എന്റെ സുഹൃത്തേ, നിങ്ങളുടെ എല്ലാ പാപങ്ങളും ക്ഷമിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിനും മനുഷ്യർക്കും മുന്നിൽ നിങ്ങൾ പരിപൂർണ്ണരും ശുദ്ധരുമായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. "യേശുവിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും" (അപ്പൊ. പ്രവർത്തനങ്ങൾ 10:43). അതെ, ലൂക്കൊസ് 23:43-ൽ യേശു കുരിശിലേറ്റപ്പെട്ടപ്പോൾ, അവന്റെ അരികിൽ തൂക്കിയിരുന്ന കള്ളൻ ഇങ്ങനെ അപേക്ഷിച്ചു, "നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ." യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു സ്നേഹത്തോടെ ഉത്തരം പറഞ്ഞു. ജനങ്ങൾ അവന്റെ രക്തത്തിനായി നിലവിളിച്ചപ്പോൾ യേശു നിലവിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "പിതാവേ, ഈ ജനങ്ങളോട് ക്ഷമിക്കണമേ. അവർ അന്യായമായി എന്നെ ക്രൂശിൽ തറച്ചിരിക്കുന്നു. അവർ എന്റെമേൽ വ്യാജാരോപണങ്ങൾ ചുമത്തി എന്നെ ക്രൂശിൽ തറച്ചിരിക്കുന്നു. എങ്കിലും ഞാൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുന്നു. അവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു അവരോടു ക്ഷമിക്കേണമേ.” തന്റെ ക്ഷമയാൽ അവൻ മരണത്തെ ജയിച്ചു. അതെ, അവൻ ക്ഷമിച്ചപ്പോൾ ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു.

നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിക്കുമ്പോൾ എല്ലാ ആളുകൾക്കും ഒരു അനുഗ്രഹമായി ഉയരാൻ നിങ്ങൾക്കും കഴിയും. രണ്ടാമതായി, ക്ഷമ സമാധാനം കൊണ്ടുവരുന്നു. ലൂക്കൊസ് 7:50-ൽ, വിലയേറിയ സുഗന്ധം കൊണ്ട് തന്നെ അഭിഷേകം ചെയ്യുകയും അവളുടെ കണ്ണുനീർ കൊണ്ട് പാദങ്ങൾ കഴുകുകയും ചെയ്ത സ്ത്രീയോട് യേശു പറഞ്ഞു: "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക." ആ സ്ത്രീ പാപത്തിൽനിന്ന് സ്വതന്ത്രയാകുകയും പാപത്തിന്റെ ശാപങ്ങളിൽനിന്ന് സൌഖ്യം പ്രാപിക്കുകയും ചെയ്തു. മൂന്നാമതായി, മത്തായി 9:6-ൽ, പക്ഷവാതക്കാരനെ നോക്കി യേശു പറഞ്ഞു: “മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു.” പിന്നെ അവൻ പറഞ്ഞു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക.” ആ മനുഷ്യൻ തൽക്ഷണം സൗഖ്യം പ്രാപിച്ചു. ക്ഷമ ആത്മാവിനെ ശുദ്ധീകരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അത് നമ്മുടെ ജീവിതത്തിലേക്ക് സൗഖ്യവും പുനഃസ്ഥാപനവും സമാധാനവും കൊണ്ടുവരുന്നു.

II ദിനവൃത്താന്തം 7:14 ൽ, ദൈവജനം പ്രാർത്ഥിക്കുമ്പോൾ അവൻ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും എന്ന് ദൈവം പറയുന്നു. ഇന്ന്, നിങ്ങൾക്കും അതേ അനുഗ്രഹം നൽകാൻ ദൈവം ആഗ്രഹിക്കുന്നു. നിങ്ങളെ സുഖപ്പെടുത്താനും നിങ്ങളുടെ പാപങ്ങൾ സുഖപ്പെടുത്താനും പാപത്തിന്റെ ശാപം സുഖപ്പെടുത്താനും ദേശത്തെ സുഖപ്പെടുത്താനും നിങ്ങൾക്ക് വലിയ വിളവ് ലഭിക്കുന്നതിനായി നിങ്ങളുടെ ഭൂമിയെ അഭിവൃദ്ധിപ്പെടുത്താനും അവൻ ആഗ്രഹിക്കുന്നു. ഇന്ന് നിങ്ങൾ എത്രമാത്രം തകർന്നതായോ ഭാരമുള്ളതായോ നിങ്ങൾക്ക്   തോന്നിയാലും, യേശു നിങ്ങളെ തന്റെ അടുത്തേക്ക് വരാൻ വിളിക്കുന്നു. തന്റെ പാപമോചനത്തിലൂടെ അവൻ നിങ്ങളെ ഉയർത്തുകയും നിങ്ങളുടെ ഹൃദയത്തിൽ സമാധാനം നിറയ്ക്കുകയും നിങ്ങളുടെ ജീവിതത്തെ പൂർണ്ണമായും സുഖപ്പെടുത്തുകയും നിരവധി ആളുകൾക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കുകയും ചെയ്യും.

PRAYER:
പ്രിയ കർത്താവേ, എന്റെ എല്ലാ പാപങ്ങളും ഭാരങ്ങളും ബലഹീനതകളുമായി ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ മഹത്തായ സ്നേഹത്തിലൂടെയും കരുണയിലൂടെയും എന്നോട് ക്ഷമിച്ചതിന് അങ്ങേക്ക് നന്ദി. എന്റെ ഹൃദയത്തെ കഴുകി ദൈവത്തിനും മനുഷ്യർക്കും മുമ്പാകെ എന്നെ ശുദ്ധീകരിക്കണമേ. അങ്ങയുടെ സമാധാനം കൊണ്ട് എന്നെ നിറയ്ക്കുകയും എന്റെ ജീവിതത്തിൽ നിന്ന് എല്ലാ കുറ്റബോധവും ലജ്ജയും നീക്കുകയും ചെയ്യണമേ. പാപം മൂലമുണ്ടാകുന്ന എല്ലാ മുറിവുകളും സുഖപ്പെടുത്തുകയും എന്റെ ആത്മാവിനെ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും ചെയ്യണമേ. എല്ലാ ദിവസവും എന്റെ ജീവിതം പൂർണ്ണമായും അങ്ങയുടെ കൈകളിൽ സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ ക്ഷമ എന്റെ ഹൃദയത്തിലേക്ക് സൗഖ്യവും സന്തോഷവും സ്വാതന്ത്ര്യവും കൊണ്ടുവരട്ടെ. എന്റെ ജീവിതം അഭിവൃദ്ധിപ്പെടുത്തുകയും മറ്റുള്ളവർക്ക് എന്നെ ഒരു അനുഗ്രഹമാക്കുകയും ചെയ്യേണമേ. എന്നെ നിരുപാധികമായി സ്നേഹിച്ചതിനും എന്നെ ഒരിക്കലും   ഉപേക്ഷിക്കാത്തതിനും അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.