പ്രിയ സഹോദരീ സഹോദരന്മാരേ, ഇന്നത്തെ വേദ വാക്യം സങ്കീർത്തനം 37:23-ൽ നിന്നുള്ളതാണ്: "ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു." ദൈവം നമ്മോടൊപ്പം നടക്കുകയും എല്ലാ ദിവസവും നമ്മുടെ പാത നയിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നത് എത്ര അവിശ്വസനീയമായ സത്യമാണ്. യിസ്രായേല്യർ മരുഭൂമിയിലൂടെ നടന്നപ്പോൾ കർത്താവ് അവരോടൊപ്പം നടക്കുകയും എല്ലാ ദിവസവും രാവിലെ അവർക്ക് മന്ന നൽകുകയും ചെയ്തു. ആ മന്നയുടെ ശക്തിയാൽ അവർക്ക് ദിവസം മുഴുവൻ നടക്കാൻ കഴിഞ്ഞു. അതുപോലെ, നമുക്ക് എല്ലാ ദിവസവും അവനോടൊപ്പം നടക്കാൻ കഴിയേണ്ടതിനായി കർത്താവ് നമുക്ക് തന്റെ വചനം നൽകുന്നു. സങ്കീർത്തനം 119:105-ൽ ഇങ്ങനെ പറയുന്നു, "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു." അവന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കുകയും അത് അനുസരിക്കുകയും ചെയ്യുമ്പോൾ, നമുക്ക് അവനോടൊപ്പം നടക്കാൻ സാധിക്കും. നമ്മുടെ വഴികളിൽ അവൻ പ്രസാദിക്കുകയും ചെയ്യും.
സങ്കീർത്തനം 119:133-ൽ ഇങ്ങനെ പറയുന്നു, "എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ." അതെ, കർത്താവ് നമ്മെ ഇടറിവീഴാൻ അനുവദിക്കുന്നില്ല. ഓരോ ദിവസത്തേക്കും അനുയോജ്യമായ വചനം നൽകി അവൻ നമ്മെ സംരക്ഷിക്കുന്നു. യെശയ്യാവ് 48:17-ൽ കർത്താവ് അരുളിച്ചെയ്യുന്നത് ഇതാണ്: "ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ." അവന്റെ വചനത്തിൽ നിന്ന് നമുക്ക് ഏറ്റവും നല്ല സത്യം ലഭിക്കുന്നു. ആളുകൾ നമുക്ക് പലവിധത്തിൽ ഉപദേശം നൽകിയേക്കാം, എന്നാൽ നമ്മുടെ ചുവടുകളെ സ്ഥിരമാക്കുന്നതും നമ്മുടെ വഴിയിൽ പ്രസാദിക്കുന്നതും കർത്താവാണ്.
അവൻ നമുക്ക് തന്റെ വചനം നൽകുക മാത്രമല്ല, തന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ വയ്ക്കുകയും ചെയ്യുന്നു. സങ്കീർത്തനം 37:31-ൽ ഇങ്ങനെ പറയുന്നു, "തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല." അതെ, നീതിമാനായ ഒരു വ്യക്തിയുടെ ഗമനം കർത്താവാൽ സ്ഥിരമാക്കപ്പെടുന്നു, അവരുടെ വഴിയിൽ അവൻ പ്രസാദിക്കുന്നു. അവന്റെ വചനത്തിൽ നാം ആനന്ദിക്കുമ്പോൾ അവൻ നമ്മുടെ വഴിയിലും ആനന്ദിക്കുന്നു.
PRAYER:
പ്രിയ കർത്തവേ, അങ്ങ് എന്റെ കാലടികളെ നയിക്കുന്നതിനും അങ്ങയുടെ വചനത്തിലൂടെ എന്റെ പാതയെ നടത്തുന്നതിനും അങ്ങേയ്ക്ക് നന്ദി. എല്ലാ ദിവസവും അങ്ങയോടൊപ്പം നടക്കാനും അങ്ങയുടെ വഴികൾ പിന്തുടരാനും എന്നെ സഹായിക്കണമേ. ഓരോ സാഹചര്യത്തിനും അനുയോജ്യമായ വാക്കും ജ്ഞാനവും എനിക്ക് നൽകണമേ. പാപത്തിൽ നിന്ന് എന്നെ സംരക്ഷിക്കുകയും ഇടർച്ചയിൽ നിന്ന് എന്നെ കാത്തുസൂക്ഷിക്കുകയും ചെയ്യണമേ. അങ്ങയുടെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകട്ടെ. അങ്ങയുടെ വചനം എന്റെ ഹൃദയത്തിന്റെ ആഴത്തിൽ പതിപ്പിക്കുകയും, നീതിയിൽ എന്റെ ചുവടുകൾ സ്ഥിരപ്പെടുത്തുകയും ചെയ്യണമേ. ഏറ്റവും ഉത്തമമായത് എന്താണെന്ന് എന്നെ പഠിപ്പിക്കുകയും ഞാൻ പോകേണ്ട വഴിയിലേക്ക് എന്നെ നയിക്കുകയും ചെയ്യണമേ. അങ്ങയുടെ വചനത്തിൽ ഞാൻ ആനന്ദിക്കുന്നത് പോലെ, എന്റെ ജീവിതവും അങ്ങയ്ക്ക് പ്രസാദകരമായിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


