പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്ന് നാം സങ്കീർത്തനം 148:14 ധ്യാനിക്കാൻ പോകുന്നു: "യിസ്രായേൽ മക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു." ദൈവം തന്റെ ജനങ്ങൾക്ക് ശക്തിയും സമൃദ്ധിയും അന്തസ്സും ശ്രേഷ്ഠതയും നൽകുന്നതിനെക്കുറിച്ചാണ് ഇത് സംസാരിക്കുന്നത്. ദൈവം നൽകുന്ന ശക്തിയുടെയും അന്തസ്സിന്റെയും പ്രതീകമാണ് കൊമ്പ്. ലൂക്കൊസ്‌ 1:71-ൽ ഇങ്ങനെ പറയുന്നു, " ദൈവം തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പു ഉയർത്തുകയും ചെയ്തിരിക്കുന്നു." അവനാണ് ലോകത്തിന്റെ രക്ഷകനായ യേശു.

നിങ്ങളുടെ എല്ലാ വെല്ലുവിളികളിൽ നിന്നും യേശു നിങ്ങളെ മോചിപ്പിക്കും. യേശു എന്ന പേരിന്റെ അർത്ഥം ലോകത്തിന്റെ രക്ഷകൻ എന്നാണ്. അവനാണ് നമ്മുടെ വീണ്ടെടുപ്പുകാരനും വിമോചകനും. അവൻ നമുക്ക് സർവ്വസ്വവുമാണ്. അതുകൊണ്ടാണ് വേദപുസ്തകം പറയുന്നത്, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്നു അറിഞ്ഞു കൊൾവിൻ."  യേശു നമ്മുടെ തലയിൽ ഒരു കൊമ്പ് പോലെയാണ്. പിശാച് നമ്മുടെ നേരെ വരുമ്പോൾ ദൈവം നമ്മുടെ മേൽ വെച്ചിരിക്കുന്ന ആ കൊമ്പ് അവൻ കാണും.

ചെന്നൈയിലെ വാനഗരത്ത് നടന്ന ഞങ്ങളുടെ യോഗങ്ങളിലൊന്നിൽ ഒരു ആരാധനാ ശുശ്രൂഷ നടക്കുകയായിരുന്നു. പിശാച് ബാധിച്ച ഒരു പെൺകുട്ടി, ഉച്ചത്തിൽ നിലവിളിക്കുകയും പിശാചിന്റെ ശക്തി പ്രകടമാക്കുകയും ചെയ്തുകൊണ്ട് ജനക്കൂട്ടത്തെ അസ്വസ്ഥയാക്കി. അതിനാൽ, അവളെ യോഗം നടക്കുന്ന ഹാളിന് പുറത്ത് കൊണ്ടുപോകാൻ ഞാൻ എന്റെ സ്റ്റാഫ് അംഗങ്ങളോട് ആവശ്യപ്പെട്ടു. പുറത്ത് പോലും അവൾ നിലവിളിക്കുന്നത് തുടർന്നു. പ്രാർത്ഥനാ മധ്യസ്ഥർ അവളെ നിയന്ത്രിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ കൂടുതൽ നിലവിളിച്ചു. ആ പെൺകുട്ടിയോട് എനിക്ക് സഹതാപം തോന്നി. ഞാൻ അവളുടെ മേൽ കൈ വെച്ചപ്പോൾ പിശാച് അവളെ ഉപേക്ഷിച്ചു. ഞാൻ അത്ഭുതപ്പെടുകയും ദൈവത്തോട് അത്യന്തം നന്ദി പറയുകയും ചെയ്തു. ഞാൻ ആ പെൺകുട്ടിയെ നോക്കിയപ്പോൾ, അവളുടെ കണ്ണട പൊട്ടിയതായും മുഖം മുഴുവനും വാടിയിരിക്കുന്നതായും ഞാൻ ശ്രദ്ധിച്ചു. എന്നാൽ കർത്താവ് അവളെ വിടുവിച്ചതിനുശേഷം, അവൾ പുഞ്ചിരിച്ചുകൊണ്ടിരുന്നു. അവളുടെ അന്തസ്സും ശക്തിയും തിരിച്ചെത്തി. അതെ, യേശു നമ്മുടെ രക്ഷയുടെ കൊമ്പാണ്. നമ്മുടെ മഹത്വം വർദ്ധിപ്പിക്കുകയും ശത്രുക്കൾക്ക് മീതെ നമ്മെ ഉയർത്തുകയും ചെയ്യുന്ന കൊമ്പാണ് അവൻ.

ആരെങ്കിലും അവരുടെ ജോലിയിൽ അനുഗ്രഹിക്കപ്പെടുകയും അഭിമാനിക്കുകയും ചെയ്യുമ്പോൾ, ആളുകൾ ചിലപ്പോൾ "നിങ്ങളുടെ തലയിൽ ഒരു കൊമ്പ് ഉണ്ടോ?" എന്ന് ചോദിച്ച് അവരെ കളിയാക്കുന്നു. ആ വ്യക്തി കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നതിനാലാണ് അവർ ഇങ്ങനെ പറയുന്നത്. അതുപോലെ, യേശു നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ, അവൻ നമ്മുടെ കൊമ്പ് ഉയർത്തുകയും നമുക്ക് ശക്തിയും സമൃദ്ധിയും അന്തസ്സും ശ്രേഷ്ഠതയും നൽകുകയും ചെയ്യുന്നു. അതുകൊണ്ടാണ് നാം നിരന്തരം അവനെ സ്തുതിക്കുന്നത്. നമ്മെത്തന്നെ പുകഴ്ത്താനോ നമ്മുടെ നേട്ടങ്ങളെക്കുറിച്ച് അഹങ്കരിക്കാനോ അല്ല, മറിച്ച് രാജാധിരാജാവിനെ സ്തുതിക്കാനാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതെ, കർത്താവ് തന്റെ ജനത്തിനായി ഒരു കൊമ്പ് ഉയർത്തിയിട്ടുണ്ട്. അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും മാനിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്യും. അതിനാൽ, നിരാശപ്പെടരുത്. യേശു നിമിത്തം നിങ്ങൾ അനുഗ്രഹിക്കപ്പെടുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും. ഇപ്പോൾതന്നെ, യേശുവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിക്കുകയും അവന്റെ നന്മ അനുഭവിക്കുകയും ചെയ്യുക.

PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങ് എന്റെ രക്ഷയുടെ കൊമ്പും എന്റെ ശക്തിയും അന്തസ്സും വീണ്ടെടുപ്പുകാരനും വിടുവിക്കുന്നവനുമായിരിക്കുന്നതിനാൽ അങ്ങേയ്ക്ക് നന്ദി. അങ്ങ് എന്റെ ജീവിതത്തിന്റെ കേന്ദ്രമായിരിക്കുകയും, എല്ലാ വെല്ലുവിളികൾക്കും ശത്രുക്കൾക്കും ഉപരിയായി എന്നെ ഉയർത്തുകയും ചെയ്യണമേ. എന്നെ ശക്തിപ്പെടുത്തുകയും എനിക്ക് നഷ്ടപ്പെട്ട എല്ലാ അന്തസ്സും പുനഃസ്ഥാപിക്കുകയും ചെയ്യണമേ. അങ്ങയുടെ സാന്നിധ്യം എന്നിലൂടെ വെളിപ്പെടട്ടെ, ഞാൻ തൊടുന്നതിനെയെല്ലാം അങ്ങ് അനുഗ്രഹിക്കണമേ. മറ്റുള്ളവരെ രക്ഷിക്കാനും അനേകർക്ക് അനുഗ്രഹമായിത്തീരാനും എന്നെ ഉപയോഗിക്കണമേ. അങ്ങയെ സേവിക്കാൻ ഞാൻ കഠിനമായി പരിശ്രമിക്കുമ്പോൾ, എന്നെ മാനിക്കുകയും ഉയർത്തുകയും ചെയ്യണമേ. എന്റെ എല്ലാ അപമാനങ്ങൾക്കും പകരം മാന്യത നൽകുകയും, തലയുയർത്തി നടക്കാൻ എന്നെ പ്രാപ്തയാക്കുകയും ചെയ്യണമേ. അങ്ങയുടെ രക്ഷ, ശക്തി, സമൃദ്ധി, അന്തസ്സ്, അനുഗ്രഹം എന്നിവ എന്നിൽ വസിക്കുമാറാകട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.