1 യോഹന്നാൻ 4:4-ൽ നിന്നുള്ള ഇന്നത്തെ വാഗ്ദത്തം ഇപ്രകാരം പ്രഖ്യാപിക്കുന്നു: "നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ." ദൈവത്തിന്റെ സാന്നിധ്യത്തിലൂടെ നാം ശക്തരാകുന്നുവെന്ന് ഈ അത്ഭുതകരമായ വാഗ്‌ദത്തം നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മിൽ വസിക്കുന്നവൻ പരിശുദ്ധാത്മാവാണ്. സാത്താൻ, ക്രിസ്തുവിനെതിരെ പ്രവർത്തിക്കുന്ന പാപപൂർണ്ണമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നതെങ്കിലും നാം ഭയപ്പെടേണ്ടതില്ല, കാരണം ദൈവാത്മാവ് അന്ധകാരത്തിന്റെ സകല ശക്തിയേക്കാളും വളരെ വലുതാണ്. പിശാച് ഭോഷ്കിന്റെ അപ്പനും സത്യത്തിന്റെ ശത്രുവുമാണെന്ന് വേദപുസ്തകം വിവരിക്കുന്നു (യോഹന്നാൻ 8:44). ഇതിനു വിപരീതമായി, "ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു" എന്ന് യേശു പ്രഖ്യാപിച്ചു. സാത്താൻ ഈ ലോകത്തിന്റെ പ്രഭു എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും (യോഹന്നാൻ 12:31) അവന്റെ അധികാരം താൽക്കാലികവും പരിമിതവുമാണ്. അവൻ ദൈവത്തെപ്പോലെ ശക്തനല്ല. പരിശുദ്ധാത്മാവിന്റെ ജ്ഞാനവും ശക്തിയും,  ശത്രുവിന്റെ ഏതൊരു തന്ത്രത്തേക്കാളും വഞ്ചനയേക്കാളും വളരെ വലുതാണ്.

പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുമ്പോൾ, അവൻ നമുക്ക്, ഈ ലോകത്തിലെ കാര്യങ്ങൾ തിരിച്ചറിയാനുള്ള ജ്ഞാനം നൽകുകയും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന സമൃദ്ധമായ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതിനാൽ, ജ്ഞാനത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ നമ്മെ നിറയ്ക്കാൻ നാം നിരന്തരം കർത്താവിനോട് അപേക്ഷിക്കണം. യേശു ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവൻ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു. അതുപോലെ, ഈ ലോകത്തിൽ ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ദൈവം നമുക്ക് ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ നൽകിയിട്ടുള്ളത്. ഈ ശക്തി നമ്മുടേതല്ല-അത് നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. നമ്മെ ശക്തനാക്കുന്ന ക്രിസ്തു മുഖാന്തരം നമുക്ക് സകലവും ചെയ്യാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റാനും കഴിയും.

നിരവധി ചെറുപ്പക്കാർ വിജയം കൈവരിക്കാനായി കഠിനമായി പരിശ്രമിക്കുന്നു. അവർ പരാജയം അനുഭവിക്കുമ്പോൾ, അത് അംഗീകരിക്കാൻ അവർക്ക് പ്രയാസം നേരിടുന്നു. നിരുത്സാഹം, നിരാശ, വിഷാദം എന്നിവ അവരെ കീഴടക്കാൻ തുടങ്ങുകയും തങ്ങൾ ഒന്നിനും യോഗ്യരല്ലെന്ന് അവർക്ക് തോന്നുകയും ചെയ്യുന്നു. എന്നാൽ നാം പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ അവനെ അനുവദിക്കുകയും നമ്മുടെ ഉള്ളിലെ അവന്റെ സാന്നിധ്യത്തെ ബഹുമാനിക്കുകയും ചെയ്യുമ്പോൾ, ദൈവം തന്നെ നമ്മെ മാനിക്കുന്നു. ദൈവം നമ്മെ നയിക്കുമ്പോൾ ഒരു പരാജയവും നമ്മുടെ അവസാനമല്ല. അതിനാൽ, ഒരിക്കലും നിരാശപ്പെടരുത്. ഈ ലോകം പ്രശ്നങ്ങൾ നിറഞ്ഞതാണ്, എന്നാൽ യേശു ഇതിനകം തന്നെ ലോകത്തെയും സാത്താനെയും പാപത്തിന്റെ ശക്തിയെയും ജയിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിലൂടെ നാം പൂർണ്ണജയം പ്രാപിച്ചവരായി തീരുന്നു. നിങ്ങളിൽ ഉള്ളവൻ വലിയവനാണ്. ദൈവത്തിന്റെ ആത്മാവിനാൽ നിങ്ങൾ ലോകത്തെ ജയിക്കും. "ഞാൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നിങ്ങളും ഇരിക്കുന്നു" എന്ന് യേശു നമുക്ക് ഉറപ്പുനൽകുന്നു. അവൻ തന്റെ മക്കൾക്കു സാത്താന്റെന്മേൽ അധികാരവും ശക്തിയും നൽകിയിരിക്കുന്നു. സാത്താന്റെ ശക്തി പരിമിതമാണ്, അവന്റെ സമയം താൽക്കാലികമാണ്, ഒരു ദിവസം അവൻ നരകത്തിലേക്കു എറിയപ്പെടും. അവൻ ഇതിനകം തന്നെ പരാജയപ്പെട്ട ഒരു ശത്രുവാണ്. അതിനാൽ, ഒരിക്കലും സാത്താന്റെ ശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. പകരം, രാജാധിരാജാവായി എന്നേക്കും ജീവിക്കുകയും ശത്രുവിനെക്കാൾ അനന്തമായി മഹാനായിരിക്കുകയും ചെയ്യുന്ന യേശുവിൽ നിങ്ങളുടെ ദൃഷ്ടി ഉറപ്പിക്കുക.

ഇന്ന് യേശുവിന്റെ അടുത്തേക്ക് വരിക. അവനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കുകയും അവന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ നിറയ്ക്കാൻ അവനോട് ആവശ്യപ്പെടുകയും ചെയ്യുക. അവൻ നിങ്ങളെ തന്റെ ശക്തി, സ്നേഹം, ജ്ഞാനം, സുബോധം എന്നിവയാൽ നിറയ്ക്കും. അവൻ നിങ്ങൾക്ക് ജീവിതത്തിൽ വിജയം നൽകുകയും എല്ലാ നിരുത്സാഹങ്ങൾക്കും മീതെ നിങ്ങളുടെ തല ഉയർത്തുകയും നിങ്ങളെ പൂർണ്ണജയം പ്രാപിച്ചവരാക്കുകയും ചെയ്യും. ആളുകളെ വഞ്ചിക്കാനും നിരുത്സാഹപ്പെടുത്താനും തകർക്കാനും പിശാച് ശ്രമിക്കുന്നു, എന്നാൽ യേശു നമ്മെ വിജയത്തിലേക്ക് ഉയർത്തുന്നു. അനേകരുടെ ജീവിതങ്ങളിലേക്ക് ദൈവത്തിന്റെ അത്ഭുതങ്ങൾ കൊണ്ടുവരുന്ന ശക്തനായ ഒരു നേതാവായും വിശ്വസ്തനായ ഒരു ദൈവദാസനായും നിങ്ങളെ ഉയർത്താൻ അവനു കഴിയും. എല്ലാ വിഷാദവും നീക്കുവാനും എല്ലാ പീഡനങ്ങളിൽനിന്നും നിങ്ങളെ സൗഖ്യമാക്കുവാനും എല്ലാ രാസ അസന്തുലിതാവസ്ഥയും സ്പർശിച്ച് തന്റെ ഉയിർപ്പിന്റെ ശക്തിയാൽ നിങ്ങളെ പൂർണമായി പുനഃസ്ഥാപിക്കുവാനും കർത്താവിന് കഴിയും. അവന്റെ വെളിച്ചം നിങ്ങളുടെ മേൽ പ്രകാശിക്കട്ടെ, അവന്റെ ശക്തി നിങ്ങളുടെ ജീവിതത്തിൽ പ്രകടമാകട്ടെ, അവന്റെ ജ്ഞാനം, സമൃദ്ധി, സംരക്ഷണം, വിജയം എന്നിവ എല്ലാ ദിവസവും നിങ്ങൾ അനുഭവിക്കട്ടെ.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങ് ഈ ലോകത്തിലെ എല്ലാ ശക്തികളേക്കാളും വലിയവനാണെന്ന് എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്റെ ഹൃദയത്തെ പുതുമയോടെ നിറയ്ക്കണമേ, അങ്ങയുടെ ജ്ഞാനവും സ്നേഹവും ശക്തിയും സുബോധവും എന്റെ ജീവിതത്തിൽ നിറഞ്ഞു കവിയട്ടെ. എല്ലാ ഭയവും നിരുത്സാഹവും വിഷാദവും ശത്രുവിന്റെ വഞ്ചനയും നീക്കേണമേ. അങ്ങയുടെ ശക്തിയാൽ എല്ലാ പരാജയങ്ങളെയും തരണം ചെയ്യാൻ എന്നെ സഹായിക്കുകയും എന്നെ ക്രിസ്തുവിൽ പൂർണ്ണജയം പ്രാപിച്ചവനാക്കുകയും ചെയ്യണമേ. അങ്ങയുടെ പുനരുത്ഥാനശക്തി എന്റെ ജീവിതത്തിലെ എല്ലാ തകർന്ന മേഖലകളെയും സൗഖ്യമാക്കുകയും എല്ലാ പീഡനങ്ങൾക്കുമേൽ വിജയം നൽകുകയും, അങ്ങയുടെ മഹത്വത്തിനായി വിശ്വസ്ത സാക്ഷിയായി എന്നെ സ്ഥാപിക്കുകയും ചെയ്യണമേ. മറ്റുള്ളവർക്ക് പ്രത്യാശയും അത്ഭുതങ്ങളും പകരുന്ന ശക്തനായ ഒരു ദാസനായി എന്നെ മാറ്റണമേ. അങ്ങയുടെ വെളിച്ചം അനുദിനം എന്നിലൂടെ പ്രകാശിപ്പിക്കണമേ. അങ്ങ് എനിക്കു നൽകിയ അധികാരത്തിൽ നടക്കുവാൻ എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.