എന്റെ സുഹൃത്തേ, കർത്താവ് നമ്മുടെ ജീവിതത്തിലേക്ക് ദിവസങ്ങളും വർഷങ്ങളും കൂട്ടിച്ചേർക്കുന്നത് നമ്മുടെ ദുഃഖം വർദ്ധിപ്പിക്കാനല്ല, മറിച്ച് അവന്റെ നന്മ അനുഭവിക്കാനും മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകാനും വേണ്ടിയാണ്. റോമർ 15:2-ൽ ഇപ്രകാരം പറയുന്നു, "നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വർദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം." ചുറ്റുമുള്ളവരെ ശക്തിപ്പെടുത്തുന്നതിനായി ദൈവം നമ്മെ നമ്മുടെ കുടുംബങ്ങളിലും അയൽപക്കങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലും നിർത്തിയിരിക്കുന്നു. യോഹന്നാൻ 13:34-ൽ യേശു പറഞ്ഞു, "ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം." തന്റെ ശിഷ്യന്മാർക്ക് തെറ്റ് സംഭവിച്ചപ്പോൾ അവൻ അവരെ തിരുത്തുകയും അവരുടെ പോരാട്ടങ്ങളിൽ അവരെ പരിപാലിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും അവരെ വളരാൻ സഹായിക്കുകയും ചെയ്തു. അതുപോലെ, മറ്റുള്ളവരോട് സ്നേഹത്തോടും ക്ഷമയോടും വിവേകത്തോടും കൂടി നാം പെരുമാറണം. "ഞാൻ അവരുടെ സ്ഥാനത്തായിരുന്നെങ്കിൽ, എന്നോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുമായിരുന്നു?" എന്ന് നാം സ്വയം ചോദിച്ചുനോക്കണം. ക്രിസ്തുവിന്റെ സ്നേഹം പ്രതിഫലിപ്പിക്കുമ്പോൾ നമ്മുടെ ജീവിതം അനുഗ്രഹത്തിന്റെ മാർഗ്ഗങ്ങളായി മാറുന്നു.
യഥാർത്ഥ സ്നേഹം കയ്പിനെക്കാൾ ക്ഷമയും നീരസത്തെക്കാൾ അനുരഞ്ജനവും തിരഞ്ഞെടുക്കുന്നു. പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിനായി ഒരു പ്രാർത്ഥനായോഗത്തിൽ പങ്കെടുത്ത ഒരാളെ ഞാൻ ഓർക്കുന്നു. തങ്ങളെ ഉപദ്രവിച്ചവരോട് ക്ഷമിക്കാൻ പ്രസംഗകൻ എല്ലാവരേയും പ്രോത്സാഹിപ്പിച്ചപ്പോൾ, തന്റെ ഭൂമിയും സ്വത്തും കൈവശപ്പെടുത്തിയ തന്റെ മൂത്ത സഹോദരിയുടെ അടുത്തേക്ക് അയാൾ പോയി. കയ്പ്പ് മുറുകെ പിടിക്കുന്നതിനുപകരം, താൻ ദേഷ്യത്തോടെ പറഞ്ഞ വാക്കുകൾക്ക് മാപ്പ് നൽകണമെന്ന് അയാൾ സഹോദരിയോട് ആവശ്യപ്പെട്ടു. അയാളുടെ ഹൃദയം സമാധാനം കൊണ്ട് നിറഞ്ഞു, യോഗത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ അയാൾ കർത്താവിന്റെ മഹത്തായ സാന്നിധ്യം അനുഭവിച്ചു. കൊലൊസ്സ്യർ 3:13-ൽ ഇപ്രകാരം പറയുന്നു, "അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ." ഗലാത്യർ 6:2-ലും ഇങ്ങനെ പറയുന്നു, "തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ." സാമ്പത്തിക ബുദ്ധിമുട്ടുകൾ, അസുഖം, ഏകാന്തത അല്ലെങ്കിൽ മറ്റ് പോരാട്ടങ്ങൾ എന്നിവ നേരിടുന്നവരോട് നമുക്ക് അനുകമ്പയോടെ പ്രതികരിക്കാം, സാധ്യമാകുന്നിടത്തെല്ലാം പ്രായോഗിക സഹായം നൽകുകയും ചെയ്യാം. മറ്റുള്ളവരുടെ ഭാരം വഹിക്കുമ്പോൾ കർത്താവ് നമ്മെ താങ്ങുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
നമ്മുടെ വാക്കുകളും പ്രാർത്ഥനകളും നമുക്ക് ചുറ്റുമുള്ളവരെ പണിയാൻ സഹായിക്കും. 1 തെസ്സലൊനീക്യർ 5:11-ൽ ഇപ്രകാരം പറയുന്നു, " അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ." ദൈവത്തിൽനിന്നുള്ള സമയോചിതമായ ഒരു വചനത്തിന്, ഒരാളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും പ്രത്യാശയെ പുനഃസ്ഥാപിക്കാനും കഴിയും. എന്റെ മക്കൾ കോളേജിൽ പഠിക്കുമ്പോൾ, അവരുമായി പങ്കുവെക്കാൻ ദൈവം പലപ്പോഴും എനിക്ക് തിരുവചനഭാഗങ്ങൾ നൽകിയിരുന്നു. ചിലപ്പോൾ ആ വചനം കേട്ട് അവർ കണ്ണുനിറഞ്ഞ്, “എനിക്ക് ഏറ്റവും ആവശ്യമായിരുന്നത് ഇതുതന്നെയായിരുന്നു” എന്ന് പറയുമായിരുന്നു. നാം കർത്താവിനോടുചേർന്ന് നടക്കുമ്പോൾ, ശരിയായ സമയത്ത് ശരിയായ വാക്കുകൾ സംസാരിക്കാൻ അവൻ നമ്മെ സഹായിക്കും. ദുരിതമനുഭവിക്കുന്ന ആളുകളോട് അനുകമ്പ നിറഞ്ഞ ഒരു ഹൃദയം കർത്താവ് എന്റെ പിതാവായ ഡി.ജി.എസ്. ദിനകരനു നൽകിയിരുന്നു. 1994 ഒക്ടോബർ 2ന് അദ്ദേഹം തന്റെ വാഗ്ദത്തത്തെക്കുറിച്ച് എന്നെ ഓർമ്മിപ്പിച്ചു, "നീ ജനങ്ങൾക്കുവേണ്ടി കരയുമ്പോൾ ഞാൻ വന്ന് നിന്റെ കണ്ണുനീർ കാണും. ജനങ്ങളോടുള്ള അനുകമ്പയാൽ നീ ചൊരിയുന്ന കണ്ണുനീർ കാണുമ്പോൾ, ഞാൻ അവരുടെ കണ്ണുനീർ തുടച്ചുകളയും." മറ്റൊരാളുടെ വേദന തിരിച്ചറിയുക മാത്രമല്ല, സ്നേഹപൂർവമായ പ്രവൃത്തിയിലൂടെയും ആത്മാർത്ഥമായ പ്രാർത്ഥനയിലൂടെയും അതിനോട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന, ഇതേ അനുകമ്പ നമ്മിലും വളർത്തിയെടുക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ദൈവം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ഓരോ വ്യക്തിയും അവന്റെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ്. യേശു വിളിക്കുന്നു ശുശ്രൂഷയിലൂടെ, ഞങ്ങൾ ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിച്ചേരുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും യേശുവിന്റെ കൃപ അനുഭവിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിൽ ചേരുകയും ആവശ്യമുള്ളവർക്കായി പ്രാർത്ഥിക്കാൻ ആഴ്ചയിൽ രണ്ട് മണിക്കൂർ ചെലവഴിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് ഇതിൽ പങ്കാളികളാകാം. ഇതിന് ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നതാണ്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിച്ച് നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ പ്രാർത്ഥിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 6380752266 അല്ലെങ്കിൽ 9789063611 എന്ന നമ്പറിൽ 11 a.m. നും 6 p.m. നും ഇടയിൽ ബന്ധപ്പെടുക. ഡൽഹിയിലെ ദേശീയ പ്രാർത്ഥനാ ഗോപുരത്തിൽ സന്നദ്ധസേവനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 88263 40077 അല്ലെങ്കിൽ 88263 40033 എന്ന നമ്പറിൽ ബന്ധപ്പെടുക, അല്ലെങ്കിൽ [email protected]. എന്ന ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയയ്ക്കുക. നിങ്ങൾ നിങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുമ്പോൾ, അവൻ നിങ്ങളെ അനുകമ്പയാൽ നിറയ്ക്കുകയും നിങ്ങളുടെ വാക്കുകളെ നയിക്കുകയും മറ്റുള്ളവരെ സേവിക്കാൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. നിങ്ങളുടെ ജീവിതം ചുറ്റുമുള്ളവരെ കെട്ടിപ്പടുക്കട്ടെ, നിങ്ങളുടെ കുടുംബം അവന്റെ സാന്നിധ്യത്തിൽ സ്ഥാപിക്കപ്പെടട്ടെ, നിങ്ങളുടെ ഭവനം രാജ്യത്തിന് ഒരു വെളിച്ചമായി ശോഭിക്കട്ടെ.
PRAYER:
സ്വർഗ്ഗീയ പിതാവേ, മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകാൻ എന്നെ വിളിച്ചതിന് അങ്ങേയ്ക്ക് നന്ദി. അങ്ങയുടെ സ്നേഹവും അനുകമ്പയും കൊണ്ട് എന്റെ ഹൃദയം നിറയ്ക്കുകയും യേശു സ്നേഹിക്കുന്നതുപോലെ സ്നേഹിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ. എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും എല്ലാ ബന്ധങ്ങളിലും സമാധാനം തേടാനും എന്നെ സഹായിക്കണമേ. മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്ന ഒരു ഹൃദയവും അവരുടെ ഭാരങ്ങളിൽ പങ്കുവഹിക്കാനുള്ള മനസ്സും എനിക്കു നൽകണമേ. ക്ഷീണിച്ചവരെ ശക്തിപ്പെടുത്താനായി, ജ്ഞാനവും ആശ്വാസവും പ്രോത്സാഹനവും നിറഞ്ഞ വാക്കുകൾ എന്റെ അധരങ്ങളിൽ നൽകണമേ. പരിശുദ്ധാത്മാവേ, ദയയോടും ക്ഷമയോടും വിവേകത്തോടും കൂടി ഓരോ വ്യക്തിയോടും പ്രതികരിക്കാൻ എന്നെ നയിക്കണമേ. യേശുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.

ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിൽ കൈകോർക്കുക
Donate Now


