈ മഹാനായ ദൈവം നിങ്ങളിൽ ഉണ്ടെങ്കിൽ നിങ്ങൾ ഈ ലോകത്തെ ജയിക്കും. അത് ദൈവത്താൽ വീണ്ടും ജനിക്കുക എന്നതാണ്. ഒരു രാത്രിയിൽ കർത്താവായ യേശു നിക്കോദേമൊസിനോടു പുതുതായി ജനിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ അവൻ ഇപ്രകാരം പറഞ്ഞു: “നീ പുതുതായി ജനിച്ചില്ല എങ്കിൽ നിനക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയില്ല." ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഉള്ളിൽ വസിക്കുമ്പോൾ നാം ലോകത്തെ ജയിച്ച് ദൈവരാജ്യത്തിൽ പ്രവേശിക്കും. മനുഷ്യരുടെ പ്രയത്നംകൊണ്ടല്ല നാം ജയിക്കുന്നത്, നമ്മുടെ മാംസം ദുർബലമാണ്, എന്നാൽ നമ്മിൽ വസിക്കുന്ന ആത്മാവ് ശക്തമാണ്. അവൻ എല്ലാ യുദ്ധങ്ങളിലും പോരാടുന്നു. അവൻ നമുക്ക് വിജയം നൽകുന്നു. പ്രലോഭനങ്ങളെ മറികടക്കാനും നീതിപൂർവകമായ ജീവിതം നയിക്കാനും അവൻ നമ്മെ സഹായിക്കുന്നു. ഇന്ന്, നമ്മിൽ പലരും നീതിപൂർവകമായ ജീവിതം നയിക്കാൻ പാടുപെടുന്നു. പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങൾ നിങ്ങളുടെ ഹൃദയം കർത്താവിന് സമർപ്പിക്കുമോ?

PRAYER:
സ്വർഗ്ഗീയ പിതാവേ, യേശു ദൈവപുത്രനും എന്റെ രക്ഷകനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ തന്നെ, ദയവായി വന്ന് അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ അഭിഷേകം ചെയ്യുകയും അങ്ങിലുള്ള എന്റെ വിശ്വാസത്തിലൂടെ ഈ ലോകകാര്യങ്ങളെ ജയിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. കർത്താവേ, എന്റെ ജീവിതത്തിലെ എല്ലാ ഇരുണ്ട സ്ഥലങ്ങളിലും അങ്ങയുടെ വെളിച്ചം  പ്രകാശിപ്പിക്കണമേ. ദയവായി എന്റെ പോരാട്ടങ്ങളിൽ പോരാടുകയും എനിക്ക് വിജയം നൽകുകയും ചെയ്യേണമേ. ഞാൻ അങ്ങയുടെ രക്ഷയുടെ സന്തോഷം അനുഭവിക്കുകയും അങ്ങയുടെ മഹത്വത്തിനായി നീതിയുള്ള ജീവിതം നയിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ,  ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.