പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് സങ്കീർത്തനം 103:11-ൽ നിന്ന് ധ്യാനിക്കാൻ കഴിയുന്ന മനോഹരമായ ഒരു വാഗ്‌ദത്തമുണ്ട്: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു." എത്ര വിശാലവും അളവറ്റതുമായ സ്നേഹം! സങ്കീർത്തനക്കാരനായ ദാവീദ് സങ്കീർത്തനം 57:10-ൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു, “നിന്റെ ദയ ആകാശത്തോളം വലിയതല്ലോ." ദൈവസ്നേഹത്തെ മനുഷ്യന്റെ അളവുകോലുകളാൽ അളക്കാൻ കഴിയില്ല. അതിന്റെ ആഴം അഗാധമാണ്, അതിന്റെ വീതി അനന്തമാണ്, അതിന്റെ ഉയരം ആകാശത്തോളം എത്തുന്നു. അവന്റെ സ്നേഹം വളരെ വലുതായതിനാൽ അവൻ നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുന്നു, നമ്മുടെ എല്ലാ മുറിവുകളും സുഖപ്പെടുത്തുന്നു, നമ്മുടെ എല്ലാ തകർച്ചകളും പുനഃസ്ഥാപിക്കുന്നു. ഇതേ സ്നേഹമാണ് യേശുവിനെ കുരിശിലേക്ക് നയിച്ചത്. തന്റെ മഹത്തായ സ്നേഹത്താൽ, അവൻ തന്റെ ജീവൻ നൽകി. ശരീരം മുറിവേൽപ്പിക്കപ്പെടുവാനും നമ്മുടെ വീണ്ടെടുപ്പിനായി രക്തം ചൊരിയപ്പെടുവാനും സമ്മതിച്ചു. എന്തൊരു രക്ഷകൻ! നാം അവനെ പരാജയപ്പെടുത്തുമ്പോഴും അവൻ നമ്മോട് വീണ്ടും വീണ്ടും ക്ഷമിക്കാൻ തയ്യാറാണ്. അവന്റെ കാരുണ്യം ഒരിക്കലും വറ്റിപ്പോകില്ല. യെശയ്യാവ് 38:17-ൽ വേദപുസ്തകം പറയുന്നു, “ നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞു." എത്ര ആശ്വാസകരമായ സത്യം! അവന്റെ മഹത്തായ സ്നേഹത്താൽ ദൈവം നമ്മുടെ മുൻകാല തെറ്റുകൾ ഓർക്കാൻ വിസമ്മതിക്കുന്നു. താഴ്മയുള്ള ഹൃദയത്തോടെ നാം അവൻ്റെ അടുത്ത് വരുമ്പോൾ അവൻ നമ്മെ ആലിംഗനം ചെയ്യുകയും "എൻ്റെ പൈതലേ, നിന്നോട് ക്ഷമിച്ചിരിക്കുന്നു" എന്ന് പറയുകയും ചെയ്യുന്നു.
പ്രിയ സുഹൃത്തേ, ഈ നിബന്ധനകളില്ലാത്ത സ്നേഹം നമുക്ക് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ചെറു കഥ ഞാൻ പങ്കിടട്ടെ. എന്റെ പിതാവ് ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ, ഒരിക്കൽ അദ്ദേഹം തന്റെ സുഹൃത്തിനോടൊപ്പം കളിച്ചുകൊണ്ട് ലഘുഭക്ഷണം കഴിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് കുറച്ച് ആവശ്യപ്പെട്ടു, പക്ഷേ കളിയാക്കുന്ന മനസ്സോടെ എന്റെ പിതാവ് അവന് ഭക്ഷണത്തിന് പകരം ചുണ്ണാമ്പുപൊടി നൽകി. ആ കുട്ടിയുടെ തൊണ്ടയ്ക്ക് പൊള്ളലേൽക്കുകയും നാവിന് പരിക്കേൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ അമ്മ വന്ന് ദേഷ്യത്തോടെ എന്റെ മുത്തശ്ശിയോട് പരാതിപ്പെട്ടു. എന്നാൽ മകനോടുള്ള അഗാധമായ സ്നേഹം നിമിത്തം എന്റെ മുത്തശ്ശി അവന് അത്തരമൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കാൻ വിസമ്മതിച്ചു. അവർ പറഞ്ഞു, "എന്റെ മകൻ സ്വർണ്ണമാണ്; അവന് ഇത് ചെയ്യാൻ കഴിയില്ല". എന്റെ പിതാവിന്റെ പേര് തങ്കസാമി എന്നായിരുന്നു, അതായത് "സ്വർണ്ണം". ആ അമ്മയുടെ സ്നേഹം അവരുടെ കുട്ടിയുടെ തെറ്റ് അവഗണിക്കാൻ അവരെ പ്രേരിപ്പിച്ചു. അതുപോലെ, പ്രിയ സുഹൃത്തേ, നമ്മുടെ സ്വർഗ്ഗീയ പിതാവ് യേശുവിന്റെ രക്തത്തിലൂടെ നമ്മെ നോക്കി പറയുന്നു, "എന്റെ മകൻ, എന്റെ മകൾ സ്വർണ്ണമാണ്. ഞാൻ അവരോട് ക്ഷമിക്കും." ഇതാണ് ദൈവത്തിന്റെ മഹാസ്നേഹത്തിന്റെ സ്വഭാവം. ഇത് പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്ന സ്നേഹമാണ് (1 പത്രൊസ് 4:8). നിങ്ങൾ എത്ര ദൂരം പോയാലും, നിങ്ങളെ വീണ്ടും സ്വീകരിക്കാൻ അവന്റെ കൈകൾ തുറന്നിരിക്കുന്നു. നിങ്ങൾ ആയിരിക്കുന്നതുപോലെ യേശുവിന്റെ അടുക്കലേക്ക് വരിക. നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് ഭയപ്പെടരുത്. അവന്റെ സ്നേഹം നിങ്ങളുടെ പാപത്തേക്കാൾ വലുതാണ്, അവന്റെ പാപമോചനം നിങ്ങളുടെ പരാജയത്തേക്കാൾ ആഴമേറിയതാണ്.
അവന്റെ സ്നേഹം വളരെ വലുതാകുന്നു എന്നതിനാൽ, ലോകം നമ്മെ നിരസിക്കുമ്പോഴും നമുക്ക് പ്രത്യാശയുണ്ട്. ജനങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തുകയും നിങ്ങളുടെ തെറ്റുകളെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ദൈവം പറയുന്നു, "ഞാൻ നിങ്ങളുടെ പാപങ്ങളെ ഒക്കെയും സമുദ്രത്തിന്റെ ആഴത്തിൽ ഇട്ടുകളയും." (മീഖാ 7:19). അവന്റെ സ്നേഹം നിങ്ങളുടെ ഹൃദയത്തിൽ നിറയുമ്പോൾ, നിങ്ങൾ കുറ്റബോധം, ലജ്ജ, ശിക്ഷാവിധി എന്നിവയിൽ നിന്ന് മുക്തമായ ഒരു പുതിയ ജീവിതം നയിക്കാൻ തുടങ്ങും. നിങ്ങളുടെ പഴയ രീതികളിൽ തുടരാനല്ല, മറിച്ച് തന്റെ മഹത്വത്താൽ തിളങ്ങുന്ന തന്റെ പ്രിയ പൈതലായി ഉയരാൻ അവൻ നിങ്ങളെ വിളിക്കുന്നു. ആകാശം ഭൂമിക്കുമീതെ എത്രത്തോളം ഉയർന്നതാണോ അത്രയും ഉയർന്നതാണ് അവന്റെ ഭക്തന്മാരോടുള്ള അവന്റെ ദയ. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങളുടെ ഹൃദയം യേശുവിനു സമർപ്പിക്കുക. അവൻ നിങ്ങളെ ശുദ്ധീകരിക്കുകയും നിങ്ങളുടെ സന്തോഷം പുനഃസ്ഥാപിക്കുകയും നിങ്ങളെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തുകയും ചെയ്യട്ടെ. വാസ്തവത്തിൽ, നമ്മുടെ എല്ലാ പാപങ്ങളുടെയും മോചനം അനുഭവിക്കുന്നത് എത്ര സന്തോഷകരമാണ്! പ്രിയ സുഹൃത്തേ, നിങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങരുത്. ദൈവത്തോട് കൂടുതൽ അടുക്കുക. അവന്റെ സ്നേഹം നിങ്ങളെ വലയംചെയ്യട്ടെ, നിങ്ങളെ നിറയ്ക്കട്ടെ, നിങ്ങളെ പരിപൂർണ്ണരാക്കട്ടെ. അവന്റെ മഹത്തായ സ്നേഹം നിങ്ങളെ ആലിംഗനം ചെയ്യുകയും നിങ്ങളെ ശക്തിപ്പെടുത്തുകയും വരും ദിവസങ്ങളിലേക്ക് നിങ്ങളെ സുരക്ഷിതമായി കൊണ്ടുപോകുകയും ചെയ്യും.
PRAYER:
സ്നേഹവാനായ സ്വർഗീയപിതാവേ, എന്നോടുള്ള അങ്ങയുടെ അളവറ്റ സ്നേഹത്തിന് നന്ദി. യേശുക്രിസ്തുവിലൂടെ എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചതിന് അങ്ങേക്ക് നന്ദി. കർത്താവേ, അങ്ങയുടെ സ്നേഹം എത്ര വിശാലവും ആഴമേറിയതുമാണെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വിലയേറിയ രക്തം കൊണ്ട് എന്നെ ശുദ്ധീകരിച്ച് വിശുദ്ധയാക്കേണമേ. അങ്ങയുടെ ദൈവിക കരുണയാൽ എന്നെ ആലിംഗനം ചെയ്യേണമേ. ഒരു പാപമോ കുറ്റബോധമോ ഒരിക്കലും എന്നെ അങ്ങിൽ നിന്ന് വേർപെടുത്താതിരിക്കട്ടെ. കർത്താവേ, എന്റെ ഹൃദയത്തെ സമാധാനവും വിശുദ്ധിയും കൊണ്ട് നിറയ്ക്കണമേ. അങ്ങയുടെ സ്നേഹവും സംരക്ഷണവും കൊണ്ട് എന്നെ വലയം ചെയ്യേണമേ. അങ്ങയുടെ കൃപയാൽ എന്നെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തേണമേ. യേശുവിന്റെ അത്യന്തം സ്നേഹനിർഭരമായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.